ലണ്ടന്‍: നീണ്ട ഇടവേളയ്ക്കു ശേഷം ഒരു യുകെ പൗണ്ടിന് തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. ഒരു യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം 110 രൂപ കടന്നു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് ഇത് റെക്കോര്‍ഡ് നേട്ടമാണ്. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടി തന്നെയാണ്. യുകെയില്‍ എത്തി ഒന്നും രണ്ടും വര്‍ഷം കഴിയുന്നവര്‍ സ്വന്തമായി ഒരു വീട് വാങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് നാട്ടില്‍ നിന്നും സാധാരണയായി പണം എത്തിക്കുന്നത്. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തി ജോലി ചെയ്യുന്നവര്‍ക്കും പഠന ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇപ്പോഴത്തെ മൂല്യ വര്‍ധന ഉപകാരപ്രദമാണ്. ഇത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരില്‍ ഭൂരിഭാഗവും.
കുടുംബമായി യുകെയില്‍ സ്ഥിര താമസമാക്കിയവര്‍ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവര്‍ക്ക് യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം ഉയര്‍ന്നത് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ഇടയില്ല. 2023 മാര്‍ച്ചില്‍ 97.067 ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലേക്ക് കുറഞ്ഞ യുകെ പൗണ്ട് അതേ വര്‍ഷം ഏപ്രിലില്‍ ആണ് വീണ്ടും 100 കടന്നത്. ഇപ്പോള്‍ ഏറ്റവും മികച്ച മൂല്യമായ 110. 78 ല്‍ എത്തി നില്‍ക്കുന്നു. നാട്ടിലേക്ക് പണം അയയ്ക്കുവാന്‍ യുകെ പ്രവാസികള്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ 111 രൂപയ്ക്ക് മുകളില്‍ ഒരു പൗണ്ടിന് നല്‍കുന്നുണ്ട്. ഇതും യുകെ പ്രവാസികള്‍ക്ക് നേട്ടം തന്നെയാണ്. ഒപ്പം നാട്ടില്‍ ഇവരെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് ആഹ്ലാദവും.