ഓൺ ലൈൻ വിദ്യാഭ്യാസത്തിൻ്റെ കാണാപ്പുറങ്ങൾ

– ടി.പി.എ. നസീർ-

അടച്ചിട്ട മുറികളിൽ നിയന്ത്രണങ്ങളില്ലാതെ നമ്മുടെ മക്കൾ ഓൺലൈൻ ക്ലാസുകൾ കേട്ടുകൊണ്ടിരിക്കുകയാണ്. പണ്ട്മൊബൈൽ ഫോണുകൾ ഒന്നു തുറന്നു കിട്ടാൻ പലതവണ ‘വഴിയേ’ നടന്ന മക്കൾക്ക് ഇന്ന് വീട്ടിലെ എല്ലാ സ്മാർട്ട് ഫോണുകളുടേയും പാസ് വേർഡുകൾ കാണാപാഠമായിരിക്കുന്നു! ഇൻ്റർനെറ്റിൻ്റെ അനന്ത സാധ്യതകൾ നമ്മുടെ കുട്ടികൾക്ക്
മുന്നിൽ തുറക്കപ്പെടുമ്പോൾ രക്ഷിതാക്കളുടെ ചങ്കിടിപ്പും വർദ്ധിക്കുകയാണ്. കലാലയ സഹവാസം രൂപപ്പെടുത്തുന്ന സാമൂഹ്യ ഉത്തരവാദിത്ത ത്വത്തിൻ്റെയും ആത്മ നിയന്ത്രണത്തിൻ്റെയും സമയനിഷ്ഠയുടേയും അച്ചടക്ക ശാസനകളുടേയും ചരടുകളില്ലാതെ മക്കൾ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം ഇൻ്റർനെറ്റ് തുറന്നിട്ടിരിക്കുന്ന സോഷ്യൽ മീഡിയയുടെ ലോകത്തും നിശബ്ദമെങ്കിലും ഈ കോവിഡ് കാലത്ത് സജീവമാണ്.

ക്ലാസ് മുറികളിലെ ചോക്ക് ബോർഡുകളും ടെക്സ്റ്റ് ബുക്കുകളും ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളുമൊക്കെ ഓൺ ലൈൻ വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് മുന്നിൽ അപ്രത്യക്ഷമാവുമ്പോൾ ചിലരൊക്കെ തങ്ങൾക്ക് ഇതുവരെ പരിചയമില്ലാത്ത സാങ്കേതിക ലോകത്തെ കുറിച്ചും പാഠ്യ രീതിയെ കുറിച്ചും വേവലാതിപ്പെടുന്നവരാണ്. മറ്റു ചിലർ ഓൺ ലൈൻ വിദ്യാഭ്യാസം ഒരു ബദൽ മാർഗ്ഗമാണന്ന് ഉറച്ചു വിശ്വസിക്കുകയും പഠനത്തോടൊപ്പം ഇൻ്റർനെറ്റ് മീഡിയയുടെ സാധ്യതകളെ തങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്തുകയുമാണ്. ഒന്നിലധികം മക്കളുള്ള പല കുടുംബങ്ങളിലും രക്ഷിതാക്കളുടെ അവസ്ഥയാണ് ഏറ്റവും ദുഖകരം! ഒരു സ്മാർട്ട് ഫോണിനു ചുറ്റും രണ്ടും മൂന്നും മക്കൾ പിടിവലി കുടുന്ന കാഴ്ച! ഒരേ സമയം നടക്കുന്ന
ഓൺലൈൻ ക്ലാസുകൾ നഷ്ട്ടമാവുമ്പോൾ നിരാശപ്പെടുകയും പരസ്പരം മൊബൈലിനു വേണ്ടി ഒച്ച വെക്കുകയും അടി കൂടുകയും ചെയ്യുമ്പോൾ നിസ്സഹായരായിപ്പോവുന്ന രക്ഷിതാക്കൾ! പ്രതേകിച്ചും സി.ബി.എസ് ഇ. സിലബസിൽ പഠിക്കുന്ന കുട്ടികളാണ് ഈ ബുദ്ധിമുട്ടനുഭവിക്കുന്നത്. വീട്ടിൽ ഒന്നിലധികം സ്മാർട്ട് ഫോണുകൾ സംഘടിപ്പിക്കാൻ പല രക്ഷിതാക്കളും പ്രയാസപ്പെടുകയാണിന്ന്.

