വ്യക്തിത്വം – അതിർവരമ്പുകൾ നഷ്ടമാവുമ്പോൾ

അഡ്വ. ടി. പി. എ. നസിർ

ഉറ്റവർക്കിടയിൽ ഒരാൾ അയാളുടെ പെരുമാറ്റ രീതികൊണ്ട് തികച്ചും അന്യനായിതീരുന്ന ഒരവസ്ഥ.. ചുറ്റുവട്ടങ്ങളിലെ ഇടപെടലുകളിൽ തന്റെ സ്വഭാവം കാരണം താൻ
അവഗണിക്കപ്പെടുകയാണെന്ന തിരിച്ചറിവില്ലാതെ എപ്പോഴും ഏറ്റവും വലിയ ശരിയാണ്‌ ഞാനെന്നു സമർഥിക്കുന്ന ഒരാൾ! അനുഭവങ്ങളും പെരുമാറ്റങ്ങളും നിശ്ചയിക്കപ്പെടുന്ന ഒരാളുടെ വ്യക്തിത്വം സ്വയം തിരിച്ചറിയാത്ത വ്യക്തിത്വ വൈകല്യങ്ങളാൽ അപഹരിക്കപ്പെടുന്നത് എത്ര ദു:ഖകരമാണ്! ഒരു വ്യക്തിക്ക് ജന്മസിദ്ധമായി ലഭിക്കുന്നതും ജനിതക സ്വാധീനമുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ സ്വഭാവ സവിശേഷതകളാണ് വ്യക്തിത്വമെന്നത്. പലപ്പോഴും സമൂഹം ഒരാളെ അടയാളപ്പെടുത്തുന്നത് അയാളുടെ സ്വഭാവ രീതിയിലൂടെയാണ്. അത്കൊണ്ടുതന്നെ സമൂഹം നമ്മെ ഉൾക്കൊള്ളുന്നതും നിരാകരിക്കുന്നതും നമ്മുടെ വ്യക്തിത്വ സവിശേഷതകളെ ആശ്രയിച്ചുകൊണ്ടു തന്നെയാണ്. നമ്മുടെ ചില ശീലങ്ങൾ നമുക്ക് സ്വഭാവികമാണെന്ന് തോന്നുമെങ്കിലും ഇത്തരം ശീലങ്ങളുടെ ഭാഗമായി നാം വെച്ചുപുലർത്തുന്ന കടുംപിടുത്തങ്ങളും മുൻവിധികളും മറ്റുള്ളവർക്ക് എത്ര അരോജകമാണെന്ന് നാം തിരിച്ചറിയാതെ പോവുകയാണ്.

