കുവൈത്ത് സിറ്റി: വ്യാജ ഉല്‍പന്നങ്ങള്‍ക്കായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫ്രൈഡേ മാർക്കറ്റില്‍നിന്ന് 720ലധികം ആഡംബര ബ്രാൻഡുകളുടെ പകർപ്പുകള്‍ പിടിച്ചെടുത്തു.
വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വൻതോതില്‍ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. സ്ത്രീകളുടെ ബാഗുകള്‍, തൊപ്പികള്‍, വാലറ്റുകള്‍, ഷൂകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതായി വാണിജ്യ മേല്‍നോട്ട വിഭാഗം മേധാവി ഫൈസല്‍ അല്‍ അൻസാരി പറഞ്ഞു. പകർപ്പ് സാധനങ്ങള്‍ വിറ്റതിന് കച്ചവടക്കാർക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പിഴ ചുമത്തി.
പ്രതികള്‍ക്കെതിരെ മറ്റു നിയമനടപടികളും സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കള്‍ക്ക് വഞ്ചനയും പരാതികളും സഹല്‍ ആപ്പില്‍ മന്ത്രാലയത്തെ അറിയിക്കാമെന്നും വ്യക്തമാക്കി. കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കും.