ലണ്ടന്‍: പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കാനും, നികുതി വര്‍ദ്ധനവ് നടപ്പാക്കാനും, സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വൈകിപ്പിക്കാനും വഴിയൊരുക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. 40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള ബോറിസ് ജോണ്‍സന്റെ മുന്‍നിര പദ്ധതിയും സ്റ്റോണ്‍ഹെഞ്ചിനെ മറികടന്ന് നിര്‍ദിഷ്ട രണ്ട് മൈല്‍ റോഡ് ടണലും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ടായിരിക്കുന്ന പണത്തിന്റെ വിടവ് നികത്തുന്നതിനുള്ള നികുതി വര്‍ദ്ധനവിന്റെ പ്രഖ്യാപനം ബഡ്ജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള തീയതിയും ഇന്നത്തെ ചാന്‍സലറുടെ പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് നിഗമനം. പൊതു ഉടമസ്ഥതയിലുള്ള മിച്ച സ്വത്ത് വില്‍ക്കുവാനും കണ്‍സള്‍ട്ടന്റുമാര്‍ക്ക് വേണ്ടിയുള്ള ആവശ്യമില്ലാത്ത ചെലവുകള്‍ അവസാനിപ്പിക്കുവാനും ഉടന്‍ നടപടിയുണ്ടാകും.
അതിനാല്‍ ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. ബ്രിട്ടനിലെ പൊതു ധനകാര്യ കണക്കുകളില്‍ 20 ബില്യണ്‍ പൗണ്ടിന്റെ വിടവ് നികത്താന്‍ ശക്തമായ നീക്കമാണ് സര്‍ക്കാര്‍ കൊണ്ടുവരിക. ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടിവരും. ടാക്സ് വര്‍ദ്ധനവും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ആശുപത്രി നിര്‍മ്മാണവും റോഡ് ടണല്‍ നിര്‍മ്മാണവുമൊക്കെയായി മുന്‍ സര്‍ക്കാര്‍ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും. നികുതി വര്‍ദ്ധനവ് നിലനില്‍പ്പിന് അടിയന്തരമായി വേണ്ടിവരുന്ന അവസ്ഥയാണ്.14 വര്‍ഷം കൊണ്ട് ടോറി ഗവണ്‍മെന്റ് ശേഷിപ്പിച്ച സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ചാന്‍സലര്‍ തുറന്നടിച്ചിരുന്നു. ടോറി ഗവണ്‍മെന്റ് ഖജനാവിലെ അവസ്ഥ വെളിപ്പെടുത്തിയില്ലെന്നും പലതും മറച്ചുവച്ചെന്നും ചാന്‍സര്‍ കുറ്റപ്പെടുത്തി. തെറ്റായ സര്‍ക്കാര്‍ തീരുമാനമാണ് ബാധ്യതയായി മാറിയതെന്നും ടോറി സര്‍ക്കാരിനെ വിമര്‍ശിച്ച് ചാന്‍സലര്‍ പറഞ്ഞു. ചെലവു ചുരുക്കലും ടാക്സ് വര്‍ദ്ധനവുമായി പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം ചുമത്താനുള്ള സൂചനകളാണ് ചാന്‍സലര്‍ നല്‍കുന്നത്. അതേസമയം എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും 5.5% ശമ്പളവര്‍ദ്ധന നല്‍കാനുള്ള പദ്ധതിക്ക് ചാന്‍സലര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.