ലണ്ടന്‍: ഒന്‍പത് വയസുകാരി മലയാളി പെണ്‍കുട്ടിയെ വെടിവച്ച കുറ്റത്തിന് ഒരാള്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ഹാംഷെയറിലെ ഫാര്‍ണ്‍ബറോയിലുള്ള ജാവോണ്‍ റെയ്ലിന് (32) എതിരേയാണ് കേസെടുത്തത്. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നാല് കൊലപാതക ശ്രമങ്ങള്‍ക്ക് ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. റിമാന്‍ഡ് ചെയ്ത ഇയാളെ സെപ്റ്റംബര്‍ ആറിന് ഓള്‍ഡ് ബെയ്ലിയില്‍ ഹാജരാക്കും. വാഹനം തടഞ്ഞുനിര്‍ത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മെയ് 29 ന് ഈസ്റ്റില്‍ ലണ്ടനിലെ ഡാല്‍സ്റ്റണിലെ കിംഗ്സ്ലാന്റ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റത്. ബൈക്കില്‍ എത്തിയ ആക്രമി കെട്ടിടത്തിനും റസ്റ്റോറന്റിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. കുട്ടി ഇപ്പോഴും സാധാരണ നില കൈവരിച്ചില്ലെന്നാണ് അറിയാന്‍ സാധിച്ചത്. സംസാരശേഷിയും ചലനശേഷിയും പൂര്‍ണ്ണമായും പെണ്‍കുട്ടി വീണ്ടെടുത്തിട്ടില്ല. ബിര്‍മിംഗ്ഹാമില്‍ നിന്നുള്ള മലയാളി കുടുംബം, സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ ലണ്ടനില്‍ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടര്‍ന്ന് യാത്രാമധ്യേ ഹാക്ക്നിയിലെ ടര്‍ക്കിഷ് റസ്റ്റോറന്റില്‍ കയറുകയായിരുന്നു. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായ ആക്രമണത്തിനും ദുരന്തത്തിനും പെണ്‍കുട്ടി ഇരയായത്.