
കുവൈത്ത് സിറ്റി: സയണിസ്റ്റ് നുണകള്‍ തുറന്നുകാട്ടാൻ അറബ് മാധ്യമങ്ങള്‍ മുന്നോട്ടുവരണമെന്ന് അറബ് മീഡിയ ഫോറം സെക്രട്ടറി ജനറല്‍ മദി അല്‍ ഖമീസ്.ഗസ്സയിലെ ആക്രമണത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകളോട് പ്രതികരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന അറബ് മീഡിയ ലീഡേഴ്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാസ്തവങ്ങള്‍ കോര്‍ത്ത് വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ചാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
ഇസ്രായേല്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി സത്യത്തെ മൂടിവെക്കുന്നതിനു ബോധപൂര്‍വമായ ശ്രമങ്ങളാണ് ആഗോള തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, വാസ്തവങ്ങള്‍ ചേര്‍ത്തുവെച്ച് നേരവസ്ഥ തെളിച്ചുകാട്ടുന്ന വാര്‍ത്തകള്‍ കൊടുക്കാന്‍ അറബ് മാധ്യമപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്ന് അല്‍ ഖമീസ് പറഞ്ഞു. നേരുകള്‍ പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനം തിരിച്ചുകൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ അറബ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിന് സമര്‍പ്പിക്കുമെന്നും മദി അല്‍ ഖമീസ് വ്യക്തമാക്കി.