തിരിച്ചറിയാതെപോവുന്ന നമ്മുടെ പെരുമാറ്റ വൈകല്യങ്ങൾ സമൂഹത്തിന്റെ കണ്ണിലൂടെ നോക്കികാണാൻ ഒരാൾക്ക് കഴിയുന്നതുവരെ ചുറ്റുവട്ടങ്ങളിലെ നമ്മോടുള്ള പ്രതികരണവും സമീപനങ്ങളും അവഗണനയുടെ ഭാഷയായി തന്നെയാണ് നിലനിൽക്കുക. ഓരോ വ്യക്തിയുടെ ഇടപെടലുകളിലും ഒരു സാമൂഹ്യ യുക്തിയുണ്ട്, എന്നാൽ നമ്മളിലെ ചില സ്വഭാവരീതികൾ ഇത്തരത്തിലുള്ള സാമൂഹ്യ യുക്തിയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ നമ്മുടെ
വ്യക്തിത്വത്തിന് കാതലായ
തകരാറുകളുണ്ടെന്നു നാം തിരിച്ചറിയണം. വ്യക്തിത്വവൈകല്യങ്ങളുള്ള ഒരാൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സംസാരിക്കുന്ന പല ഘട്ടങ്ങളിലും തന്റെ ആത്മനിയന്ത്രണം നഷ്ടമാവുമെന്നതാണ്. ഒരുതരത്തിൽ പറഞ്ഞാൽ വ്യക്തിത്വവൈകല്യങ്ങൾ ഒരാളിലെ മാനസിക വിഭ്രാന്തിയെയാണ് തുറന്നിടുന്നത്. കൗമാരത്തിന്റെ ആദ്യകാലം മുതൽതന്നെ അല്ലെങ്കിൽ ബാല്യകാലത്തിൽ തന്നെ വൈകാരികമായ പ്രതികരണങ്ങളിലും പൊതു ഇടപെടലുകളിലും പ്രശ്നങ്ങളെ നേരിടുന്നതിലും പ്രകടമായ അസ്വഭാവികത കാണിക്കുമ്പോഴാണ് ഒരാളിലെ വ്യക്തിത്വവൈകല്യത്തെ (പേഴ്സണാലിറ്റി ഡിസ്ഓർഡറിനെ ) നാം തിരിച്ചറിയുന്നത്. ചിലയാളുകൾ സംസാരിച്ചുതുടങ്ങിയാൽ ആരൊക്കെക്കുറിച്ച് അദ്ദേഹം പരാമർശിച്ചാലും അവരുടെ കുറ്റങ്ങൾ മാത്രം പറയുന്നതിലായിരിക്കും അയാളുടെ താല്പര്യം. നിരന്തരമായി മറ്റുള്ളവരെ കുറ്റം പറയുകയെന്നത് ഒരുത്തരത്തിലുള്ള ബോർഡർ ലൈൻ വ്യക്തിത്വവൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. നമ്മൾ പണ്ട് പറയാറുള്ളത്പോലെ ‘മൂക്കിൻ തുമ്പിലാണ് ശുണ്ഠി ‘ എന്ന രീതിയിൽ നിസ്സാര കാര്യത്തിനുപോലും പിണങ്ങുന്ന സ്വഭാവ വൈകല്യം കാണിക്കുന്നവരെ സമൂഹം ഒരു പടി അകറ്റിനിർത്താനാണു ശ്രമിക്കുക. ലൈഗിക പരീക്ഷണങ്ങളിലൂടെ അല്ലെങ്കിൽ പ്രകൃതി വിരുദ്ധ സമീപനങ്ങളിലൂടെ ലൈഗികതയെ നോക്കിക്കാണുന്നതും ഒരുത്തരത്തിലുള്ള സ്വഭാവ വൈകൃതമാണ്.

അമിതമായ ധൂർത്തും എന്തിനുമേതിനും എടുത്തുചാടുന്നതും സാഹചര്യങ്ങളും സന്ദർഭങ്ങളും നോക്കാതെ സംസാരിക്കുന്നതും ചിലപ്പോൾ ശാന്തവും മറ്റുചിലപ്പോൾ അപ്രതീക്ഷിതമായ എടുത്തുചാട്ടവുമൊക്കെ നിസ്സാരമായി തള്ളിക്കളയേണ്ട സ്വഭാവ രീതികളല്ല മറിച്ച് നമ്മിലെ വ്യക്തിത്വവൈകല്യങ്ങളെയാണ് അത് തുറന്ന് കാണിക്കുന്നത്. ലഹരി പദാർത്ഥങ്ങളോടുള്ള അമിതാസക്തി, ദുഃഖം വരുമ്പോൾ സ്വന്തം ശരീരത്തെ വേദനിപ്പിക്കുക, മറ്റുള്ളവരെ അകാരണമായി ദ്രോഹിക്കുക, എല്ലാവരെയും സംശയത്തോടെ വീക്ഷിക്കുക തുടങ്ങിയവയൊക്കെ സാമൂഹ്യ യുക്തിയുമായി പൊരുത്തപ്പെടാത്ത സ്വഭാവ രീതികളാണ്. നമ്മൾ ജീവിതത്തിൽ ഒന്നുമായില്ലെന്ന നിരാശാബോധവും ആരും എന്നെ ശ്രദ്ധിക്കുന്നില്ലന്ന തോന്നലുമൊക്കെ പുറത്തുകാണിക്കുമ്പോൾ ഒരാളിലെ അരക്ഷിതത്വ സ്വഭാവത്തെയാണ് അത് എടുത്ത് കാണിക്കുന്നത്. തന്റെ വാക്കുകളെ തനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയാണ് പലപ്പോഴും ദേഷ്യത്തിലൂടെ പ്രകടിപ്പിക്കുന്നത്. ദേഷ്യപ്പെടുകയെന്നത്
സ്വാഭാവികമായ ഒരു വികാരമാണ് എന്നാൽ ദേഷ്യപ്പെടുമ്പോൾ പറയുന്ന വാക്കുകളും പ്രവർത്തികളും രീതികളുമൊക്കെ മുറിവേൽപ്പിക്കപ്പെടുന്നത് മറ്റുള്ളവരെ മാത്രമല്ല തന്റെ സ്വഭാവ അസ്‌തിത്വത്തെ തന്നെയാണെന്ന്
പെരുമാറ്റ വൈകല്യമുള്ളയാളുകൾ തിരിച്ചറിയുന്നില്ല. നിസ്സാര കാര്യത്തിനുപോലും സങ്കടപ്പെട്ടിരിക്കുക, മറ്റുള്ളവരുടെ ഉയർച്ചയിൽ വേദന പൂണ്ടിരിക്കുക, ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടുപോയിരിക്കുന്നുവെന്ന തോന്നൽ മനസ്സിനെ കീഴടക്കുക, ലക്ഷ്യബോധമില്ലാത്ത ജീവിത കാഴ്ചപ്പാടുകൾ പിന്തുടരുക തുടങ്ങിയവയൊക്കെ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസ്ഓർഡറിന്റെ ലക്ഷണങ്ങളാണ്.

