ലണ്ടന്‍: നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡില്‍ വീടിന് തീപിടിച്ച് യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് പിടിയില്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബ്രയോണി ഗയിത് (29), ഇവരുടെ മക്കളായ ഡെനിസ്റ്റി (9), ഓസ്‌കാര്‍ (5), ഓബ്രീ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രയോണി സംഭവസ്ഥലത്തുവെച്ചും മക്കള്‍ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുമാണ് മരിച്ചത്. സംഭവം നടന്ന രാത്രി മുന്‍ ഭര്‍ത്താവ് ബ്രയോണിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നതായും അവര്‍ വെളിപ്പെടുത്തി.
ഇയാള്‍ വീടിന് തീവെച്ചതായാണ് പൊലീസ് സംശയിക്കുന്നത്. 39കാരനായ പ്രതിയെ വീടിനു സമീപത്തുനിന്ന് ഗുരുതര പരിക്കുകളോടെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ താന്‍ ഏറെ അസ്വസ്ഥനും അതീവ ദുഃഖിതനുമാണെന്ന് കുട്ടികളുടെ പിതാവ് ജൊനാതന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒറ്റ രാത്രികൊണ്ട് തന്റെ മനോഹര ജീവിതം ഇല്ലാതായെന്നും ജൊനാതന്‍ പറഞ്ഞു. അതേസമയം കേസില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കുറ്റകൃത്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി.