ലണ്ടന്‍ : വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തിരുന്ന രാജ്യം യുകെ ആയിരുന്നു. 1998ല്‍ 3,112 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു യുകെയില്‍ ഉപരിപഠനത്തിനായി പോയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം ഈ സംഖ്യ 1.42 ലക്ഷമായി കൂടിയിരുന്നു. എന്നാല്‍ ഒരൊറ്റ വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുകെ പ്രിയം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഉപരിപഠനത്തിനായി യുകെയിലേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 23 ശതമാനം കുറവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തിയിരുന്ന ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. നിലവിലെ കണക്കനുസരിച്ച് യുകെയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്.
യുകെ ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രീതി കുറയാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ ആശ്രിതരെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നത് നിര്‍ത്തലാക്കിയത് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടാതെ യുകെയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ചെയ്യുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഠനശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തന്നെ രണ്ടുവര്‍ഷം ജോലി ചെയ്യാന്‍ കഴിയുന്ന ഗ്രാജുവേറ്റ് റൂട്ട് വിസ ആയിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുകെയിലേക്ക് ആകര്‍ഷിച്ചിരുന്ന ഒരു പ്രധാന ഘടകം. ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഗ്രാജുവേറ്റ് റൂട്ട് വിസയിലാണ് ഇവിടെ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഋഷി സുനക് സര്‍ക്കാര്‍ ഈ വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് 2015 മുതല്‍ ഓരോ വര്‍ഷവും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു കെ കുടിയേറ്റത്തില്‍ ഈ വര്‍ഷം വലിയ കുറവ് ഉണ്ടായിരിക്കുന്നത്.