വ്യക്തിത്വവൈകല്യമുള്ള ഒരാളുടെ തലച്ചോറിൽ സിറോട്ടോണിൻ എന്ന രാസ പദാർദഥതിന്റെ അളവ് കുറയുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഏത് കാര്യത്തിലുമുള്ള അന്ധമായ വിശ്വാസവും തനിക്ക് അനുകൂലമായി മാത്രമേ ഒരാൾ സംസാരിക്കാൻ പാടുള്ളുവെന്ന ചിന്താഗതിയും കാര്യകാരണമില്ലാതെ പ്രശ്നങ്ങളെ മുൻവിധിയോടെ സമീപിക്കുന്നതും തന്റെ വാദങ്ങളെ എതിർക്കുന്നവരുടെ യുക്തിയെ മനസ്സിലാക്കാതെ അവരെ ശത്രുവായി കാണുന്നതുമൊക്കെ ഒരാളുടെ വ്യക്തിത്വ
വൈകല്യമായി മാത്രമേ നിരീക്ഷിക്കാനാവൂ. വിമർശനത്തെ ശത്രുതയായിക്കാണുന്ന മനോഭാവമാണ് പലപ്പോഴും ഇത്തരത്തിലുള്ള ആളുകൾക്ക് അധികവുമുണ്ടാവുക. ഡയലറ്റിക്കൽ ബിഹെയ്‌വിയർ തെറാപ്പിയെന്ന കൗൺസിലിങ് രീതിയും പ്രോബ്ലം സോൾവിങ് സ്‌കില്ലിലൂടെയും (പ്രശ്ന പരിഹാര തോത് വർധിപ്പിക്കുക ) ഒരു പരിധിവരെ ഒരാളിലെ വ്യക്തിത്വവൈകല്യങ്ങളെ നിയന്ത്രിക്കാനാവും. ധ്യാനവും വ്യായാമവും ചിട്ടയായ ആത്മ വിശകലനവുമൊക്കെ പ്രശ്നപരിഹാരം തന്നെയാണ്. വ്യക്തിത്വവൈകല്യം പലപ്പോഴും അമിത വൈകാരികതയിൽ ചിന്തകളും പെരുമാറ്റവുമൊക്കെ നിയന്ത്രിക്കപ്പെടാൻ കഴിയാത്ത സ്വഭാവ രീതികൂടിയാണ്.