ഇൻ്റർനെറ്റ് അടിസ്ഥാനപ്പെടുത്തിയ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം യഥാർത്ഥ വിദ്യാഭ്യാസ രീതിക്ക് ഒരിക്കലും ബദൽ സംവിധാനമാവില്ലന്നു തന്നെയാണ് വിദ്യാഭ്യാസ നിരീക്ഷകരുടെ
അഭിപ്രായം. ക്ലാസ് മുറികളിലെ അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളും ആശയവിനിമയവും വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദവും എല്ലാം മറന്നുള്ള പൊട്ടിച്ചിരികളും ഇടവേളകളിലെ സ്വകാര്യ സംഭാഷണങ്ങളും ക്വാറിഡോറുകളിലെ കൗമാര വിസ്മയങ്ങളും മനസംഘർഷമില്ലാത്ത പരസ്പര ഇടപെടലുകളും സാമൂഹ്യമായ ഉത്തരവാദിത്തങ്ങളും സംഘടനാ പ്രവർത്തനങ്ങളും വ്യക്തിത്വ വികസനവുമൊക്കെ ഓൺലൈൻ വിദ്യാഭ്യാസം കവർന്നെടുത്ത വിദ്യാർത്ഥികളുടെ ചില അവകാശങ്ങളാണ്. ഓൺലൈൻ പഠനത്തെ കുറിച്ച് ന്യുയോർക്ക് ടൈംസ് ഇയ്യിടെ
കുട്ടികളുടെ പ്രതികരണമാരാഞ്ഞപ്പോൾ ഭൂരിഭാഗം പേരും അവരവരുടെ ക്ലാസു റൂമിലേക്ക് തിരിച്ചു പോവാൻ വെമ്പൽ കൊള്ളുകയാണന്നും മനസ്സ് കലാലയാ ന്തരീക്ഷത്തിൽ നിന്ന് മാറ്റി നിർത്താനാവുന്നില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്! വിദ്യാഭ്യാസം അറിവിൻ്റെ താക്കോൽ കൂട്ടം മാത്രമല്ല തിരിച്ചറിവുകളുടേയും അനുഭവങ്ങളുടേയും ആത്മവിശ്വാസത്തിൻ്റെയും സാമൂഹ്യ ഉത്തരവാദിത്തങ്ങളുടേയും പ്രായോഗിക ജ്ഞാനത്തിൻ്റേയും കൂടി ആകെ തുകയാണ്.

പല രക്ഷിതാക്കളും ജോലിക്ക് പോവുമ്പോൾ ഭയപ്പാടോടെയാണ് മക്കളെ സ്മാർട്ട് ഫോണുകൾ ഏൽപ്പിച്ചു പ്പോവുന്നത്! പ്രത്യേകിച്ചും കൗമാരക്കാരായ കുട്ടികളെ.മനസ്സ് പറയുന്ന വഴിയെ സഞ്ചരിക്കുകയും ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കാൻ എല്ലാറ്റിനേയും തള്ളിപ്പറയുകയും ചെയ്യുന്ന കാലമാണ് കൗമാരമെന്നത്! പഠനങ്ങൾക്കൊപ്പം തന്നെ ഇൻ്റർനെറ്റിലെ അനേകം ലിങ്കുകളിലുടെ അപഥ സഞ്ചാരത്തിലേക്ക് എറിയപ്പെടുകയും ആസ്വാദനത്തിൻ്റെ മേച്ചിൽപുറങ്ങൾ തേടിപ്പോവുകയും ചെയ്യുക സ്വാഭാവികം മാത്രം! കൗമാരക്കാരായ മക്കളെ സോഷ്യൽ മീഡിയയുടെ തിക്ത ഫലങ്ങളെ കുറിച്ച് കൃത്യമായ രീതിയിൽ ഉപദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ മറവിൽ നൽകപ്പെട്ട ഡിജിറ്റൽ സ്വാതന്ത്ര്യം മക്കൾ ദുരുപയോഗം ചെയ്യുമെന്നുറപ്പാണ്! നിരന്തരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾ ഒബ്സസ്സീവ് ഡിസോർഡറിന് അടിമപ്പെടുകയും സോഷ്യൽ ഇൻ്ററാക്ഷൻ നഷ്ട്ടപ്പെട്ട് തന്നിലേക്ക് തന്നെ ചുരുങ്ങുകയും വിഷാദ രോഗത്തിന് അടിമപ്പെടുകയും ചെയ്യുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. അകാരണമായ ഭയവും മീഡിയ ഡിപ്രഷനും ഹാക്കിംഗ് ടെൻഡൻസിയുമൊക്കെ ചില ഘട്ടങ്ങളിൽ കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുകയും ഐ.ടി.ആക്ട് പ്രകാരമുള്ള ഗുരുതരമായ ക്രിമിനൽ നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

