കുവൈത്ത് സിറ്റി: രാജ്യത്ത് വെബ്സൈറ്റുകള്‍ കർശന നിരീക്ഷണത്തില്‍. തെറ്റായ വിവരങ്ങള്‍ നല്‍കുകയും തട്ടിപ്പിന് ഇടയാക്കുകയും ചെയ്യുന്ന ‘സ്‌കാം വെബ്‌സൈറ്റുകള്‍’ നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നതായും നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഗാർഹിക തൊഴിലാളി കമ്ബനിയായി വ്യാജമായി പ്രവർത്തിച്ച 52 വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ 392 ഓളം തട്ടിപ്പ് വെബ്‌സൈറ്റുകള്‍ നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ജനറല്‍ ഡിപ്പാർട്മെന്‍റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. 662ലധികം വഞ്ചനാപരമായ വാട്ട്‌സ്‌ആപ് നമ്ബറുകളും ബ്ലോക്ക് ചെയ്തു.
ഇതില്‍ 65 ശതമാനവും വ്യാജമായിരുന്നു. ഓണ്‍ലൈൻ ഇടപാടുകള്‍ വിശ്വസനീയമായ വെബ്‌സൈറ്റുകളുമായി മാത്രം നടത്താനും വിശ്വാസ്യത പരിശോധിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. സാമ്ബത്തികവും വ്യക്തിപരവുമായ വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും വഞ്ചനക്ക് ഇരകളാകാതിരിക്കാനും ശ്രദ്ധവേണം.അടിയന്തര ഘട്ടങ്ങളില്‍ സൈബർ ക്രൈം ഡിപ്പാർട്ട്മെന്‍റിനെ (വാട്ട്‌സ്‌ആപ്-97283939) ബന്ധപ്പെടാനും അറിയിച്ചു.