വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളറിയാൻ എല്ലാ ദിവസവും കുവൈറ്റില്‍ നിന്ന് വീഡിയോകോള്‍ വരാറുള്ളതാണ് കാസർകോട് സ്വദേശിയായ കേളു. എന്നാല്‍, ഇന്നലെ അതുണ്ടായില്ല. ഭാര്യ കെഎൻ മണി കാത്തിരുന്ന് മടുത്തു.
അതിനിടെയാണ് കുവൈറ്റില്‍ തീപിടിത്തമുണ്ടായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയുന്നത്. ഭർത്താവ് കേളുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.
തീപ്പിടിത്തവിവരമറിഞ്ഞ് അത് അന്വേഷിക്കാൻ പോയതായിരിക്കും. ഫോണെടുെത്തിട്ടുണ്ടാകില്ലെന്ന് പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ സീനിയർ ക്ലാർക്കായ മണിയെ സഹപ്രവർത്തകർ ആശ്വസിപ്പിച്ചു. ഭർത്താവിന്റെ വിളി കാത്തിരുന്ന മണി വൈകുന്നേരത്തോടെ തളർന്നുപോയി. ഇവരെ സഹപ്രവർത്തകർ ഇളമ്ബച്ചിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഒടുവില്‍ നിർത്താതെ കരയുന്ന മണിയെ ബന്ധുക്കള്‍ക്ക് സമാധാനിപ്പിക്കാൻ പോലുമാകാതെയായി.
പിലിക്കോട് എരവിലെ നിർധന കുടുംബത്തിലെ ഏഴുമക്കളില്‍ ആറാമത്തെയാളാണ് കേളു. ചെറുവത്തൂർ ടെക്‌നിക്കല്‍ ഹൈസ്കൂളില്‍ നിന്ന് ടിഎച്ച്‌എസ്‌എല്‍സിക്ക് ശേഷം കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിംഗ് പാസായി. പിന്നീട് കുവൈറ്റിലായിരുന്നു. കുവൈത്തില്‍ എൻബിടിസി ഗ്രൂപ്പില്‍ പ്രൊഡക്ഷൻ എൻജിനീയറായി ജോലിയിലിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ നാട്ടിലെത്തി തിരിച്ചുപോയതാണ്.