യു.കെ: ഭക്ഷണ സാധനങ്ങള്‍ മുതല്‍ ടോയ്ലറ്റ് റോളുകള്‍ വരെ വാങ്ങിക്കൂട്ടി നാട്ടുകാര്‍ – ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിലയ്ക്കാത്ത ജനപ്രവാഹം

ലണ്ടന്‍: കോവിഡിന്റെ ആദ്യനാളുകളില്‍ ബ്രിട്ടന്‍ ദര്‍ശിച്ച്‌ തിക്കുംതിരക്കും വീണ്ടും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദൃശ്യമാകുവാന്‍ തുടങ്ങി ഭക്ഷണസാധനങ്ങള്‍ മുതല്‍ ടോയ്ലറ്റ് റോളുകള്‍ വരെ വാങ്ങിക്കൂട്ടാനുള്ള തത്രപ്പാടിലാണ് ജനം. ജീവിതചെലവ് വര്‍ദ്ധിക്കുകയും ഇന്ധനക്ഷാമ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുതിര്‍ന്നവരില്‍ ആറില്‍ ഒരാള്‍ക്ക് വീതം അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമല്ലാതാകുന്നു എന്നാണ് ഏറ്റവും പുതിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞത്.

മാഞ്ചസ്റ്ററിലെ കോസ്റ്റ്കോ സ്റ്റോര്‍ തുറന്ന ഉടന്‍ തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠനം വെളിവാക്കുന്നത് 17 ശതമാനം പേര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ ലഭ്യമായില്ല എന്നാണ്. അത്യാവശ്യവസ്തുക്കളല്ലാത്തവയുടെ കാര്യത്തിലും ക്ഷാമം അനുഭവപ്പെടുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ടു ഭാഗവും ക്രിസ്ത്മസ്സ് നാളുകളില്‍ അത്യാവശ്യ വസ്തുക്കളുടേ ലഭ്യതയെ ഓര്‍ത്ത് ആശങ്കപ്പെടുന്നു എന്ന് റീടെയില്‍ മാഗസിന്‍ ദി ഗ്രോസര്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

പല ചില്ലറവില്പന ശാലകളും ക്രിസ്ത്മസ്സ് സ്പെഷ്യല്‍ സാധനങ്ങളെല്ലാം നേരത്തേ വാങ്ങി ശേഖരിക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുകയാണ്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി ഡീപ് ഫ്രീസറില്‍ സൂക്ഷിക്കുവാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ടെസ്‌കോ, സെയിന്‍സ്ബറി, അസ്ഡ, മോറിസ്ണ്‍സ് എന്നീ നാലു പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളേയും ഭക്ഷ്യക്ഷാമം പ്രതികൂലമായി ബാധിച്ചു. ഈവര്‍ഷം ഇതുവരെ 2 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണ് വില്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആവശ്യ സാധനങ്ങള്‍ ലഭ്യമല്ലാത്തതാണ് വില്പന കുറയുവാന്‍ കാരണമായിരിക്കുന്നത്.

അതേസമയം ടുമാറ്റോ സോസിനും ബേക്ക്ഡ് ബീന്‍സിനും പ്രസിദ്ധമായ ക്രാഫ്റ്റ് ഹീന്‍സ്, പല രാജ്യങ്ങളിലും തങ്ങളുടേ ഉദ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചതായി അറിയിച്ചു. പലയിടങ്ങളിലും നാണയപെരുപ്പം അതിരുവിട്ട് വര്‍ദ്ധിച്ചതാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടനിലും ഉദ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചേക്കും.

ഒന്നിലധികം പ്രതിസന്ധികളാണ് കോവിഡാനന്തര കാലത്ത് ബ്രിട്ടന്‍ അഭിമുഖീകരിക്കുന്നത്. ഹെവി ഗുഡ്സ് ഡ്രൈവര്‍മാരുടെ ക്ഷാമം, താറുമാറായ വിതരണ ശൃംഖല, നാണയപ്പെരുപ്പം, ഇന്ധന വിലവര്‍ദ്ധനവും ക്ഷാമവും തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയില്‍ സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന നികുതിവര്‍ദ്ധനവും സാധാരണക്കാരുടേ ജീവിതം ദുരിതപൂര്‍ണ്ണമാക്കും എന്നതില്‍ സംശയമൊന്നുമില്ല.