നമ്മളെ ലോകം കാണുന്നതും വായിക്കുന്നതും നമ്മുടെ പെരുമാറ്റങ്ങളിലൂടെയാണ്. സാമൂഹ്യ ഇടപെടലുകളുമായി ബന്ധപ്പെട്ട് സമൂഹം വരച്ചിടുന്ന ചില പെരുമാറ്റ അതിർത്തികളുണ്ട്. കണിശമായ ഇത്തരത്തിലുള്ള സാമൂഹ്യ യുക്തിയെ തിരിച്ചറിയാതെ നമ്മൾ പലതും വിളിച്ചുപറയുകയും അസ്വസ്ഥത കാണിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ബലഹീനതകളാണ് പുറത്തുവരുന്നത്. പെരുമാറ്റവൈകല്യങ്ങൾ കാരണം കൂട്ടിപ്പിടിക്കേണ്ടവർ നമ്മെ തള്ളി പറയുന്ന അവസ്ഥയാണുണ്ടാവുന്നത്. നമ്മുടെ ചില പെരുമാറ്റങ്ങൾ നമ്മുടെ ഉറച്ച ശരികളാണ്, പക്ഷെ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്ക്‌ ഒരാളുടെ ചിന്താഗതികളോടും ചേഷ്ടകളോടും ഒരുതരത്തിലും യോജിച്ചുപോവാൻ കഴിയാത്തിടത്താണ് അയാൾ
പുറംതള്ളപ്പെട്ടുപ്പോവുന്നത്. ചിലയാളുകൾ എപ്പോഴും സംശയാലുക്കളായിരിക്കും, മറ്റുള്ളവരുടെ നന്മയെയും ഉദ്ദേശലക്ഷ്യത്തെയും മനസ്സിലാക്കാതെ തന്റെ മുൻവിധികളിൽ ഉറച്ചുനിൽക്കാനാണയാൾക്ക് താല്പര്യം. അനുഭവങ്ങൾക്കപ്പുറം സാങ്കൽപ്പികമായി ചിലയാളുകളെ കുറിച്ച് തന്നിൽ അന്തർലീനമായ അഭിപ്രായം സമൂഹമധ്യേ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് ഒരുത്തരത്തിലുള്ള മനോവൈകല്യം തന്നെയാണ്.താൻ പറ്റിക്കപ്പെടുമെന്ന് കരുതി ആരെയും വിശ്വസിക്കാതിരിക്കുക, മരണഭയമോർത്ത് യാത്ര ചെയ്യാതിരിക്കുക, മറ്റുള്ളവരുടെ വിശ്വാസ്യതയിൽ സംശയിക്കുക, ഒരാൾ പറയുന്ന നിരുപദ്രവകരമായ തമാശകൾ പോലും ഉള്ളിൽ പകയായി സൂക്ഷിക്കുകയും ശത്രു പക്ഷത്ത് അവരോധിക്കുകയും ചെയ്യുക, ഒറ്റക്കിരിക്കാനുള്ള അമിതമായ ത്വര, മനസ്സിൽ സന്തോഷത്തിന്റെ മഴത്തുള്ളികളില്ലാതാവുക, വിചിത്രമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, ചില ശരീരഭാഗങ്ങളോട് അമിതമായ ഇഷ്ടം തോന്നുക, അനുചിതമായ വൈകാരികതക്ക് കീഴടങ്ങുക, മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഒരുതരത്തിലും മനസ്സിനെ ബാധിക്കാതിരിക്കുക,ആളുകളെ വേദനിപ്പിച്ചുകൊണ്ടുമാത്രം സംസാരിക്കുക, നിരന്തരമായി കള്ളം പറയുക, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളോട് ആസക്തിയുണ്ടാവുക, സ്ത്രീകളുടെ അടിവസ്ത്രങ്ങളോട് താല്പര്യമുണ്ടവുക, എപ്പോഴും ആത്മ പ്രശംസ പറഞ്ഞുകൊണ്ടിരിക്കുക, തുടങ്ങിയവയൊക്കെ വ്യക്തിത്വ വൈകല്യങ്ങൾ തന്നെയാണ്.

