
ലണ്ടന്‍: പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബ്രിട്ടനില്‍ ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തുന്ന തിരക്കിലാണ്. ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടില്ലെങ്കിലും മുഖ്യ കക്ഷികളായ കണ്‍സര്‍വേറ്റീവും (ടോറി) ലേബറും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ വിഷയമായിരിക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക് മുന്നോട്ടു വച്ചിരിക്കുന്ന നിബര്‍ന്ധിത ദേശീയ സേവനം. തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ 18 വയസ്സ് പൂര്‍ത്തിയായ സ്ത്രീകളും പുരുഷന്മാരും ചുരുങ്ങിയത് 12 മാസത്തേക്ക് സൈന്യത്തില്‍ ചേരുകയോ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ വാരാന്ത്യങ്ങളില്‍ സമൂഹത്തില്‍ സന്നദ്ധ സേവനം നടത്തുകയോ ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ സൈന്യത്തില്‍ ചേരുകയോ സന്നദ്ധ പ്രവര്‍ത്തനം നടത്താതിരിക്കുകയോ ചെയ്താല്‍ എന്താകും ഉണ്ടാകുക എന്ന ചോദ്യം ഉയര്‍ന്നു. ക്രിമിനല്‍ നടപടിയും ഉപരോധവും ഉണ്ടാകുമോ എന്നായി ആശങ്ക. സംഗതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മനസിലാക്കിയതോടെ ഹോം സെക്രട്ടറി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ദേശീയ സേവന പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ആരെയും ജയിലിലേക്ക് അയയ്ക്കില്ലെന്ന് ഹോം സെക്രട്ടറി വിശദീകരിച്ചു. എന്നാല്‍ ഇവര്‍ക്കെതിരേ മറ്റ് നടപടികള്‍ ഉണ്ടാകാനുള്ള സാധ്യത അദ്ദേഹം നിഷേധിക്കുന്നില്ല.
ഗൗരവമില്ലാത്തതും അപ്രായോഗികവുമായ നിര്‍ദേശം എന്നു പറഞ്ഞാണ് ലേബര്‍ പാര്‍ട്ടി ഈ നിര്‍ദേശത്തിനെതിരെ രംഗത്ത് വന്നത്. എന്തായാലും ടോറികള്‍ മുന്നോട്ടു വയ്ക്കുന്ന ഈ ആശയം ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികളില്‍ ഉള്‍പ്പെടെയുള്ളവരില്‍ അല്‍പമൊന്നുമല്ല ആശങ്ക വിതയ്ക്കുന്നത്. തങ്ങളുടെ കുട്ടികളെ പട്ടാളത്തിനു വിടാന്‍ നിര്‍ബന്ധിതരാകേണ്ടി വരുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമത്തിലും മറ്റും മലയാളി മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നത്. ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് എടുത്തത് പാരയാകുമോ എന്നായിരുന്നു ഒരു രക്ഷിതാവിന്റെ സംശയം. റഷ്യന്‍ ആക്രമണം ഭയന്നാണ് ബ്രിട്ടന്റെ നീക്കമെന്നും രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. പദ്ധതി വെറും തിരഞ്ഞെടുപ്പു വാഗ്ദാനമായി നിലനില്‍ക്കുമ്പോഴും നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്നും ഇതുവരെ ലഭ്യമായ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. മുഴുവന്‍ സമയം പട്ടളത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മാസത്തില്‍ ഒരിക്കലുള്ള വാരാന്ത്യത്തിലെ സാമൂഹിക സേവനം തിരഞ്ഞെടുക്കാം. പ്രതിവര്‍ഷം 25 ദിവസം ഇത്തരത്തില്‍ സമൂഹത്തിന് സേവനം ചെയ്യണം. പൊലീസ്, ഫയര്‍ സര്‍വീസ്, എന്‍.എച്ച്.എസ്, വിവിധ ചാരിറ്റികള്‍ എന്നവയുമായി സഹകരിച്ചാവും ഈ സേവനം ലഭ്യമാക്കേണ്ടത്. പ്രിസ്‌ക്രിപ്ഷന്‍ ഡെലിവറി, പ്രായമായവരുടെ പരിചരണം. ലൈഫ് ഗാര്‍ഡ്, റസ്‌ക്യൂ ഓപ്പറേഷന്‍ തുടങ്ങിയവയില്‍ ഇവര്‍ക്ക് പങ്കെടുക്കാം.