സ്വകാര്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് ബോറിസ് ജോണ്‍സണ്‍ കൈക്കഴുകിക്കഴിഞ്ഞു. ഫാസ്റ്റ്ട്രാക്ക് സിസ്റ്റം വിപുലീകരിച്ച്‌ 5000 പേര്‍ക്ക് കൂടി എച്ച്‌ ജി വി ഡ്രൈവര്‍മാരാകാനുള്ള പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നദിം സഹാവി പറഞ്ഞെങ്കിലും അടുത്തമാസം മുതല്‍ മാത്രമായിരിക്കും പരിശീലനം തുടങ്ങുക. അതായത്, ക്രിസ്ത്മസ്സ് കാലത്തേക്ക് വിതരണ ശൃംഖലയെ നേര്‍വഴിക്കാക്കാന്‍ ഇവരുടേ സേവനം ലഭ്യമാകില്ല എന്നുറപ്പ്.

ഈ പ്രതിസന്ധിക്ക് ആഴം കൂട്ടിക്കൊണ്ട് ക്രിസ്ത്മസ്സിന് ടര്‍ക്കികളെ വിതരണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ഫ്രാന്‍സിന്റെ ഭീഷണിയും ഉയര്‍ന്നുകഴിഞ്ഞു. ബ്രെക്സിറ്റാനന്തര കാലത്ത് ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുവാന്‍ ഫ്രഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തരമൊരു ഭീഷണിയില്‍ കലാശിച്ചിരിക്കുന്നത്. ലൈസന്‍സ് വിഷയത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ബ്രിട്ടന് രണ്ടാഴ്‌ച്ച സമയം നല്‍കിയിരിക്കുകയാണ്. അതുകഴിഞ്ഞാല്‍, ബ്രിട്ടനിലേക്ക് ഉദ്പന്നങ്ങള്‍ എത്തിക്കുന്ന കലായ്സ് തുറമുഖവും ചാന ടണലും തടയും എന്ന് മത്സ്യത്തൊഴിലാളികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രിട്ടനിലെ ഇന്ധന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ തുടങ്ങിയതോടെ പല ഉദ്പാദന ശാലകളും രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി വ്യാവസായിക രംഗത്തെ വിദഗ്ദര്‍ രംഗത്തെത്തി. ഊര്‍ജ്ജം ധാരാളമായി ഉപയോഗിക്കുന്ന നിര്‍മ്മാണ കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചിടുവാനാണ് ഉടമകള്‍ ആലോചിക്കുന്നത്. കുതിച്ചുയരുന്ന ഇന്ധനവില, നിര്‍മ്മാണചെലവ് കണക്കില്ലാതെ ഉയര്‍ത്തുന്നതിനാലാണിതെന്ന് അവര്‍ പറയുന്നു.

പ്രകൃതി വാതക വിലയിലെ വര്‍ദ്ധനവ് ഏറ്റവും അധികം പ്രതികൂലമായി ബാധിച്ച ഉരുക്കു നിര്‍മ്മാണ ശാലകള്‍ സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഉദ്പാദനം ലാഭകരമാകില്ലെന്ന് ഗ്ലാസ്സ് നിര്‍മ്മാതാക്കളും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ പ്രതിസന്ധിയെ നേരിടാന്‍ ക്വാസി ക്വാര്‍ടെംഗ് ഋഷി സുനാകിനോട് സാമ്ബത്തിക സഹായം ആവശ്യപ്പെട്ടേക്കും എന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.

ഏതാനും ആഴ്‌ച്ചകള്‍ കൂടി ഇന്ധനപ്രതിസന്ധി തുടര്‍ന്നാല്‍ എല്ലാ മേഖലകളും അടച്ചുപൂട്ടേണ്ടതായി വരുമെന്നാണ് മറ്റൊരു വ്യവസായ പ്രമുഖന്‍ പറഞ്ഞത്. അങ്ങനെ സംഭവിച്ചാല്‍ അത് വന്‍ തൊഴില്‍ നഷ്ടത്തിലായിരിക്കും കലാശിക്കുക. ഉത്സവകാലമെത്തുമ്ബോഴേക്കും ഇനിയും ധാരാളം പേര്‍ തൊഴിലില്ലാത്തവരായി മാറും.

Next Post

സൗദി: സ്വാതന്ത്ര്യദിന ക്വിസ്സ് മത്സരം - അസീർ തല വിജയികളെ അനുമോദിച്ചു

Wed Oct 13 , 2021
അബഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി “അൺസങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ൾ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ അസീർ മേഘലയിൽ നിന്നും പങ്കെടുത്ത വിജയികളെ അനുമോദിച്ചു. അസീർ റീജിയനിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെയാണ് കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തിൽ നടന്ന പരിപാടിയിൽ സമ്മാനം നൽകി ആദരിച്ചത്. സദറുദ്ദീൻ ചോക്കാട്: ഖമീസ് (ഒന്നാം […]

You May Like

Breaking News

error: Content is protected !!