യുകെയില്‍ ചില രക്തഗ്രൂപ്പുകളിലെ ശേഖരം വലിയ തോതില്‍ കുറഞ്ഞതോടെ ദേശീയ അലേര്‍ട്ട് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. ഒ-നെഗറ്റീവ്, ഒ-പോസിറ്റീവ് രക്ത ഗ്രൂപ്പുകളുടെ ദേശീയ സ്റ്റോക്കില്‍ അസാധാരണമായ കുറവാണ് സംഭവിച്ചിരിക്കുന്നത്.
ആശുപത്രികളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും, രക്തദാതാക്കള്‍ ആവശ്യത്തിന് മുന്നോട്ട് വരാത്തതും ചേര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് എന്‍എച്ച്എസ് ബ്ലഡ് ട്രാന്‍സ്പ്ലാന്റ് വ്യക്തമാക്കി.
രണ്ട് ദിവസത്തില്‍ താഴെ ഉപയോഗിക്കാന്‍ കഴിയുന്ന തോതില്‍ രക്തത്തിന്റെ സ്റ്റോക്ക് താഴുന്നതോടെയാണ് അലേര്‍ട്ട് പുറപ്പെടുവിക്കുക. ഒ-നെഗറ്റീവ് ഗ്രൂപ്പില്‍ ഇപ്പോള്‍ ശേഖരം 1.6 ദിവസമായി താഴ്ന്നിട്ടുണ്ട്. എല്ലാ തരത്തിലുള്ള രക്തഗ്രൂപ്പുകളും 4.3 ദിവസത്തേക്ക് മാത്രമാണുള്ളത്.
ഇതോടെയാണ് രക്തദാതാക്കള്‍ അടിയന്തരമായി മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. ഒ ഗ്രൂപ്പ് രക്തദാതാക്കളെയാണ് അടിയന്തരമായി ആവശ്യമുള്ളത്. ഇവര്‍ സ്ഥിരമായുള്ള ഡോണര്‍ സെന്ററുകളിലോ, 235 മൊബൈല്‍ രക്തദാന കളക്ഷന്‍ ടീമുകളുടെ സേവനം ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന.