യുകെയില്‍ പലയിടത്തും അക്രമ പരമ്പര. കല്ലേറും തീയിടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുടിയേറ്റക്കാര്‍ക്കു നേരേയുള്ള ആക്രമണമാണു നടക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപമാണു നടക്കുന്നതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലിവര്‍പൂളിലുള്ള സൗത്ത് പോര്‍ട്ടില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് പലയിടത്തും അക്രമങ്ങളുണ്ടായത്. കടകള്‍ക്കു നേരേ കല്ലേറുണ്ടായി. ഇതിനിടെ ഒരു മലയാളിയും ആക്രമിക്കപ്പെട്ടു. പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. യുവാവിനു ഗുരുതരമായ പരുക്കുകളില്ല.
ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, സണ്ടര്‍ലാന്‍ഡ്, പോര്‍ട്സ്മൗത്ത്, ഹള്‍, ബ്ലാക്ക്പൂള്‍, ബ്രിസ്റ്റോള്‍, ബെല്‍ഫാസ്റ്റ് സ്റ്റോക്ക്, നോട്ടിംഗ്ഹാം, ലീഡ്സ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് കലാപകാരികള്‍ തെരുവിലിറങ്ങിയത്. ഇതോടൊപ്പം ഈ ഭാഗങ്ങളിലെ ഷോപ്പുകളില്‍ നിന്നും അക്രമികള്‍ വൈന്‍ ബോട്ടിലും, ഷൂവും, ഫോണുകളും വരെ കൊള്ളയടിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്. ലിവര്‍ പൂളില്‍ മുഖത്ത് കാര്യമായ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും.
മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തില്‍ ചുറ്റി നടക്കരുതെന്നും വാട്സാപ് ഗ്രൂപ്പുകളിലൂടെ മലയാളി സംഘടനകള്‍ ഉള്‍പ്പടെ മുന്നറിയിപ്പു നല്‍കി.