കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാർഹിക വിസയില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് വിസ മാറാനുള്ള അനുമതി പ്രാബല്യത്തിലായതിന് ശേഷം ഇുവരെ അപേക്ഷ സമർപ്പിച്ചത് 30,000 പേരെന്ന് കണക്കുകള്‍.
ഇതില്‍ തന്നെ 10,000 അപേക്ഷകളില്‍ നടപടിക്രമം പൂർത്തിയായി വിസാ മാറ്റം നടത്തിയതായും അധികൃതർ പറഞ്ഞു.
ജൂലൈ 14 മുതല്‍ ഓഗസ്റ്റ് പകുതി വരെയുള്ള കണക്കാണിത്. ബാക്കിയുള്ള അപേക്ഷകരുടെ വിസമാറ്റ നടപടിക്രമങ്ങള്‍ പൂർത്തിയായി വരുന്നതായും അധികൃതർ പറഞ്ഞു. രാജ്യത്തിന് പുറത്ത് നിന്നും പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നത് ഒഴിവാക്കി, രാജ്യത്ത് നിലവിലുള്ള തൊഴില്‍ ശക്തിയെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും, വിദേശി സ്വദേശി സന്തുലിതാവസ്ഥ ക്രമപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുമാണ് സർക്കാർ ഗാർഹിക വിസയിലുള്ളവർക്ക് സ്വകാര്യ മേഖലയിലേക്ക് വിസാ മാറ്റം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 12-നാണ് ഗാർഹിക വിസ തൊഴില്‍ വിസയിലേക്ക് മാറുന്നതിനുള്ള സമയപരിധി അവസാനിക്കുക.