മസ്കത്ത്: ഇന്ത്യൻ ഉള്ളി കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒമാനില്‍ ഉള്ളി വില ഉയർന്നു തന്നെ നില്‍ക്കുകയാണ്.
നിലവില്‍ ഒരു കിലോ ഉള്ളിക്ക് 475 ബൈസ മുതല്‍ 490 ബൈസ വരെയാണ് ഒമാൻ വില. ചില വ്യാപാര സ്ഥാപനങ്ങള്‍ ഓഫറില്‍ കുറഞ്ഞ വിലക്ക് ഉള്ളി വില്‍ക്കാറുണ്ടെങ്കിലും അതൊന്നും ഇന്ത്യൻ ഉള്ളിയല്ല.
പല കാരണങ്ങളാല്‍ കഴിഞ്ഞ ഡിസംബർ അവസാനം മുതല്‍ ഇന്ത്യൻ ഉള്ളിക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെയാണ് ഒമാനില്‍ ഉള്ളിയുടെ വില കുതിച്ചുയർന്നത്. ഇതോടെ ഒമാനില്‍ ഇന്ത്യൻ ഉള്ളി കിട്ടാതാവുകയും മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉള്ളി വില കിലോക്ക് 700 ബൈസയോളം എത്തുകയും ചെയ്തിരുന്നു.
ഇത് സാധാരണ വിലയുടെ മൂന്നിരട്ടിയായിരുന്നു. കഴിഞ്ഞ മേയ് ആദ്യത്തില്‍ ഇന്ത്യൻ ഉള്ളി കയറ്റുമതിക്കുള്ള നിരോധനം കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതോടെ ഇന്ത്യൻ ഉള്ളി മാർക്കറ്റില്‍ എത്തുമെന്നും വില കുറയുമെന്നും പലരും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, കയറ്റുമതി നിരോധനം എടുത്ത് മാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉള്ളി വില ഉയർന്ന് തന്നെ നില്‍ക്കുകയാണ്. നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ മുമ്ബുള്ളതിന്‍റെ ഇരട്ടിയിലധികം വിലയാണ് ഇപ്പോഴും ഒമാൻ മാർക്കറ്റിലുള്ളത്.
അടുക്കളകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കാർഷിക ഉല്‍പന്നമാണ് ഉള്ളി. അതിനാല്‍ ഉള്ളി വില ഉയർന്ന് തന്നെ നില്‍ക്കുന്നത് കുടുംബ ബജറ്റുകളെ ബാധിക്കുന്നുണ്ട്. ഇന്ത്യൻ ഉള്ളികള്‍ വിപണിയിലെത്തിയിട്ടും കഫ്തീരിയകളിലും മറ്റും ഉള്ളി വട അടക്കമുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍പന പുനരാരംഭിച്ചിട്ടില്ല. സലാഡുകളിലും മറ്റും ഉള്ളി സുലഭമായി പ്രത്യക്ഷപ്പെട്ടിട്ടുമില്ല.
ഉള്ളി കയറ്റുമതിക്ക് ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ 40 ശതമാനം കയറ്റുമതി നികുതിയാണ് ഉള്ളി വില കുറയാതിരിക്കാൻ പ്രധാന കാരണമെന്ന് ഒമാനിലെ ഇറക്കുമതി മേഖലയില്‍ പ്രവർത്തിക്കുന്നവർ പറയുന്നു. അതോടൊപ്പം ഉള്ളിക്ക് നിശ്ചയിച്ച ടണിന് 550 ഡോളർ എന്ന ചുരുങ്ങിയ വിലയും നിലവിലുണ്ട്.
ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ കയറ്റുമതി നികുതി കുറക്കാതെ ഉള്ളി വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍, ഇന്ത്യൻ ഉള്ളി ഗുണ നിലവാരത്തില്‍ മികച്ചതായതിനാല്‍ മാർക്കറ്റില്‍ ഏറ്റവും പ്രിയം ഇന്ത്യൻ ഉള്ളിക്കാണ്.
ഗുണ നിലവാരത്തില്‍ രണ്ടാം സ്ഥാനം പാകിസ്താനില്‍ നിന്നുള്ള ഉള്ളിക്കാണ്. ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതി നിരോധനം മറ്റു രാജ്യങ്ങളിലെ ഉള്ളി കയറ്റുമതിക്കാർക്ക് അനുഗ്രഹമായിരുന്നു. പാകിസ്താൻ, സുഡാൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ ഉള്ളിയാണ് അപ്പോള്‍ വിപണിയിലുണ്ടായിരുന്നത്. ഇന്ത്യയുടെ കയറ്റുമതി നിരോധനം ഏറ്റവും അനുകൂലമായത് പാകിസ്താനാണ്.
കഴിഞ്ഞ ഡിസംബർ മുതല്‍ മാർച്ച് വരെ കാലയളവില്‍ 2,20,000 ടണ്‍ അധിക ഉള്ളിയാണ് പാകിസ്താൻ കയറ്റിയയച്ചത്. ഇതില്‍ നിന്ന് 200 ദശലക്ഷം ഡോളറാണ് പാകിസ്താൻ അധികമുണ്ടാക്കിയത്.ഇന്ത്യൻ ഉള്ളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മധ്യപൗരസ്ഥ്യ ദേശങ്ങളിലുള്ളവരും ബംഗ്ലാദേശുമാണ്.
അതിനാല്‍ ഇതിന്‍റെ വില ഉയർന്ന് തന്നെ നില്‍ക്കുന്നത് ഇന്ത്യൻ ഉള്ളിയുടെ ഉപയോഗം കുറയാനാണ് കാരണമാക്കുക. വില വർധിച്ച് നില്‍ക്കുന്നതോടെ കുടുംബ ബജറ്റുകള്‍ നിയന്ത്രിക്കാൻ ഉള്ളിയുടെ ഉപയോഗം കുറക്കുകയും കുറഞ്ഞ് വിലക്ക് ലഭിക്കുന്ന മറ്റു രാജ്യങ്ങളുടെ ഉള്ളി പകരമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
നിലവില്‍ പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളുടെ ഉള്ളി വിപണിയിലുണ്ട്. അതിനാല്‍ ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതിയെ ഇത് ക്രമേണ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.