ഓൺലൈൻ വിദ്യാഭ്യാസത്തിനു വേണ്ടി അമിതമായി ഇൻറർനെറ്റിനെ ആശ്രയിക്കുന്നത്പ ല കുട്ടികളുടേയും കാഴ്ചയെ സാരമായി ബാധിക്കും.സ്മാർട്ട് ഫോണുകൾ അടുപ്പിച്ച് പിടിക്കുന്നതും തുടർച്ചയായി വീക്ഷിക്കുന്നതുമൊക്കെ കണ്ണിൻ്റെ
ആരോഗ്യത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിരവധി ലിങ്കുകളാണ് വിദ്യാർത്ഥികൾക്കായി ഇന്ന് ഇൻറർനെറ്റിൽ തുറക്കപ്പെടുന്നത്. എന്നാൽ ബോധപൂർവ്വമോ അല്ലാതെയോ ചില ലിങ്കുകൾ വിദ്യാർത്ഥികൾ ഫോളോ ചെയ്യുമ്പോൾ ചെന്നെത്തുന്നത് അശ്ലീലതയുടേയും ആരോഗ്യകരമല്ലാത്ത കാഴ്ചകളുടേയും ലോകത്തേക്കാണ്. സാമൂഹ്യ ബന്ധങ്ങളില്ലാതെ നിരന്തരമായുള്ള ഓൺലൈൻ ഉപയോഗവും സോഷ്യൽ മീഡിയയിലെ സഹവാസവും നമ്മുടെ
മക്കളെ യാന്ത്രികതയിലേക്കാണ് തള്ളിവിടുന്നത്. ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് പുറത്തെ കാഴ്ചകളും അനുഭവങ്ങളുമൊക്കെ നഷ്ട്ടമാവുകയും തൻ്റെ ലോകം ഇൻ്റർനെറ്റിൻ്റെയും സോഷ്യൽ മീഡിയയുടേയും ലോകത്ത് മാത്രം ചുരുങ്ങുകയും ചെയ്യുന്നത് നമ്മൾ കാണാതെ പോവരുത്. ഇൻറർനെറ്റ് ഉപയോഗിക്കുന്നവരിൽ 0.3 ശതമാനം മുതൽ 38% വരെ സോഷ്യൽ മീഡിയയുടെ അഡിക്ഷൻ ഉള്ളവരാണന്നാണ് കണക്ക്. ഇത്തരത്തിലുള്ള ആസക്തി തലക്ക്പി ടിച്ച കുട്ടികൾ ചുറ്റുമുള്ള സൗഹൃദങ്ങളെക്കാൾ മറഞ്ഞിരുന്ന് ബന്ധങ്ങൾ സ്ഥാപിക്കുന്ന ചാറ്റിംഗ് കുരുക്കിൽ അകപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. പല ഒളിച്ചോട്ടങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കും സോഷ്യൽ മീഡിയ വഴിയുള്ള അപരിചിത സൗഹൃദങ്ങൾ കാരണമാവുന്ന നിരവധി അനുഭവങ്ങളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്! വഴി മാറിപ്പോവുന്ന ഇത്തരം കുട്ടികൾക്ക് ഫാമിലി കൗൺസിലിംഗും സൈക്കോ തെറാപ്പി ട്രീറ്റുമെൻറും നൽകി നേർവഴിയിലേക്ക് അവരെ തിരിച്ചു കൊണ്ടുവരാൻ കഴിയും.

