ബ്രിട്ടനില്‍ കോവിഡിനുശേഷം അനാരോഗ്യം മൂലം പണിയെടുക്കാത്ത ആളുകളുടെ എണ്ണം ആറിരട്ടിയാണ് കൂടിയതായി റിപ്പോർട്ട്. ദീര്‍ഘകാല രോഗാവസ്ഥകള്‍ മൂലം ജോലി ചെയ്യാത്ത ആളുകളുടെ എണ്ണം ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ കൊവിഡിന് ശേഷം ആറിരട്ടി വര്‍ദ്ധിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം 2.8 മില്ല്യണ്‍ ആളുകളാണ് രോഗം മൂലം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. മഹാമാരി രാജ്യത്തെ പിടിച്ചുകുലുക്കുന്നതിന് മുന്‍പത്തെ കണക്കുകളില്‍ നിന്നും 700,000 പേരുടെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.
മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കുതിച്ചുയരുന്നത് സാമ്പത്തിക സ്തംഭനാവസ്ഥ പ്രതിസന്ധിയായി വര്‍ദ്ധിപ്പിക്കുന്നുണ്ട്. സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി ഈ വിഷയം നേരിടുമെന്ന് ലേബര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി ആനുകൂല്യങ്ങളായി നികുതിദായകന്റെ ബില്ല്യണുകള്‍ ഒഴുകുന്നതിനും പരിഹാരം കാണുമെന്നാണ് പുതിയ ഗവണ്‍മെന്റിന്റെ വാഗ്ദാനം.
യുവാക്കള്‍ പോലും രോഗങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും പുറത്തിരിക്കുന്നതായി റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. 40-കളില്‍ വരെ പ്രായമുള്ളവരെ ദീര്‍ഘകാല രോഗങ്ങള്‍ വീട്ടിലിരുത്തുന്നു. ഡോവറിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യാതിരിക്കുന്നതില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായത്, ഏകദേശം 14 ശതമാനം. കേംബ്രിഡ്ജാണ് രണ്ടാമത്തെ വലിയ വര്‍ദ്ധന നേരിടുന്നത്, 6 ശതമാനം.