യൂറോപ്പ് ഉദ്വേഗത്തിന്റെ മുൾമുനയിൽ; കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ മാത്രം !

ഹെൻറി ഡിലോണിയെന്ന ഫ്രഞ്ചുകാരന്റെ ഭാവനയിൽ വിരിഞ്ഞ യൂറോപ്യൻ രാജ്യങ്ങൾക്ക് വേണ്ടി മാത്രമായൊരു ഫുട്ബോൾ ടൂർണമെന്റ് ഇത്രമേൽ വിജയമാകുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല…. 1960 ലെ ആദ്യ യൂറോ കപ്പ് മുതൽ 2021 ൽ ചരിത്രമുറങ്ങുന്ന ഫുട്ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം വരെ നീണ്ടു നിൽക്കുന്നു ആ പ്രയാണം.. എത്രയോ മഹാരഥന്മാർ അരങ്ങുവാഴ്ന്ന യൂറോപ്യൻ ഫുട്ബോളിന്റെ രണാങ്കണത്തിൽ ഇനി അവശേഷിക്കുന്നത് രണ്ടെ രണ്ടു പോരാളികൾ മാത്രം…ഇത്തവണ കൊട്ടിക്കലാശത്തിൽ ഏറ്റുമുട്ടുന്നത് ഫുട്ബാളിൻ്റെ തറവാട്ടുകാർ എന്ന് അവകാശപ്പെടുന്ന ഇംഗ്ലണ്ടും , റോമൻ സാമ്രാജ്യത്തിൻ്റെ ഒരിക്കലും തളരാത്ത പോരാളികളായ ഇറ്റലിയുമാണ്… ഇതിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പറത്താൻ കഴിയുന്ന അന്തിമ വിജയിക്കു വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമിടാൻ ഇനി അധിക നേരമില്ല… വെംബ്ലിയിലെ പുൽമൈതാനങ്ങൾ ആ അസുലഭ നിമിഷത്തിന് വേണ്ടി അക്ഷമരായി നിലകൊള്ളുന്നു….

പേരിനും പെരുമെക്കുമോത്ത കളി കാഴ്ചവെക്കാൻ അറിയാത്തവരെന്ന് പലപ്പോഴായി വിമർശനം നേരിടേണ്ടി വന്ന ടീമാണ് ഇംഗ്ലണ്ട്…. ഇത്തവണ വിമർശനങ്ങളെല്ലാം വജ്രായുധങളാക്കി തേച്ച് മിനുക്കി തന്നെയാണ് ഇംഗ്ലണ്ട് യൂറോക്ക് കളത്തിലിറങ്ങിയത്… അവരുടെ പ്രകടനന്തിൽ വലിയ ഒരു മാറ്റം നമുക്ക് കാണാനും സാധിച്ചു… കഴിഞ്ഞ ലോകകപ്പിന്റെ സെമിയിൽ എത്തിയ ടീം ഇത്തവണ ഒരുപടി കൂടെ മുന്നിൽ തന്നെയാണ്… 1966 ൽ ഇതേ വേംബ്ലെയിൽ വെച്ച് 55 വർഷങ്ങൾക്കപ്പുറം ലോക ഫുട്ബോളിലെ തങ്ങളുടെ ചരിത്രത്തിലെ ഏക കിരീടമുയർത്തിയ സ്വന്തം നാട്ടുകാർക്ക് മുന്നിൽ യൂറോപ്യൻ ഫുട്ബാളിൻ്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാൻ കച്ച മുറുക്കി തന്നെയാണ് ജെഫ് ഹേർസ്റ്റിൻ്റെ പിന്മുറക്കാർ തുനിഞ്ഞിറങ്ങുന്നത്…..
ഡേവിഡ് ബെക്കാം, ഗാരി ലിനേക്കർ, വെയ്ൻ റൂണി, മൈക്കിൾ ഓവൻ, അലൻ ഷിയറർ, പീറ്റർ ഷിൽട്ടൺ തുടങ്ങിയ എത്രയോ പ്രതിഭകൾ തല കുനിച്ച് മടങ്ങിയിടത്താണ് യുവ രക്തം തുളുമ്പുന്ന നിരയുമായി ഹാരി കെയ്നും സംഘവും സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങുന്നത്..
തങ്ങളുടെ പിന്മുറക്കാർക്ക് കഴിയാത്ത ആ സുവർണ്ണ നേട്ടം എത്തിപ്പിടിക്കാൻ ഇതിലും മികച്ച ഒരു അവസരം ഇനി ഇംഗ്ലണ്ടിന് ലഭിച്ചുവെന്ന് വരില്ല…

