
മസ്കത്ത്: അറബികടലില്‍ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂന മര്‍ദ്ദം തേജ് ചുഴലികാറ്റായി (കാറ്റഗറി ഒന്ന്) മാറിയതായി സിവില്‍ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ മുന്നറിയിപ്പ് സര്‍ക്കുലറില്‍ പറയുന്നു.
ഒമാൻ തീരത്ത് നിന്ന് 690 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്‍റെ കേന്ദ്രം. ഇതുമായി രൂപപ്പെട്ട മഴമേഘങ്ങള്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ സദാ വിലായത്തില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്ദിശയില്‍ ദോഫാര്‍ ഗവര്‍ണറേറ്റിന്റെയും യമനിലെ അല്‍ മഹ്‌റ ഗവര്‍ണറേറ്റിന്റെയും തീരങ്ങളിലേക്ക് ചുഴലികാറ്റ് നീങ്ങുന്നത് തുടരുകയാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തി വര്‍ധിച്ച് കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്ന ഉഷ്ണമേഖല ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ നേരിട്ടുള്ള ആഘാതം ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും ദോഫാര്‍ അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ആരംഭിച്ചേക്കും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദോഫാര്‍ ഗവര്‍ണറേറ്റിനും യമനിലെ അല്‍ മഹ്‌റ ഗവര്‍ണറേറ്റിനും ഇടയിലായിരിക്കും കാറ്റ് തീരംതൊടുക.
ഞായറാഴ്ച വിവിധ ഇടങ്ങളിലായി 50മുതല്‍ 200 മി.മീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്ന് സിവില്‍ ഏവിയേഷന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. വാദികള്‍ നിറഞ്ഞൊഴുകും. മണിക്കൂറില്‍ 46മുതല്‍ 64 കി.മീറ്റര്‍ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗം. കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ നാല് മുതല്‍ ഏഴ് മീറ്റര്‍വരെ ഉയര്‍ന്നേകും.
തിങ്കളാഴ്ച കാറ്റിന്‍റെ ശക്തികൂടി കാറ്റഗറി രണ്ടിലേക്ക് മാറും. 55മുതല്‍ 111 കി.മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. 200മുതല്‍ 600 മി.മീറ്റര്‍വരെ മഴ ലഭിച്ചേക്കും. വാദികള്‍ കവിഞ്ഞൊഴുകും. അറബികടലിന്‍റെ തീരങ്ങളില്‍ തിരമാലകള്‍ നാല് മുതല്‍ ഏഴ് മീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും സി.എ.എ മുന്നറിയിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച ശക്തി കുറഞ്ഞ് ചുഴലികാറ്റ് കാറ്റഗറി ഒന്നിലേക്ക് വീണ്ടും മാറും. മണിക്കൂറില്‍ 92മുതല്‍ 139 കി.മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. കനത്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകും. വിവിധ സ്ഥലങ്ങളിലായി 200മുതല്‍ 600 മി.മീറ്റര്‍വരെ മഴ ലഭിച്ചേക്കും. അറബികടലിന്‍റെ തീരങ്ങളില്‍ തിരമാലകള്‍ നാല് മുതല്‍ ഏഴ് മീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തുറമുഖ അധികൃതര്‍, സമുദ്ര ഗതാഗത കമ്ബനികള്‍, കപ്പല്‍ ഉടമകള്‍, മറൈൻ യൂനിറ്റുകള്‍, മത്സ്യത്തൊഴിലാളികള്‍, നാവികര്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.അഞ്ച് വര്‍ഷം മുമ്ബ് 2018 ഒക്ടോബര്‍ 13ന് അടിച്ച ലുബാന്‍ ചുഴലിക്കാറ്റ് സലാലയുടെ പടിഞ്ഞാറ് ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു.