കുവൈത്ത് സിറ്റി: എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം പ്രയാസം നേരിട്ട മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരം നല്‍കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രവാസി വെല്‍ഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.
എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം സർവീസുകള്‍ മുടങ്ങാനുണ്ടായ സഹചര്യം ദൗർഭാഗ്യകരമാണ്. സർവീസുകള്‍ മുടങ്ങിയത് കാരണം കൂടുതല്‍ പ്രതിസന്ധിയിലായത് ഗള്‍ഫ് പ്രവാസികളാണ്. ജോലി നഷ്ടപ്പെട്ടവർ മുതല്‍, രോഗം മൂലം അടിയന്തിര ചികിത്സക്ക് നാട്ടിലേക്ക് പോകേണ്ടവർ വരെ ഇവരിലുണ്ട്.
അവശ്യ സേവന സർവീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാർ മുന്നറിയിപ്പില്ലാതെ നടത്തുന്ന സമര രീതി നീതികരിക്കാനാവില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജുമെന്റും തയാറാകണം. ജീവനക്കാരുടെ മിന്നല്‍ സമരങ്ങള്‍, പ്രവാസികള്‍ നേരിടുന്ന ഉയർന്ന യാത്ര നിരക്ക് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കേന്ദ്ര വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങളുടെ ഉറച്ച നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.