ലണ്ടന്‍: ബ്രിട്ടീഷ് നഗരമായ ലെസ്റ്ററില്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു ശേഷം നടന്ന അക്രമസംഭവങ്ങളാണ് സാമുദായിക ലഹളയിലേക്ക് നയിച്ചത്.
സമാധാന ആഹ്വാനവുമായി പൊലീസും ഭരണാധികാരികളും രംഗത്തെത്തിയ ശേഷവും തെരുവില്‍ അക്രമം തുടരുകയാണ്. ഇതോടെ പൊലീസ് നേരിട്ടിറങ്ങി അക്രമികളെ അടിച്ചോടിക്കുകയായിരുന്നു.
ആഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാക് മത്സരത്തിനുശേഷമായിരുന്നു ഒരു സംഘം അക്രമം അഴിച്ചുവിട്ടത്. സംഭവം പ്രദേശത്ത് വന്‍സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെയാണ് നമസ്‌കാരത്തിനിടയിലേക്ക് ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി ഒരു വിഭാഗം പ്രകടനവുമായെത്തിയത്. ഇതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു.
നഗരത്തില്‍ കൂട്ടംകൂടി നില്‍ക്കുന്നവരോട് താമസസ്ഥലങ്ങളിലേക്ക് തിരിച്ചുപോകാന്‍ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. സാമൂഹിക വിരുദ്ധ, കുറ്റകൃത്യ നിയമത്തിലെ 34, 35 വകുപ്പുകള്‍ പ്രകാരം പ്രത്യേകാധികാര പ്രയോഗത്തിലൂടെയാണ് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. കൂടുതല്‍ പൊലീസിനെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ 27 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.