മസ്കത്ത്: ജോലിസ്ഥലത്തെ തൊഴില്‍ സുരക്ഷക്ക് തൊഴിലുടമകള്‍ക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ പ്രകാരം തൊഴിലാളികള്‍ ജോലിയിലായിരിക്കുമ്ബോള്‍ അവരുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും നടപ്പാക്കാൻ തൊഴിലുടമകളോ അവരുടെ പ്രതിനിധികളോ നിർബന്ധിതരാണെന്ന് തൊഴില്‍ മന്ത്രാലയം ഓണ്‍ലൈനായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗോഡൗണുകളില്‍ സംഭരിച്ചുവെക്കുന്ന വസ്തുക്കളുടെ ക്രമീകരണം നേരായ രീതിയിലായിരിക്കണം, സ്റ്റോറേജ് ലൊക്കേഷനുകള്‍ വ്യക്തമായി അടയാളപ്പെടുത്തുകയും ആവശ്യത്തിനുള്ള മെറ്റല്‍ റാക്കുകളും ഷെല്‍ഫുകളും ക്രമീകരിക്കുകയും വേണം. അപകടസാധ്യതകള്‍ കുറക്കാൻ സീലിങ്ങില്‍നിന്ന് കുറഞ്ഞത് മൂന്നടി അകലത്തില്‍ മാത്രമേ വസ്തുക്കള്‍ സൂക്ഷിക്കാവൂ. കൂടാതെ, ജോലിസ്ഥലത്ത് ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കണം.
സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, ഷെല്‍ഫുകളില്‍നിന്ന് വസ്തുക്കള്‍ എടുക്കാനും വെക്കാനും സുരക്ഷിതമായ ഗോവണി നല്‍കേണ്ടതിന്‍റെ പ്രാധാന്യവും നിർദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. അപകടങ്ങള്‍ തടയുന്നതിനും എല്ലാ ജീവനക്കാർക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.