
മസ്‌കറ്റ്: ഒമാനിലെ ദഹിറ ഗവര്‍ണറേറ്റില്‍ യാന്‍ഖൂല്‍ വിലായത്തില്‍ പുതിയ മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റ് നിര്‍മാണ പ്രവൃത്തികള്‍ 90 ശതമാനത്തിലധികം പൂര്‍ത്തിയായതായും ഈ വര്‍ഷം അവസാനത്തോടെ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് മാര്‍ക്കറ്റ് നിര്‍മാണം പുരോഗമിക്കുന്നത്.
ഒമാന്‍ ഓയില്‍ ഡെവലപ്മെന്റ് കമ്പനിയുടെ ധനസഹായത്തോടെ നിര്‍മിക്കുന്ന മത്സ്യ മാര്‍ക്കറ്റ് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയത്തിലെ ഫിഷ് മാര്‍ക്കറ്റ് സൂപ്പര്‍വൈസര്‍ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ അലവി പറഞ്ഞു. ഈ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാവുന്നതോടെ രാജ്യത്തെ മത്സ്യ വിപണന മേഖലയെ അത് ഉത്തേജിപ്പിക്കുകയും പ്രദേശവാസികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1,366 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഫിഷ് മാര്‍ക്കറ്റ് ഒരുങ്ങുന്നത്. ആധുനിക രീതിയില്‍ പണികഴിപ്പിക്കുന്ന ഈ മാര്‍ക്കറ്റില്‍ മത്സ്യം വില്‍ക്കുന്നതിനുള്ള 24 പ്ലാറ്റ്ഫോമുകള്‍, മത്സ്യം മുറിക്കുന്നതിനുള്ള 12 മേശകള്‍, മൊത്ത വില്‍പ്പനയ്ക്കുള്ള ഒരു ഹാള്‍, അഞ്ച് ടണ്‍ വരെ ഉല്‍പ്പാദന ശേഷിയുള്ള ഐസ് നിര്‍മ്മാണ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഒരു കോള്‍ഡ് സ്റ്റോറേജ്, മീന്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള ഒരു പ്ലാറ്റ്‌ഫോം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍, ഒരു കഫേ, ജീവനക്കാര്‍ക്ക് വസ്ത്രം മാറുന്നതിനുള്ള ഡ്രസ്സിംഗ് റൂമുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുന്നുണ്ട്.