യു.കെ: അക്കരെ നിന്നൊരു മാരൻ; നാല് വര്‍ഷം നീണ്ട ഡേറ്റിംഗ്, ഒടുവില്‍ നെയ്യാറ്റിൻകരക്കാരി യുവതിക്ക് വരൻ യുകെക്കാരൻ യുവാവ്

അക്കരെ നിന്നൊരു മാരൻ; നാല് വര്‍ഷം നീണ്ട ഡേറ്റിംഗ്, ഒടുവില്‍ നെയ്യാറ്റിൻകരക്കാരി യുവതിക്ക് വരൻ യുകെക്കാരൻ യുവാവ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ തൊഴുക്കല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ കടല്‍ കടന്നൊരു കല്യാണം നടക്കുന്നു. 2020 ഒക്ടോബറില്‍ ‘ഓക്കെ ക്യുപിഡ്’ എന്ന ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട സാമുവല്‍ റോബിൻസണ്‍ എന്ന യുകെക്കാരനും ദീപിക വിജയൻ എന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയും ഈ മാസം 15-ന് വിവാഹത്തിനായി പരസ്പരം കൈപിടിക്കുമ്ബോള്‍ സഫലമാകുന്നത് നാല് വർഷം നീണ്ട ദീർഘദൂര പ്രണയസാക്ഷാത്കാരമാണ്.

പ്രണയത്തിലായിക്കഴിഞ്ഞ് ദിവസത്തില്‍ 24 മണിക്കൂറും വിഡിയോ കോളില്‍ പരസ്പരം കണക്ടഡായിരിക്കുന്ന ഇവർക്ക് ഇനി മൊബൈല്‍, ലാപ്ടോപ്പ് സ്ക്രീനുകളുടെ പരിമിതിയില്ല. വെയില്‍സില്‍ നിന്നുള്ള സാം മലയാളത്തിൻ്റെ മരുമകനാകുമ്ബോള്‍ കൗതുകങ്ങളേറെയുണ്ട്.

സാമൂഹിക ഉത്കണ്ഠ അഥവാ സോഷ്യല്‍ ആങ്ക്സൈറ്റിയുള്ള സാമിൻ്റെ ഡേറ്റിംഗ് ജീവിതം അത്ര സുഖകരമായിരുന്നില്ല. ആളുകളെ പരിചയപ്പെടാനും സംസാരിക്കാനും ബുദ്ധിമുട്ടിയിരുന്ന സാമിനോട് ഡേറ്റിംഗ് ആപ്പ് പരീക്ഷിക്കാൻ പറഞ്ഞത് അമ്മ പൗളയായിരുന്നു.

അങ്ങനെ സാം വിവിധ ഡേറ്റിംഗ് ആപ്പുകളില്‍ അക്കൗണ്ട് ഉണ്ടാക്കി. ഇവിടെ പലതില്‍ നിന്നും അവന് ചില മോശം അനുഭവങ്ങളുണ്ടായി. ഡേറ്റിംഗ് ആപ്പ് തനിക്ക് പറ്റിയതല്ലെന്ന തിരിച്ചറിവിൻ്റെ നിരാശയില്‍ കഴിയുമ്ബോഴാണ് കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ മാച്ചാവുന്നത്.

ജീവിതത്തിലിന്നുവരെ ഒരു ഇന്ത്യൻ സ്വദേശിയെ പരിചയപ്പെട്ടിട്ടില്ലാത്ത സാമിന് ആ പ്രൊഫൈല്‍ കൗതുകമായി. അങ്ങനെ പരസ്പരം പരിചയപ്പെട്ടു. ആ പരിചയം വളർന്ന് ഒടുവില്‍ ഇരുവരും വിവാഹത്തിൻ്റെ ചൂടിലെത്തിനില്‍ക്കുന്നു. റിയല്‍ ലൈഫില്‍ ഡേറ്റിംഗ് ശരിയാവാത്തതിനാലും ഒറ്റപ്പെട്ടു തുടങ്ങിയതിനാലുമാണ് ദീപിക ഡേറ്റിംഗ് ആപ്പില്‍ അക്കൗണ്ട് തുടങ്ങുന്നത്. സിനിമയിഷ്ടമുള്ള ഇരുവർക്കും അതായിരുന്നു സംസാരിക്കാനുള്ള കാരണം.

ഡേറ്റിംഗ് ആപ്പില്‍ മെസേജുകളിലൂടെ സംസാരിച്ച്‌ തുടങ്ങിയ ഇരുവരും വളരെ വേഗം കണക്റ്റായി. തുടർന്ന് ഹാങ്ങൗട്ടിലേക്കും ഡിസ്കോർഡിലേക്കും ചാറ്റിംഗ് നീണ്ടു സിനിമകള്‍ രണ്ട് പേരുടെയും പൊതുവായ ഇഷ്ടമായിരുന്നു. ദീപിക മലയാള സിനിമകളെ സാമിനു പരിചയപ്പെടുത്തിയപ്പോള്‍ സാം മറ്റ് പല ഭാഷകളിലെ സിനിമകളും പരിചയപ്പെടുത്തി.