ഓൺലൈൻ വിദ്യാസത്തിൽ പലപ്പോഴും വിദ്യാർത്ഥികളുടെ യഥാർത്ഥ ഫീഡ്ബാക്ക് ലഭിക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം. വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദവും സഹവാസവും സമപ്രായക്കാർക്കിടയിലെ ആത്മബന്ധങ്ങളും നഷ്ടമാവുകയും സാമൂഹ്യ ഒറ്റപ്പെടലുകളിലേക്കും യഥാർത്ഥ സംഭാഷണങ്ങളിൽ നിന്നകന്ന് ആത്മഭാഷണത്തിലേക്കും ചുരുങ്ങുകയുമാണ് കുട്ടികളിന്ന്. വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവ് നഷ്ടമാവുകയും ആത്മപ്രചോദനത്തെ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു ഈ ഓൺലൈൻ കാലഘട്ടം!വിദ്യാഭ്യാസമെന്നത് തിരിച്ചറിവുകളാണ്. പലപ്പോഴും മുഖാമുഖം ആശയ വിനിമയം സാധ്യമാവതിരിക്കുകയും സമൂഹത്തിൻ്റെ ചലനങ്ങൾ ഉൾക്കൊള്ളാതിരിക്കുകയോ, തിരിച്ചറിയാതിരിക്കുകയോ ചെയ്യുന്നത് വിദ്യാർത്ഥികളിലെ സാമൂഹ്യ പ്രതിബദ്ധതയേയും വിദ്യാഭ്യാസത്തിൻ്റെ സമഗ്രതയേയുമാണ് ചോദ്യം ചെയ്യുന്നത്. സാമൂഹ്യമായ ഒത്തുച്ചേരലുകളും പുറം ലോകത്തെ കാഴ്ചകളും നഷ്ടമാവുന്നത് വിദ്യാർത്ഥികളിൽ സമ്മർദ്ദങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ യഥാർത്ഥ ശ്രദ്ധക്കുറവും പെരുമാറ്റ പ്രശ്നങ്ങളും ഹൈപ്പർ ആക്ടിവിറ്റിയുമാക്കെ വിദ്യാർത്ഥികളിൽ രൂപപ്പെടുമെന്ന് മന:ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നു . കൂടാതെ തിയറി മാത്രം പഠിക്കുകയും പ്രാക്ടിക്കലും ലാബ് സൗകര്യങ്ങളും പരീക്ഷണ നിരീക്ഷണങ്ങളും അന്യമാവുകയും ചെയ്യുന്നത്വി ദ്യാഭ്യാസത്തിൻ്റെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഓൺലൈൻ വിദ്യാഭ്യാസം ചില മേഖലകളിലേക്ക്
ചുരുങ്ങുന്നതും ഇൻ്റനെറ്റിൻ്റെ ലഭ്യതയും കോസ്റ്റും രക്ഷിതാക്കളുടെ സാങ്കേതിതപരിജ്ഞാനക്കുറവും വിദ്യാഭ്യാസ പ്രക്രിയയുടെ സാർവ്വത്രികതയെയാണ് ഇല്ലാതാക്കുന്നത്.

ഓൺെലൈൻ വിദ്യാഭ്യാസത്തിലൂടെ അറിവിൻ്റെ സാമൂഹ്യ വൽക്കരണം നഷ്ട്ടമാവുന്ന ലോകത്തേക്കാണ് വിദ്യാർത്ഥികൾ പോയി കൊണ്ടിരിക്കുന്നത്. അറിവ് വിനിമയം നൽകുന്ന മാനദണ്ഡങ്ങൾ വിദ്യാർത്ഥികളുടെ സാമൂഹ്യ ഉത്തരവാദി ത്തത്തെയും വ്യക്തി വികാസത്തേയും സ്വാധീനിക്കേണ്ടതുണ്ട്. എന്നാൽ സൗഹൃദങ്ങളും യഥാർത്ഥ ആശയ വിനിമയങ്ങളും
നഷ്ട്ടമാവുകയും പ്രായോഗിക അറിവുകൾ ദുർബലപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ഓൺലൈൻ വിദ്യാഭ്യാസം ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി സമൂഹം ആർജ്ജിച്ചെടുക്കേണ്ട സമയനിഷ്ഠയും മൂല്ല്യബോധവും പരസ്പരാശയ വിനിമയവും ഓൺലൈൻ വിദ്യാഭ്യസത്തിലൂടെ അന്യമാവുമെന്നത് വിസ്മരിക്കരുത്. നമ്മൾ ഓൺ ലൈൻ വിദ്യാഭ്യാസത്തിനായി തുറന്നുകൊടുത്ത പരിമിതികളില്ലാത്ത ഇൻ്റർനെറ്റ് ലോകം സൃഷ്ടിക്കുന്ന ചതിക്കുഴികളിലേക്ക് നമ്മുടെ കുട്ടികൾ വഴുതിപ്പോവുമെന്ന ഭയവും അവരുടെ ഭാവിയും പല രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു.

Next Post

സൗദി: ഇന്ന് 15 മരണങ്ങൾ; ആകെ മരിച്ചവർ 7,377 ആയി

Tue Jun 1 , 2021
ജിദ്ദ: സൗദിയില്‍ ഇന്ന് 15 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 7,377 ആയി. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 1,251 ഉം രോഗമുക്തരായവരുടെ എണ്ണം 1,026 ഉം ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,51,687 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,34,439 ഉം ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ 9,871 പേര്‍ ചികിത്സയിലുണ്ട്. […]

You May Like

Breaking News

error: Content is protected !!