കോഴിക്കോട്: കേരളത്തില്‍ മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ കനക്കുന്നു. പാലക്കാട്ടും മലപ്പുറത്തും ഉരുള്‍പ്പൊട്ടിയിരിക്കുകയാണ്. ഈ രണ്ട് ജില്ലകളിലുമായി നാലിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. പാലക്കാട് ഉരുള്‍പ്പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നിരിക്കുകയാണ്. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്ബ് തുറന്നിരിക്കുന്നത്. പാലക്കാട് തന്നെ മംഗലംഡാമിലും പെരിന്തല്‍മണ്ണ താഴെക്കാടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങള്‍. സംസ്ഥാനത്തെ മലയോര മേഖലയില്‍ അടക്കം വൈകീട്ടോടെ അതിശക്തമായിരിക്കുകയാണ് മഴ.
കോട്ടയം, തൃശൂര്‍ ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലയിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. രാത്രി കൊല്ലം മുതല്‍ കോഴിക്കോട് വരെ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മംഗലംഡാമിന് സമീപത്തുള്ള ഓടന്തോട്, ആശാന്‍പാറ ഭാഗങ്ങളിലാണ് പാലക്കാട് ജില്ലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. റോഡിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പന്ത്രണ്ടോളം വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. പെരിന്തല്‍മണ്ണയില്‍ താഴേക്കാട് മലങ്കട മലയിലും ബിടാവുമലയിലുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇതിന് ശേഷം കല്ലും മണ്ണും വെള്ളവും സമീപത്തെ തോട്ടിലേക്ക് ഒഴുകിയെത്തി.
ഇവിടെ നിന്ന് കുടുംബങ്ങളെയെല്ലാം മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. നാടുകാണിച്ചുരം വിയുള്ള യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ആലത്തൂര്‍ തഹസില്‍ദാര്‍ ആര്‍കെ ബാലകൃഷ്ണന്‍ സംഭവസ്ഥലത്തെത്തി. പാലക്കാടും അട്ടപ്പാടിയിലും നെല്ലിയാമ്ബതിയിലും അതിശക്തമായ മഴ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം പോത്തുണ്ടി ഡാം സ്പില്‍വേ ഷട്ടര്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ശക്തമായ മഴയില്‍ മലമ്ബുഴ ആനക്കല്ലില്‍ വീട് ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. വടക്കഞ്ചേരി ഓടന്തോട് പ്രദേശത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഇടുക്കിയിലും മഴ ശക്തമാണ്. അപകടസാധ്യത മുന്നില്‍ കണ്ട് ആളുകളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിരുന്നു.
കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ ഏന്തയാര്‍, കാഞ്ഞിരപ്പള്ളി, അടുക്കം, തീക്കോയി, തലനാട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഇപ്പോള്‍ ചെറുതായി കുറഞ്ഞിട്ടുണ്ട്. പറമ്ബിക്കുളം ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരിക്കുകയാണ്. അതുകൊണ്ട് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. മഴ ശക്തമായതോടെ അതിരപ്പിള്ളി, വാഴച്ചാല്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു. കോഴിക്കോട് തിരുവമ്ബാടി ടൗണിലും വെള്ളം കയറിയിരുന്നു. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികളും നാട്ടുകാരും.
തൃശൂരില്‍ അതിരപ്പിള്ളിയിലും വാഴച്ചാലിലും, ചാര്‍പ്പ, മീനങ്ങാടി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ കനത്ത മഴയാണ്. അതേസമയം വയനാട്ടിലും അതിശക്തമയാ മഴയാണ് പെയ്യുന്നത്. തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ ശക്തമായത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം എന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ മേഘസാന്നിധ്യം ആശങ്കപ്പെടുത്തുന്നതാണ്. അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച ഇടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
കല്ലാര്‍കുട്ടി, ഇടുക്കി, കുണ്ടള, ഷോളയാര്‍, കക്കി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത്, പൊന്മുടി, പീച്ചി ഡാമുകളില്‍ നിലവില്‍ റെഡ് അലര്‍ട്ടുണ്ട്. സംസ്ഥാനത്ത് മഴമേഘങ്ങള്‍ അകന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് ഇന്ന് പിന്‍വലിച്ചിരുന്നു. ജാഗ്രതയില്‍ വിട്ടീവീഴ്ച്ചയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്ബും തുറന്നിട്ടുണ്ട്.