ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ജീവനെടുക്കുന്ന നാല് പ്രധാന കൊലയാളി രോഗങ്ങളെ നേരിടാന്‍ 2050-ഓടെ പ്രതിവര്‍ഷം 86 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്ന് മുന്നറിയിപ്പ്. ഇതോടെ മദ്യപാനം, ജങ്ക് ഫുഡ്, പുകവലി എന്നിവയ്ക്ക് എതിരായി കര്‍ശനമായ നടപടി വേണമെന്ന ആവശ്യം ശക്തമായി.
ജനസംഖ്യയ്ക്ക് പ്രായമേറുന്നതിനാല്‍ കാന്‍സര്‍, ഹൃദ്രോഗം, ഡിമെന്‍ഷ്യ, സ്‌ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കു എതിരായ ചെലവ് 2018-ല്‍ 51.9 ബില്ല്യണ്‍ പൗണ്ടിലേക്ക് ഉയര്‍ന്നിരുന്നു. ഇത് 2050 എത്തുമ്പോള്‍ 61% വര്‍ദ്ധിച്ച് 85.6 ബില്ല്യണ്‍ പൗണ്ടിലേക്ക് കുതിക്കുമെന്നാണ് കണ്ടെത്തല്‍.
ആകെ മരണങ്ങളുടെ 59 ശതമാനവും ഈ നാല് അവസ്ഥകള്‍ മൂലമാണ് സംഭവിക്കുന്നത്. ഏകദേശം 5.1 മില്ല്യണ്‍ വര്‍ഷങ്ങളുടെ ആയുസ്സാണ് രോഗം മൂലം നഷ്ടമാകുന്നത്. ലാന്‍സെറ്റ് ഹെല്‍ത്തി ലോഞ്ചിവിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന ഇടപെടല്‍ വേണമെന്ന് ഗവണ്‍മെന്റിനെ ഓര്‍മ്മിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രവചിക്കപ്പെടുന്ന ഈ ചെലവുകള്‍ ട്രഷറിയെ ഭയപ്പെടുത്തുന്നതാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ യൂറോപ്യന്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ മാര്‍ട്ടി മക്കി പറഞ്ഞു. 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ ഉയരുമ്പോള്‍ ഡിമെന്‍ഷ്യ ചെലവ് മാത്രം ഇരട്ടിച്ച് 23.5 ബില്ല്യണ്‍ പൗണ്ടിലെത്തുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.