കുവൈത്ത് സിറ്റി: രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും ഓണ്‍ലൈൻ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പുമായി ചേർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ പ്രൊട്ടക്ഷൻ സെക്ടർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.
തൊഴിലാളികള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും ട്രാക്ക് ചെയ്യാനും ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കുന്നതായി അറബ് ടൈംസ് ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.
അതോറിറ്റി നല്‍കുന്ന ഇലക്‌ട്രോണിക് സേവനത്തിലൂടെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ ബന്ധം സ്ഥാപിക്കുന്ന രേഖകളുടെ പകർപ്പുകള്‍ നേടാനാകും. കൂടാതെ, തൊഴിലാളികള്‍ക്ക് തൊഴില്‍ തർക്കങ്ങളും വർക്ക് പെർമിറ്റ് പരാതികളും ഫയല്‍ ചെയ്യാനും അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാനും കഴിയും. തൊഴിലുടമകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ‘ലേബർ സർവീസ്’ പോർട്ടലിലൂടെ അസാന്നിധ്യ (ആബ്‌സൻസ്) റിപ്പോർട്ടുകള്‍ ഫയല്‍ ചെയ്യല്‍, അവയുടെ നില നിരീക്ഷിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.
അതോറിറ്റിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോണ്‍ നമ്ബറുകളിലേക്ക് അയക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ വഴി തർക്കങ്ങളും അസാന്നിധ്യ റിപ്പോർട്ടും സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ലഭിക്കുമെന്ന് റിപ്പോർട്ടില്‍ പറഞ്ഞു. ഇലക്‌ട്രോണിക് സംവിധാനം വഴിയുള്ള സേവനങ്ങള്‍ ‘സഹ്ല്‍’ ആപ്ലിക്കേഷൻ വഴിയും ലഭിക്കും.