ലണ്ടന്‍: സംശയത്തിന്റെ പേരില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് 22 വര്‍ഷം ജയില്‍ശിക്ഷ. 46-കാരനായ അമിനാന്‍ റഹ്‌മാനാണ് 24-കാരി ഭാര്യ സുമാ ബീഗത്തെ കൊലപ്പെടുത്തിയത്. ഭാര്യയുടെ സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കെയ്സിലാക്കി തേംസ് നദിയില്‍ വലിച്ചെറിയുകയാണ് ചെയ്തത്. കാമുകനായ 24-കാരന്‍ ഷാഹിന്‍ മിയയെ വീഡിയോ കോള്‍ ചെയ്ത് കൃത്യങ്ങള്‍ക്ക് സാക്ഷിയാക്കുകയും ചെയ്തു. ഈസ്റ്റ് ലണ്ടന്‍ ഡോക്ക്ലാന്‍ഡ്സിലെ ഫ്ളാറ്റില്‍ ബീഗത്തിന്റെ ചലനമറ്റ ശരീരം കിടക്കുന്നത് ഉള്‍പ്പെടെ വീഡിയോ കോളില്‍ കാണിച്ചു. ‘നീ കാരണമാണ് എല്ലാം സംഭവിച്ചതെന്ന്’ റഹ്‌മാന്‍ മിയയോട് ആക്രോശിച്ചു. രണ്ടും, നാലും വയസ്സുള്ള കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ചാണ് അമ്മയെ സ്യൂട്ട്കെയ്സിലാക്കിയത്. ഇതിന് ശേഷം പെട്ടി ലിയാ നദിയില്‍ ഉപേക്ഷിച്ചു. പത്ത് ദിവസത്തിന് ശേഷം തേംസിന്റെ കരയില്‍ പെട്ടി അടിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. അമ്മയെ കൊലപ്പെടുത്തുന്നതിന് സാക്ഷിയായ മകന്‍ ഇത് എന്തോ കളിയാണെന്ന് കരുതി പുതപ്പിച്ച ഷീറ്റിന് അടിയില്‍ ഒപ്പം കയറിക്കിടന്നു. കുട്ടിയെ ഒപ്പം കൂട്ടിയാണ് റഹ്‌മാന്‍ സ്യൂട്ട്കെയ്സ് ഉപേക്ഷിച്ചത്. ചെറിയ കുട്ടിയുടെ മനസ്സില്‍ അമ്മയുടെ കൊലപാതകം എക്കാലവും മാനസികമായ മുറിവായി നിലകൊള്ളുമെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ചുരുങ്ങിയത് 22 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് റഹ്‌മാന് ജഡ്ജ് വിധിച്ചത്. തന്റെ പ്രായത്തിലുള്ള ഒരാള്‍ക്കൊപ്പം പുതിയ ജീവിതം ആരംഭിക്കാനുള്ള ബീഗത്തിന്റെ മോഹമാണ് റഹ്‌മാന്‍ അവസാനിപ്പിച്ച് കളഞ്ഞതെന്ന് കോടതി വ്യക്തമാക്കി.