കുവൈറ്റ്: വീട് വാടകക്ക് കർശന നിയമം വരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീടുകളിലോ കെട്ടിടങ്ങളിലോ താമസിക്കാന്‍ ഇനി സാധിക്കില്ല. ഓരോ താമസ ഇടങ്ങളിലും പാര്‍ക്കുന്നവരുടെ പേരു വിവരങ്ങള്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന കാര്യം ഉറപ്പാക്കണമെന്ന് പ്രോപ്പര്‍ട്ടി ഉടമകള്‍ക്കും വീട്ടുടമകള്‍ക്കും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്.

നിലവില്‍ നിയമാനുസൃതമായ താമസക്കാര്‍ മാത്രമാണ് കെട്ടിടത്തില്‍ ഉള്ളതെന്ന് വ്യക്തമാക്കണമെന്നു മാത്രമല്ല, നിലവില്‍ താമസിക്കാത്ത ആരുടെയെങ്കിലും പേരുകള്‍ കെട്ടിടത്തിലെ താമസക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താമസക്കാരല്ലാത്ത വ്യക്തികളെ അവരുടെ വിലാസ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ അവരുടെ വിരലടയാളം നല്‍കേണ്ടതുണ്ടെന്ന് പിഎസിഐയിലെ രജിസ്‌ട്രേഷന്‍ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജാബര്‍ അല്‍ കന്ദരി പറഞ്ഞു. താമസക്കാരുടെ പേരുകള്‍ തെറ്റായ രീതിയില്‍ നീക്കം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

താമസക്കാരല്ലാത്തവരുടെ പേരുകളാണ് രജിസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായാല്‍ താമസക്കാര്‍ക്കും കെട്ടിട ഉടമകള്‍ക്കുമെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റെസിഡന്‍ഷ്യല്‍ ഡാറ്റയുടെ കൃത്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കര്‍ശനമാക്കുന്നത്. നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

കെട്ടിടം പൊളിച്ചുമാറ്റുന്നതിനാലോ താമസക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായോ നേരത്തേ രജിസ്റ്റര്‍ ചെയ്ത പേരുകള്‍ ഡിലീറ്റ് ചെയ്യാനുള്ള കെട്ടിട ഉമടയുടെ അപേക്ഷ ലഭിച്ചാല്‍ ആ പേരുവിവരങ്ങള്‍ കുവൈറ്റ് അല്‍ യൗം (കുവൈത്ത് ടുഡേ) പത്രത്തില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനകം ബന്ധപ്പെട്ട വ്യക്തിക്കോ കുടുംബനാഥനോ അവരുടെ പുതിയ വിലാസം പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാനാവും. എന്നാല്‍ 30 ദിവസത്തിന് ശേഷം 15 ദിവസത്തെ ഗ്രേസ് പിരീഡ് കൂടി പുതിയ താമസം അഡ്രസ് നല്‍കുന്നതിനായി അനുവദിക്കും. ഈ കാലയളവില്‍ വിലാസം രജിസ്റ്റര്‍ ചെയ്യുന്നവര്‍ 20 ദിനാര്‍ ഫീസ് അടക്കേണ്ടിവരും. ഈ ഗ്രേസ് പിരീഡിലും പുതിയ അഡ്രസിലേക്ക് മാറാത്തവരില്‍ നിന്ന് 100 ദിനാര്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവിലുള്ള പേരുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് പ്രോപ്പര്‍ട്ടി ഉടമകള്‍ ഹൗസ് ഡോക്യുമെന്റ് പോലെയുള്ള സ്വത്ത് ഉടമസ്ഥതയുടെ തെളിവുമായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സന്ദര്‍ശിക്കണം. അതുപോലെ, വിലാസം നഷ്ടമായ വ്യക്തികള്‍ പാട്ടക്കരാര്‍ അല്ലെങ്കില്‍ വീടിന്റെ രേഖ പോലുള്ള പ്രസക്തമായ ഡോക്യുമെന്റേഷനുകള്‍ക്കൊപ്പം 30 ദിവസത്തിനുള്ളില്‍ അവരുടെ പുതിയ താമസ വിലാസം സമര്‍പ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

ഒമാന്‍: മലയാളി പെണ്‍കുട്ടി ഒമാനില്‍ മരിച്ചു

Wed Jul 31 , 2024
Share on Facebook Tweet it Pin it Email മസ്‌കത്ത്: അസുഖത്തെ തുടർന്ന് മലയാളി ബാലിക ഒമാനില്‍ നിര്യാതയായി. തൃശ്ശൂർ കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫസലിന്റെ (ഷാഹി ഫുഡ്സ് സെയില്‍സ്മാൻ) മകള്‍ ഹന ഫാത്തിമ (ഏഴ്) ആണ് കഴിഞ്ഞ ദിവസം സമാഇല്‍ ആശുപത്രിയില്‍ മരിച്ചത്. മാതാവ്: തസ്‌നീം. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ തുടർനടപടികള്‍ പൂർത്തിയാക്കി സമാഇല്‍ അല്‍ തസ്സിൻ ഖബർ സ്ഥാനില്‍ മറവു ചെയ്തു.

You May Like

Breaking News

error: Content is protected !!