യു.കെ: മലയാളികള്‍ക്ക് ബ്രിട്ടീഷ് കുടിയേറ്റം ബാലികേറാമലയാകുന്നു

ലണ്ടന്‍: കുടിയേറ്റം യുകെ രാഷ്ട്രീയത്തില്‍ ഒരു പ്രധാന വിഷയമാണ്. പതിനായിരത്തിലേക്ക് കുടിയേറ്റം കുറയ്ക്കും എന്ന വാക്ക് പറഞ്ഞാണ് കഴിഞ്ഞ തവണ തീവ്ര വലതുപക്ഷക്കാര്‍ വോട്ട് പിടിച്ചത്. എന്നാല്‍ കോവിഡ് പോലുള്ള മഹാമാരിയില്‍ പലതും മാറിമറിഞ്ഞു. യുകെ യൂറോപ്പ്യന്‍ യൂണിയന്‍ വിട്ടെങ്കിലും കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ സൂചിക കാണിച്ചപ്പോള്‍ അത് കുറക്കാന്‍ തന്നെ ഉള്ള നിയമ ഭേദഗതിക്കാണ് യുകെ ഇപ്പോള്‍ മുന്‍കൈ എടുക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ഋഷി സുനക് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇന്‍ഡഫനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ ഹോം ഓഫീസ് അധികൃതരുടെ പരിഗണനയില്‍ ഉള്ളത്. മറ്റു രാജ്യങ്ങളുടെ ചുവട് പിടിച്ച്, ഐ എല്‍ ആര്‍ ലഭിക്കുന്നതിന് യു കെ യില്‍ തുടര്‍ച്ചയായി താമസിക്കേണ്ട സമയ കാലാവധി അഞ്ചു വര്‍ഷം എന്നതില്‍ നിന്നും എട്ടുവര്‍ഷമായി ഉയര്‍ത്തുക എന്ന കുറുക്കു വഴിയാണ് ഇപ്പോള്‍ നോക്കുന്നത്. അതുമാത്രമല്ല, ഐ എല്‍ ആര്‍ അല്ലെങ്കില്‍ പി ആര്‍ ലഭിക്കണമെങ്കില്‍ ഒരു വ്യക്തി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും യു കെയില്‍ ജോലി ചെയ്തതായോ സ്‌കൂള്‍ പഠനം നടത്തിയതായും തെളിയിക്കണം.

അതിനു പുറമെ അപേക്ഷിക്കുന്നതിന് മുന്‍പുള്ള പത്ത് വര്‍ഷത്തെ കാലയളവില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കണം. നിലവില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബ്രിട്ടീഷ് ജീവിതത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയില്‍ നിന്നുള്ള ഇളവും ഇല്ലാതെയാക്കും. കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്നത് തന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രഥമ പരിഗണന എന്ന് പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞതിനു ചുവടുപിടിച്ചാണ് ഇപ്പോള്‍ വരുത്തുന്ന ഭേദഗതികള്‍. കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുടെ ഒരു ചര്‍ച്ചയും ഋഷി സുനക് മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, അടുത്ത തെരെഞ്ഞെടുപ്പിന്’ മുന്‍പായി നടത്തുമെന്ന് പ്രഖ്യാപിച്ച അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് ചാനല്‍ വഴിയുള്ള അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയും എന്നത്. ഇതിനായി ഫ്രാന്‍സുമായി ഒരു കരാര്‍ തന്നെ യുകെ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. നല്ലൊരു തുകയും ഇതിനായി യുകെ സര്‍ക്കാര്‍ ഫ്രാന്‍സിന് കൈമാറി കഴിഞ്ഞു.

ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് ഒരു വിശിഷ്ട പദവിയാണെന്നുമായിരുന്നു ഹോം ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കിയത്. അത് ലഭിച്ചിട്ടുള്ളവര്‍ രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയവരാണെന്നും ഹോം ഓഫീസ് പറയുകയുണ്ടായി. യു കെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യു കെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ആലോചിക്കുന്നു വാര്‍ത്തക്കുള്ള മറുപടി എന്ന നിലക്കാണ് വ്ക്താവിന്റെ മറുപടി എന്നാണ് ഡെയിലി മെയില്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വന്നാല്‍ ഉണ്ടാകുന്ന നഷ്ട്ടം മലയാളികള്‍ക്കാണ്. കാരണം നഴ്‌സുമാരായി യുകെയില്‍ എത്തിയവര്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരും എന്ന് സാരം. എന്നാല്‍ ഇത്രയയധികം നഴ്സ് ക്ഷാമം അനുഭവിക്കുന്ന ആരോഗ്യ മേഖലയെ ഒഴിവാക്കുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടിവരും.

Next Post

ഒമാന്‍: മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ സുഗതാഞ്ജലി ഫൈനല്‍ ജൂണ്‍ 9ന്

Tue Jun 6 , 2023
Share on Facebook Tweet it Pin it Email മസ്കത്: മലയാളം മിഷൻ ഒമാൻ ചാപ്റ്റര്‍ സുഗതാഞ്ജലി ചാപ്റ്റര്‍ തല ഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ 9 വെള്ളിയാഴ്ച നടക്കും. മേഖലാ മത്സരങ്ങളില്‍ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികളാണ് ഫൈനലില്‍ പങ്കെടുക്കുന്നത്. റൂവി സി ബി ഡിയിലുള്ള ടാലന്റ് സ്പേസ് ഹാളില്‍ വച്ച്‌ ജൂണ്‍ 9ന് രാവിലെ പത്തുമണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയ കവയിത്രിയും […]

You May Like

Breaking News

error: Content is protected !!