ഡിസ്കോർഡില്‍ ഒരുമിച്ച്‌ സിനിമ കണ്ട് പരസ്പരമുള്ള സിനിമാ ഇഷ്ടത്തില്‍ ഇരുവരും കൂടുതല്‍ കണക്റ്റായി. ആദ്യ കാലങ്ങളില്‍ ഓരോ സിനിമ കണ്ടതിനു ശേഷവും കോള്‍ കട്ട് ചെയ്ത് ചാറ്റിലൂടെ കണ്ട സിനിമയെപ്പറ്റി ഇരുവരും സംസാരിക്കുമായിരുന്നു. സാവധാനത്തില്‍ ഡിസ്കോർഡിലെ കോള്‍ കട്ട് ചെയ്യാതെ സംസാരിക്കാനാരംഭിച്ചു. സിനിമകളെപ്പറ്റി പറഞ്ഞുതുടങ്ങിയ ഇരുവരും സാവധാനം കൂടുതല്‍ സംസാരിക്കാൻ ആരംഭിച്ചു. വിഡിയോ കോള്‍ ഒരിക്കലും അവസാനിക്കാത്തതായി. കോളിലിരുന്ന് തന്നെ ഇരുവരും തങ്ങളുടെ കാര്യങ്ങള്‍ ചെയ്തു.

പരിചയപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും ഡേറ്റ് ചെയ്യാനാരംഭിച്ചു. അപ്പോഴും ഡേറ്റിംഗ് വിവാഹത്തിലെത്തുമെന്ന് അവർ കരുതിയില്ല. ലോകം മുഴുവൻ കൊവിഡില്‍ അടഞ്ഞുകിടന്നതിനാല്‍ ഇരുവർക്കും പരസ്പരം നേരിട്ട് കാണാനായില്ല. കൊവിഡ് യാത്രാ വിലക്കുകള്‍ മാറിയ സമയത്ത് സാം ദീപികയെ കാണാൻ നെയ്യാറ്റിൻകരയിലെ വീട്ടിലെത്തി. വിമാനത്താവളത്തില്‍ വച്ച്‌ പരസ്പരം ആദ്യമായി കണ്ടപ്പോള്‍ തന്നെ ഇരുവരും ഉറപ്പിച്ചു, എൻ്റെ ജീവിതപങ്കാളി ഇയാള്‍ തന്നെ.

പിന്നെ കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. ഇരുവരുടെയും വീട്ടില്‍ വലിയ എതിർപ്പുകളൊന്നുമുണ്ടായില്ല. രണ്ട് കുടുംബവും മതനിബന്ധനങ്ങളില്‍ കുരുങ്ങിയ ആളുകളായിരുന്നില്ല. ഇരുവരെയും വ്യക്തികളെന്ന നിലയില്‍ ബഹുമാനിക്കാനും അവരുടെ തീരുമാനങ്ങളെ പിന്തുണയ്ക്കാനും കുടുംബത്തിനു സാധിച്ചു. ഡേറ്റിംഗ് ആപ്പിലെ പ്രണയം എന്ന സാങ്കേതികത മാത്രമേ അവരെ പറഞ്ഞ് മനസിലാക്കേണ്ടിവന്നുള്ളൂ.

രണ്ടാം തവണ ദീപികയെ കാണാൻ വന്നപ്പോള്‍ സാം ഔദ്യോഗികമായി പ്രപ്പോസ് ചെയ്തു. വിവാഹത്തിന് 10 ദിവസം മുൻപ്, ജൂണ്‍ ആറിന് തന്നെ സാമിൻ്റെ കുടുംബം നെയ്യാറ്റിൻകരയിലെത്തി. ജാഗ്വാറിലെ മുൻ മെക്കാനിക്കായ ഫ്രാൻസിസും ഭാര്യയും നഴ്സുമായ പൗളയും സാമിൻ്റെ ഇളയസഹോദരൻ ഹാരിയും ഇപ്പോള്‍ നെയ്യാറ്റിൻകരയിലാണുള്ളത്.

ഇംഗ്ലണ്ട് സ്വദേശികളായ ഇരുവരും വിവാഹത്തിനു ശേഷം ഗ്രാമാന്തരീക്ഷത്തില്‍ കുട്ടികളെ വളർത്തുന്നതിനായി വെയില്‍സിലേക്ക് മാറുകയായിരുന്നു. ഫ്രാൻസിസിനും പൗളയ്ക്കും രണ്ട് കുതിരകളുണ്ട്. പണ്ട് മുതലേ ഇരുവരുടെയും പ്രിയപ്പെട്ട ജീവികളാണ് കുതിരകള്‍. രസകരമായ ഒരു കാര്യമെന്നാല്‍, ഇരുവരുടെയും ഒരു പഴയ കുതിരയുടെ പേരാണ് സാമിനും നല്‍കിയിരിക്കുന്നത്.

യുകെയിലെ ബ്രോട്ടണ്‍ എന്ന സ്ഥലത്ത് എയർബസ് എന്ന കമ്ബനിയില്‍ സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റായാണ് നിലവില്‍ സാം ജോലി ചെയ്യുന്നത്. കണ്ണൂർ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ (നിഫ്റ്റ്) നിന്ന് പഠനം പൂർത്തിയാക്കിയ ദീപിക ജോലി അന്വേഷണത്തിലാണ്.

തൊഴുക്കല്‍ മോളിയുടെയും (സൂസി) വിജയകുമാറിൻ്റെയും മകളാണ് ദീപിക. വിജയകുമാർ നിലവില്‍ വിശ്രമജീവിതം നയിക്കുന്നു. മോളി ഹൗസ് വൈഫാണ്. സഹോദരി പ്രിയയും ഇരട്ടസഹോദരൻ ദീപും പ്രിയയുടെ ഭർത്താവ് ബാസിത്തും അടങ്ങുന്നതാണ് കുടുംബം.

You May Like

Breaking News

error: Content is protected !!