ചിലയാളുകൾ എന്താണ്‌ പറയുകയെന്നും എങ്ങിനെനെയാണ് പ്രതികരിക്കുകയെന്നും നമ്മൾ ആശങ്കപ്പെടാറുണ്ട്, അങ്ങനെയൊരാളുടെ കാര്യത്തിൽ നമ്മൾ ആശങ്കപ്പെടുന്നുണ്ടെങ്കിൽ അത് അയാളിലെ വൈകല്യത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ചിലർ സമൂഹമദ്ധ്യേ ശ്രദ്ധലഭിക്കാൻ അമിതധൈര്യം കാണിക്കാറുണ്ട്.
മുന്നൊരുക്കമില്ലാതെയും സുരക്ഷിതത്വം പരിഗണിക്കാതെയും മറ്റുള്ളവരുടെ ശ്രദ്ധകിട്ടാൻ കാണിക്കുന്ന ഏത് എടുത്തുചാട്ടവും അപകടം മാത്രമല്ല അത് മനസ്സിന്റെ ദുർബലതകൂടിയാണ്. കാര്യങ്ങളെ നാടകീയവൽക്കരിക്കുകയും സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ സ്വീകരിപ്പിക്കാൻ ചില അനുചിത ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നത് പെരുമാറ്റവൈകല്യം തന്നെയാണ്. സ്വന്തം ശരീരത്തെക്കുറിച്ച് അമിതമായ ആശങ്കയുണ്ടാവുക, ഞാനാണ് എല്ലാവരേക്കാളും കേമൻ, ഞാൻ ഒരു വലിയ ഒരു ശരിയാണ്, എനിക്ക് മാത്രമേ കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ കഴിയൂ, എല്ലാകാര്യങ്ങളും തന്റെ മേൽനോട്ടത്തിൽമാത്രമേ നടക്കാവൂ തുടങ്ങിയ ചിന്തകളൊക്കെ വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്.

