കൊല്ലം: വളരെ കഷ്ടപ്പെട്ട് കുവൈറ്റിലെത്തി കുടുംബം പോറ്റുന്ന നിരവധിപേരാണ് ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്.
കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയുമാണ് ഈ സംഭവത്തോടെ അസ്‌തമിച്ചത്. അക്കൂട്ടത്തില്‍ ഒരാളാണ് കൊല്ലം വടക്കോട്ടുവിളയില്‍ ലൂക്കോസ് (48).
മെക്കാനിക്കായി നാട്ടില്‍ ജോലി ചെയ്‌തിരുന്ന ലൂക്കോസ് 18 വർഷം മുമ്ബാണ് കുവൈറ്റിലെത്തിയത്. അവിടെ കെ ജി എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻബിടിസി ഗ്രൂപ്പിന്റെ സൂപ്പർവൈസറായി അദ്ദേഹം മാറി. കഷ്‌ടപ്പാടിലൂടെ ജീവിതം മെച്ചപ്പെടുത്തി വരുന്നതിനിടെയാണ് ലൂക്കോസിന്റെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്.
കൊല്ലം ആദിച്ചനല്ലൂർ സ്വദേശിയായ ലൂക്കോസിന്റെ മൂത്ത മകള്‍ ലിദിയക്ക് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. മകളുടെ അഡ്‌മിഷന് വേണ്ടി അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് മരണം ലൂക്കോസിനെ തേടിയെത്തിയത്. മകള്‍ ഉയർന്ന മാർക്ക് നേടി വിജയിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവും ലൂക്കോസിനുണ്ടായിരുന്നുവെന്ന് പഞ്ചായത്തംഗം എല്‍ ഷാജി പറഞ്ഞു.
ലൂക്കോസിന്റെ ഭാര്യ ഷൈനി വീട്ടമ്മയാണ്. ഇവർക്ക് രണ്ട് പെണ്‍മക്കളാണ്. ഇളയ മകള്‍ ലോയ്‌സ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.