SPB എന്ന അനശ്വര ഗായകന്, ഗായകൻ അഫ്സൽ ഒരുക്കുന്ന  ഗാനോപഹാരം..

-ഫൈസൽ നാലകത്ത് ലണ്ടൻ-

ശങ്കരനാദമായി മനസിലെന്നും മുഴങ്ങുന്ന SPB..
കേട്ടു കേട്ടു തീർന്നുപോയാലും, കുറേനാൾ ഓർത്തിരിക്കാൻ ഒരുവരിയെങ്കിലും ബാക്കിവെച്ചു പോയ, പാട്ടു പോലൊരു മനുഷ്യൻ..
പൊഴിഞ്ഞു വീണൊരാ ഇളയനിലാവിൽ നമ്മളോരോരുത്തരുടേയും ഹൃദയം വരെ നനയിച്ച ഭാവഗായകൻ.. തണൽതേടുന്ന വാർദ്ധക്യത്തെയും മധുരം നുണയാനെത്തുന്ന ബാല്യത്തെയും നിരാശരാക്കി, കായ്ഫലം കൂടുംതോറും എളിമയാൽ കുമ്പിടാൻ പഠിപ്പിച്ചൊരാ തേൻമാവ് നമ്മെ വിട്ടു പിരിഞ്ഞു.. സംഗീതമേഘം തേൻ ചിന്തുന്നൊരു ശബ്ദവുമായി ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ജൂൺ നാലാം തീയതി 1946 ൽ SPB ജനിച്ചു. എങ്കേയും എപ്പോതും സംഗീതം സന്തോഷം എന്നു നമ്മെ പാടിയുണർത്തിയ SPB സാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇത് ആദ്യത്തെ ജന്മദിനമാണ്. പാട്ടിന്റെ പാലാഴിയായ അദ്ദേഹത്തിന് ആത്മസമർപ്പണമായി നൽകാൻ കഴിയുന്നതും ഒരു പാട്ടുമാത്രമാണന്നിരിക്കേ അത്രത്തോളം ആരാധനയോടും സ്നേഹത്തോടും കൂടിയാണ് മലയാള പിന്നണി ഗായകൻ അഫ്സൽ SPB പാടിയ “നലം വാഴ” എന്ന ഗാനം ഇവിടെ സമർപ്പിക്കുന്നത്. പാട്ടിന്റെ ലോകത്തിലേയ്ക്കു ചുവടുവച്ച കാലം മുതൽ അഫ്സലിനെ കാത്തിരുന്നത് SPB യുടെ പാട്ടുകളാണ്. പങ്കെടുത്ത ഗാനമേളകളിലെല്ലാം ശ്രോതാക്കൾ ആവശ്യപ്പെട്ടതും SPB യുടെ പാട്ടുകൾ തന്നെ. അത്രത്തോളം അർപ്പണമനസോടെ പാടിയതിനാലാവണം ജൂനിയർ SPB എന്ന ഓമനപ്പേരും ജനങ്ങൾ അഫ്സലിനു നൽകിയത്. അഫ്സൽ പാടിയ ഈ പാട്ടിലൂടെ അനന്തരാമൻ അനിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും സാക്ഷാൽ SPB സാറിന് വേണ്ടിയുള്ള സമർപ്പണമാണ്. ദൃശ്യാവിഷ്കാരം യൂസഫ് ലെൻസ്മാൻ..ക്യാമറ അൻസൂർ കെട്ടുങ്ങൽ. താരാപഥങ്ങളിൽ ചേതോഹരമായി വിളങ്ങിയ SPB സാറിന്റെ ഉറ്റതോഴനും സംഗീതസംവിധാന രംഗത്തെ ഇതിഹാസവുമായ ഇളയരാജയുടെ കമ്പോസിങ്ങിൽ “മറുപടി ” എന്ന ചിത്രത്തിനുവേണ്ടി ശ്രീ വാലിസാർ രചിച്ച SPB പാടിയ ” നലം വാഴ ” എന്ന ഗാനം അതേ നൈർമല്യത്തോടു കൂടിതന്നെയാണ് ഇവിടെ അവതരിപ്പിക്കപെട്ടിട്ടുള്ളത്. ” ഈ ജന്മത്തിൽ SPB സാറിന് എനിക്കു കഴിയുന്നതിൽ വച്ചു ഞാൻ കൊടുക്കുന്ന ആദരവ് ” എന്നാണ് അഫ്സൽ തന്റെ പാട്ടിനെക്കുറിച്ച് പറഞ്ഞത് . സോഷ്യൽ മീഡിയകളിൽ റിലീസ് ചെയ്ത അഫ്സലിന്റെ ഈ കവർ സോങ്ങിന് നേരിട്ട് അഭിനന്ദങ്ങൾ അറിയിച്ച S.P ചരൺ, K.S ചിത്ര, സുജാത, ശ്വേതാ മോഹൻ, ജെൻസി തുടങ്ങി സംഗീത രംഗത്തെ പ്രശസ്തർ അവരുടെ അഭിനന്ദപ്രവാഹം അഫ്സലിന്  അർപ്പിച്ചുകൊണ്ടിരിക്കുന്നതും  SPB യോടുള്ള അവരുടെ അടങ്ങാത്ത ആദരവു തന്നെ.. 2001 ൽ പത്മഭൂഷണും 2011 ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച SPB സാർ ഇന്ത്യയിലെ എല്ലാഭാഷകളിലുമായി 40,000 ൽ പരം പാട്ടുകൾ പാടിയും, നിരവധി സിനിമകളിൽ പാടി അഭിനയിച്ചും ലോകഗിന്നസ്  റെക്കോഡിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്. മഹാമാരി കവർന്നെടുത്ത മഹാവിപത്തായി 2020 സെപ്തംബർ 25-ാം തീയതി ചെന്നൈയിൽവെച്ച്  SPB നമ്മോടു വിടപറഞ്ഞു. 2021 ജൂൺ 4ാം തീയതി SPB സാറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ മകൻ SPB ചരൺ നടത്തുന്ന ഇവൻറിൽ അദ്ദേഹത്തിനുവേണ്ടി സമർപ്പിക്കുന്ന അഫ്സൽ പാടിയ ഈ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നത്  SPB സാറിന്റെ ആത്മാവിന്റെ അനുഗ്രഹമായിമാത്രമേ കാണാനാകൂ.. SP ബാലസുബ്രമണ്യം എന്ന മഹാരഥന്,സംഗീത ലോകത്തിലെ അമരനായ SPB എന്ന മഹാപ്രതിഭയ്ക്ക്, നഷ്ടബോധത്തിന്റെ, അത്മസമർപ്പണത്തിന്റെ പ്രണാമം….

Next Post

യുഎഇ: മൂന്ന് കോടി ദിര്‍ഹം വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

Thu Jun 3 , 2021
യുഎഇയിലെ അജ്മാനില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാപാരമുദ പതിപ്പിച്ച വ്യാജ ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മൂന്നു കോടി ദിര്‍ഹം വിലമതിക്കുന്ന 120,000 വ്യാജ വസ്തുക്കളാണ് അജ്മാന്‍ പൊലീസ് പിടിച്ചെടുത്തത്. അജ്മാന്‍ കേന്ദ്രീകരിച്ച്‌ ഇത്തരത്തില്‍ വ്യാജവസ്തുക്കളുടെ വില്‍പ്പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്. തുകല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ആക്‌സസറികള്‍, വാച്ചുകള്‍, സണ്‍ഗ്ലാസുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

You May Like

Breaking News

error: Content is protected !!