സ്വന്തം നാട്ടിൽ, സ്വന്തം കാണികൾക്ക് മുന്നിൽ യൂറോപ്യൻ കിരീടം ചൂടാൻ ആതിഥേയരായ ഇംഗ്ലണ്ടിന് തന്നെയാണ് സാധ്യത കൂടുതൽ… മികച്ച പ്രധിരോരമാണ് ഇംഗ്ലണ്ടിനുളളത്, അത് തന്നെയാണ് അവരുടെ ശക്തിയും… ടൂർണമെൻ്റിൽ ഇത് വരെ ഒരു ഗോൾ മാത്രമാണ് അവർ വഴങ്ങിയിട്ടുളളത്.. കഴിഞ്ഞ 11 മത്സരങ്ങളിൽ അവർ വഴങ്ങുന്ന രണ്ടാമത്തെ ഗോൾ മാത്രം …. ഈ യൂറോയിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ താൻ തന്നെയാണ് എന്ന് വിളിച്ച് പറയുന്ന തരത്തിലുള്ള അസാമാന്യ പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച വിശ്വസ്തനായ കാവൽക്കാരൻ . ജോർദാൻ പിക്ഫോഡ് വലക്കു മുന്നിൽ സുരക്ഷിത കരങ്ങളാൽ നിലയുറപ്പിക്കുന്നു.. ഹാരി മഗ്വേർ , ജോൺ സ്റ്റോൺസ് എന്നിവർ പ്രതിരോധത്തിൻ്റെ ഹൃദയം കാക്കുമ്പോൾ ഇരു വശങ്ങളിലും കൂടുതൽ സുരക്ഷ ഒരുക്കാൻ ലൂക്ക് ഷോയും , കൈൽ വാക്കറും ഉള്ളപ്പോൾ എതിരാളികൾക്ക് ഗോൾ കണ്ടെത്താൻ ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരും…. മധ്യനിരയിൽ കളം വാഴാനും ക്രിയാത്മകമായ മുന്നിരുക്കങൾ നടത്താനും പുത്തൻ താരോദയങളായ ഡെക്ലൻ റൈസും കെൽവിൻ ഫിലിപ്സും ഉണ്ട്…എതിരാളികളെ ചടുലമായ നീക്കങ്ങൾ കൊണ്ടും , അസ്ത്ര വേഗം കൊണ്ടും വട്ടം കറക്കാൻ ടൂർണമെൻ്റിലെ ഏറ്റവും മികച്ച കളിക്കാരനായ റഹീം സ്റ്റെർലിങും , കൂട്ടിന് കുറുക്കനെ പോലെ തക്കം പാർത്ത് നിന്ന് ഗോൾ വല ചുംബിക്കാൻ വെമ്പൽ കൊള്ളുന്ന ഇംഗ്ലീഷ് കപ്പിത്താൻ സാക്ഷാൽ ഹാരി കെയ്‌നും ഉള്ളപോൾ ഇറ്റാലിയൻ പ്രധിരോധം എത് നിമിഷവും ആടി ഉലഞ്ഞെന്നു വരാം… കെയ്ൻ ഇതിനോടകം തന്നെ 4 ഗോളുകൾ നേടി കഴിഞ്ഞു, സ്റ്റെർലിങ് മൂന്നും….