മുഴുവന്‍ സമയ മിലിട്ടറി ട്രെയിനിങ്ങിന് താല്‍പര്യമുള്ളവര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കിയാണ് ഇതില്‍ ചേരാനാകുക. ഓരോ വര്‍ഷവും 30,000 പേര്‍ക്കാണ് ഇത്തരത്തില്‍ മുഴുവന്‍ സമയ സൈനിക സേവനത്തിന് അവസരം ലഭിക്കുക. അപേക്ഷകരില്‍നിന്നും പ്രത്യേകം ടെസ്റ്റ് നടത്തിയാകും അനുയോജ്യരായവരെ കണ്ടെത്തുക. ഇവര്‍ക്ക് യുദ്ധമുന്നണിയിലേക്കൊന്നും പോകേണ്ടി വരില്ല, പകരം ലോജിസ്റ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, വിഭവ സംഭരണം, സിവില്‍ റസ്‌പോണ്‍സ് ഓപ്പറേഷന്‍ തുടങ്ങിയ മേഖലകളിലാകും ഇവരുടെ സേവനം മുഖ്യമായും പ്രയോജനപ്പെടത്തുക. ഒരുവര്‍ഷം നീളുന്ന പ്ലേസ്‌മെന്റിനുശേഷം ഇവര്‍ക്ക് മിലിട്ടറിയില്‍ തുടര്‍ന്നും സേവനം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് അവസരം നല്‍കും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഇത്തരത്തില്‍ സമാനമായ നിര്‍ബന്ധിത സൈനിക സേവനം ആദ്യമായി ബ്രിട്ടനില്‍ നടപ്പിലാക്കിയത്. 1965 വരെ നിലവിലുണ്ടായിരുന്ന ഈ പദ്ധതിയില്‍ രാജകുടുംബത്തിലെ കുട്ടികള്‍ക്കും കാഴ്ചശക്തിയില്ലാത്തവര്‍ക്കും മാനസിക ബുദ്ധിമുട്ടുകളോ വൈകല്യമോ ഉള്ളവര്‍ക്കും ഇളവു ലഭിച്ചിരുന്നു. സമാനമായ രീതിയില്‍ ഇത്തവണയും ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2.5 മില്യന്‍ പൗണ്ടിന്റെ പദ്ധതിയായാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുവാക്കള്‍ക്ക് വെളാന്ററി സ്‌കീമായി സാമൂഹിക സേവനം നടപ്പാക്കിയിരുന്നു. ഇതിന് നല്ല പ്രതികരണവുമാണ് ലഭിച്ചത്. എന്നാല്‍ ഇത് നിര്‍ബന്ധിതമാക്കുന്നതിനോട് യുവാക്കളുടെ പ്രതികരണം അനുകൂലമാകില്ല. കഴിഞ്ഞവര്‍ഷം നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ 64 ശതമാനം പേരും നിര്‍ബന്ധിതമായി ഇത്തരം സേവനം നടപ്പിലാക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു. എന്തായാലും ഈ നിര്‍ബന്ധിത സൈനക സേവനം ബ്രിട്ടനില്‍ ചൂടേറിയ രാഷ്ട്രീയ വിഷയമായി കഴിഞ്ഞു. ദേശീയത വോട്ടാക്കി മാറ്റാനുള്ള സുനകിന്റെ തന്ത്രം ഫലിച്ചാല്‍ ടോറികള്‍ക്ക് നേട്ടമാകും. പട്ടാള സേവനം ഇഷ്ടമില്ലാത്ത യുവതയും അവരുടെ മാതാപിതാക്കളും എതിര്‍ത്താല്‍ പണി പാളുകയും ചെയ്യും.