ലണ്ടന്‍: വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ യുകെയിലെ ഷ്രൂസ്ബെറിയിലെ മലയാളി നഴ്സിന്റെ ഏഴംഗ കുടുംബവും. മുണ്ടക്കൈയിലെ തോട്ടം തൊഴിലാളികളുടെ കുടുംബത്തില്‍ നിന്നും നഴ്സിംഗ് പാസായാണ് ഹര്‍ഷ യുകെയിലെത്തിച്ചത്. നാട്ടുകാരാണ് അധികൃതരെ യുകെയിലുള്ള ഹര്‍ഷയുടെ കാര്യം പറയുന്നതും കുടുംബത്തെ കാണുന്നില്ലായെന്ന് അറിയിച്ചതും. ഹര്‍ഷയുടെ അച്ഛനും അമ്മയും അടക്കം ഏഴുപേരെയാണ് കണ്ടെത്തേണ്ടത്. ഹര്‍ഷയുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു വലിയ പാറക്കല്ലാണ് അവശേഷിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ ഒട്ടേറെ വീടുകളാണ് വെള്ളാര്‍മലയിലും മുണ്ടക്കൈയിലും ഒക്കെ ഇല്ലാതായിരിക്കുന്നത്.
നാടിന്റെയും വീടിന്റെയും പ്രിയപ്പെട്ടവളായി യുകെയിലേക്ക് പറന്ന ഹര്‍ഷ ഷ്രൂസ്ബെറി ആശുപത്രി വാര്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മാസം പിതാവ് ബാലചന്ദ്രന്റെ പിറന്നാള്‍ വന്നപ്പോള്‍ ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിന്‍ മകള്‍ വാങ്ങിച്ചു നല്‍കിയത് വലിയ അഭിമാനത്തോടെ ഹര്‍ഷയുടെ പിതാവ് പറഞ്ഞത് നാട്ടുകാര്‍ അനുസ്മരിക്കുന്നു. മാതാപിതാക്കളുടെ കഷ്ടപ്പാടിന് ഫലം കണ്ടത് ഹര്‍ഷ യുകെയിലേക്ക് പോന്നതിനു ശേഷം ആണെന്നും നാട്ടുകാര്‍ പറയുന്നു. ഉറ്റവരെ തേടിയെത്തുന്ന ഹര്‍ഷയെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നവര്‍ക്കറിയില്ല.