ഇംഗ്ലണ്ട് തങ്ങളുടെ കന്നി യൂറോപ്യൻ കിരീടം ലക്ഷ്യമിടുമ്പോൾ ഇറ്റലിയാകട്ട 1968 ന് ശേഷമുള്ള തങ്ങളുടെ ആദ്യ കിരീടമാണ് ഉറ്റുനോക്കുന്നത്… ഇറ്റലിയുടെ നാലാം യൂറോപ്യൻ ഫൈനലാണിത്…..2000 ഫൈനലിൽ അന്നത്തെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന്റെ മുന്നിൽ തികച്ചും നാടകീയമായി തോൽവി ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട ഇറ്റലി 2012 ൽ സ്പെയിനിൻ്റെ മുന്നിലും അടിയറവ് പറഞ്ഞു… ആ ഇറ്റലിക്ക് ജയത്തിൽ കുറഞ്ഞ മറ്റൊരു ചിന്തയില്ല,..
ടൂർണമെ്റിലെ ഉദ്ഘാടന മത്സരത്തിൽ റോമിലെ സ്വന്തം കാണികൾക്ക് മുന്നിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു കൊണ്ടായിരുന്നു ഇറ്റലിയുടെ തുടക്കം….ഇത് വരെ 11 ഗോൾ നേടിയപ്പോൾ തിർകെ വാങ്ങിയത് രണ്ടെണ്ണം മാത്രം… ലോകത്തെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയുളള ബെൽജിയം വരെ ഇറ്റാലിയൻ ആക്രമണങ്ങളുടെ ചൂടറിഞ്ഞിട്ടുണ്ട്….
ജിജി ഡോണറുമ ഗോൾ വല കാക്കുമ്പോൾ, പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ജോർജിയോ കില്ലേനി, ലീയനാർഡോ ബൊനൂച്ചി എന്നിവരുണ്ട്… എമേഴ്സണും ഡി ലോറൻസോയും കൂടി ചേരുന്നതാണ് പ്രതിരോധം…
തകർപ്പൻ ഫോമിൽ കളിക്കുന്ന ചെൽസിയുടെ കൂടെ ചാമ്പ്യൻസ് ലീഗ് നേടിയ ജോർജിഞോ തന്നെ മധ്യനിരയിലെ പ്രധാനി, വെറാറ്റിയും , ബരേലയും കൂട്ടിനുണ്ട്…
ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ ഇമ്മോബിലെ, ഇൻസിഗ്നെ, കിയേസ ത്രയവും കൂടെ ചേരുമ്പോൾ ഇംഗ്ലീഷ് പ്രതിരോധം ജാഗരൂകരാകണം… അസാമാന്യ വേഗമാണ് മൂവരുടെയും കരുത്ത്, എത് ആംഗിളിൽ നിന്നും ഷോട്ട് ഉത്തിർക്കാനുള്ള വൈഭവവും….

ലോക കപ്പിനെക്കാൾ കടുപ്പമേറിയ മത്സരങ്ങളാണ് യൂറോയിൽ ഉള്ളത്. ഇത് ശെരി വെക്കുന്ന പ്രകടനമായിരുന്നു ഇത്തവണയും ഈ യൂറോയിൽ കണ്ടത്…. ഇംഗ്ലണ്ടും ഇറ്റലിയും നേർക്കുനേർ ഈ ഞായറാഴ്ച മുഖാമുഖം വരുമ്പോൾ തികച്ചും തീ പാറുന്ന എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഫൈനലിന് വേണ്ടിയാണ് ഫുട്ബോൾ ആരാധകർ കണ്ണിമ വെട്ടാതെ നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നത് …. യൂറോപ്പ്യൻ ഫുട്ബോളിൻ്റെ വീറും വാശിയും നാടകീയതയും ആകാംക്ഷയും നിറഞ്ഞ ഫൈനൽ പോരാട്ടത്തിനാകും വെംബ്ലി സാക്ഷ്യം വഹിക്കുക എന്ന് നമുക്ക് പ്രത്യാശിക്കാം…. ഇറ്റലിയെ മലർത്തിയടിച്ച് ഹാരി കെയ്നിന്റെ ഇംഗ്ലണ്ട് കന്നി കിരീടം ചൂടുമോ, ഏവരും ഉറ്റുനോക്കുന്നത് ഈ ഒരു ചോദ്യത്തിനുള്ള മറുപടി തേടിയാണ്, അതോ കില്ലേനിയും കൂട്ടരും കപ്പുകായി വെംബ്ലിയിൽ നിന്നും വിമാനം കയറുമോ…. ഇതിനുള്ള ഉത്തരം ലഭിക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രം.,..

Next Post

ഒമാൻ: മസ്‌കറ്റിലെ അല്‍ ഖുവെയര്‍-അല്‍ ഗുബ്ര റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

Sat Jul 10 , 2021
ഒമാൻ: ഭൂഗര്‍ഭജല ഭാഗമായി സുല്‍ത്താന്‍ ഖബൂസ് സ്ട്രീറ്റില്‍ മസ്‌കറ്റ് നഗര സഭ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റിലെ അല്‍ ഖുവെയര്‍ ഫ്‌ലൈ ഓവേറിന് ശേഷം അല്‍ ഗുബ്ര പ്രദേശത്തേക്ക് പോകുന്ന പാതയിലേക്ക് താല്‍ക്കാലികമായി ഗതാഗതം വഴി തിരിച്ചു വിടുന്നതായിട്ടാണ് മസ്‌കറ്റ് നഗരസഭയുടെ അറിയിപ്പില്‍ പറയുന്നത്. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് .

You May Like

Breaking News

error: Content is protected !!