മസ്കറ്റ് : ഇന്ത്യയിലെ മികച്ച രുചികള്‍ ആഘോഷിക്കാന്‍ പുതിയ പ്രമോഷന്‍ പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര ഹൈപര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു. ഇന്ത്യന്‍ എംബസ്സിയുമായി സഹകരിച്ച് പ്രീമിയം ഇന്ത്യന്‍ ബസ്മതി അരി, മാംസം, മുട്ടയടക്കമുള്ള ഉത്പന്നങ്ങള്‍ തുടങ്ങിയവ വലിയ വിലക്കുറവില്‍ ലഭ്യമാക്കും. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് ബൗശര്‍ ലുലുവില്‍ പ്രമോഷന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര സഹകരണത്തിന്റെ ചരിത്രം അംബാസഡര്‍ ഊന്നി പറഞ്ഞു. ഇത്തരം സംരംഭങ്ങള്‍ അത്തരം സഹകരണം പുതിയ തലത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാര്‍ഷിക പവര്‍ ഹൗസ് ആണ് ഇന്ത്യ. കാര്‍ഷിക, മാംസ, പൗള്‍ട്രി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന പരമോന്നത സമിതിയായ അപെഡ ഈ പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. ഇതുവഴി മുപ്പതിലേറെ പ്രദര്‍ശകരുണ്ടാകും. പരിപാടിയിൽ ലുലുവിനെ പ്രശംസിച്ച അദ്ദേഹം ഈ പരിപാടി ഇന്ത്യന്‍ ഉത്പാദനത്തിന്റെ ശക്തിയെ ഒമാനിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്നും പറഞ്ഞു.
അതുല്യ സംരംഭത്തില്‍ എംബസ്സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഒമാന്‍ ഇന്ത്യ ഡയറക്ടര്‍ ആനന്ദ് എ വി പറഞ്ഞു. അതിര്‍ത്തികള്‍ ഭേദിച്ച് ഭക്ഷണം ജനങ്ങളെ ബന്ധപ്പെടുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ഇന്ത്യയില്‍ നിന്നുള്ള ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ലുലു ഉപഭോക്താക്കള്‍ക്ക് പരിചയിക്കാനുള്ള ജാലകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.