സാമൂഹ്യ ജീവിയെന്നനിലയിൽ മറ്റുള്ളവരുടെ ആവശ്യങ്ങളും വികാരങ്ങളും തിരിച്ചറിയേണ്ടതുണ്ട് നമ്മൾ. യുക്തിരഹിതമായ ചില സ്വഭാവ പ്രതികരണങ്ങൾകൊണ്ട് നമ്മുടെ ചുറ്റുവട്ടം നമ്മെ മാറ്റിനിർത്തുന്നത് തിരിച്ചറിയാതെ പോവരുത്. ഒരു പരിധിക്കപ്പുറം നമ്മൾ സൂക്ഷിക്കുന്ന ലജ്ജാമനോഭാവവും അതിവിനയവും അപകർഷതാബോധവുമൊക്കെ പെരുമാറ്റ വൈകല്യമായി മാത്രമേ സമൂഹം ഉൾക്കൊള്ളുകയുള്ളു. വ്യക്തിത്വ വൈകല്യങ്ങൾ ഒരാളിൽ പ്രകടമായി തുടങ്ങുന്നത് പെട്ടെന്നൊരുനാൾ കൊണ്ടല്ല മറിച്ച് ചെറുപ്പ കാലങ്ങളിൽ ഒരാൾക്ക്‌ എൽക്കേണ്ടിവന്ന ദുരനുഭവങ്ങളും അധിക്ഷേപങ്ങളും മോശമായ ജീവിത സാഹചര്യങ്ങളും പാരമ്പര്യവുമൊക്കെ കാരണങ്ങളായി വരുന്നത് കൊണ്ടാണ് . മനസ്സിന്റെ ആത്മ നിയന്ത്രണം നഷ്ടമാവുന്ന സ്വഭാവ രീതിയെന്ന നിലയിൽ തന്നിലെ വ്യക്തി വൈകല്യങ്ങളെ മനസ്സിലാക്കാൻ പലർക്കും എളുപ്പത്തിൽ കഴിയാറില്ല. പെരുമാറ്റങ്ങൾ മറ്റുള്ളവരെ പ്രായാസപ്പെടുത്തരുതെന്ന വകതിരിവാണ് യഥാർത്ഥത്തിൽ പക്വതയെന്നത്. മനസ്സിന്റെ അതിരുകൾ നഷ്ടമാവുന്ന വാക്കുകളെയും ശരീര ഭാഷയെയും തിരിച്ചറിയാൻ നമുക്ക് കഴിയണം. പെട്ടെന്ന് സന്തോഷം വരികയും കരയുകയും വെറുക്കുകയും ദേഷ്യം പിടിക്കുകയും ചെയ്യുന്ന വൈകാരിക പ്രകടനങ്ങളെ മിതപ്പെടുത്താൻ ശീലിക്കേണ്ടതുണ്ട്. സാമൂഹ്യ ഇടപെടലുകൾക്ക് സ്വതന്ത്രമായ അസ്തിത്വമുണ്ടെങ്കിലും ചില സാമൂഹ്യ യുക്തിയെ നമ്മുടെ പെരുമാറ്റത്തിലൂടെ അംഗീകരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ പോരായ്മകളും ഉള്ളിലുറഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങളും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണെന്ന് ചിത്രീകരിക്കുന്നിടത്താണ് വ്യക്തിത്വ വൈകല്യം രൂക്ഷമായി പുറത്ത് വരുന്നത്. വെളിപാടുപോലെയുള്ള ചില സമയങ്ങളിലെ സംസാരം, മാന്ത്രിക ചിന്തകൾ, വിചിത്രമായ ഫാന്റസികൾ,
ആക്രാമോൽസുകമായ
ലൈഗികപെരുമാറ്റങ്ങൾ തുടങ്ങിയ പെരുമാറ്റങ്ങളൊക്കെ സമൂഹത്തിൽ
വ്യാപകമായികൊണ്ടിരിക്കുന്ന ഒരു കാലത്ത് പെരുമാറ്റ വൈകല്യമുണ്ടാക്കുന്ന അരികുവൽക്കരണത്തെ കുറിച്ച് നാം ബോധവാന്മാരാവേണ്ടതുണ്ട്. അനുഭവങ്ങളും പെരുമാറ്റങ്ങളും കൊണ്ട് മനുഷ്യന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്ന സാമൂഹ്യ ചുറ്റുപാടിൽ കൃത്യമായ ആത്മ നിയന്ത്രണത്തോടെയും ഉത്തരവാദിത്വബോധത്തോടെയും ചുറ്റുവട്ടവുമായി സംവദിക്കുകയെന്നത് ഏറ്റവും പ്രധാനം തന്നെയാണ്.

Next Post

ഒമാൻ: കോ​വി​ഡി​നെ​തി​രെ​യു​ള്ള ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി​ത്തു​ട​ങ്ങി

Tue Nov 9 , 2021
ഒമാനില്‍ കോ​വി​ഡി​നെ​തി​രെ​യു​ള്ള ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി​ത്തു​ട​ങ്ങി. മു​തി​ര്‍ന്ന പ്രാ​യ​ക്കാ​ര്‍, നി​ത്യ​രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്കാ​ണ് കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി​യ​ത്. 65 വ​യ​സ്സും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള​വ​ര്‍, 50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കോ​വി​ഡ് മു​ന്‍നി​ര പോ​രാ​ളി​ക​ള്‍, 18 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള നി​ത്യ​രോ​ഗി​ക​ള്‍ (വി​ട്ടു​മാ​റാ​ത്ത ശ്വാ​സ​കോ​ശ രോ​ഗി​ക​ള്‍, വൃ​ക്ക​രോ​ഗി​ക​ള്‍), ജ​നി​ത​ക ര​ക്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍, വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍ന്ന് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​ര്‍, 7.6 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഗ്ലൈ​ക്കേ​റ്റ​ഡ് ഹീ​മോ​ഗ്ലോ​ബി​നു​ള്ള പ്ര​മേ​ഹ രോ​ഗി​ക​ള്‍, ര​ക്ത​സ​മ്മ​ര്‍ദ രോ​ഗി​ക​ള്‍, […]

Breaking News

error: Content is protected !!