മിൽട്ടൺ കീൻസ്: കേരളത്തിന്റെ സംസ്കാര പൈതൃകത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ സഹൃദയ വേദി യു.കെ യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വ്യത്യസ്തവും മനോഹരവുമായ രീതിയിൽ മിൽട്ടൺ കീൻസിൽ ഓഗസ്റ്റ് 8 ഞായറാഴ്ച്ച സംഘടിപ്പിച്ചു.
മിൽട്ടൺ കീൻസ് നഗരസഭാംഗം ശ്രീ. മനീഷ് വർമയുടെ സാന്നിധ്യം ചടങ്ങിന് ശുഭപ്രദമായി. യുവ തലമുറയിൽ സാംസ്കാരിക മൂല്യങ്ങൾ ഉത്തേജിപ്പിക്കുന്നതിൽ പാരമ്പര്യ ആഘോഷങ്ങളുടെ പ്രാധാന്യത്തെകുറിച്ച് വിശദീകരിച്ചു. സഹൃദയ വേദി ചെയർമാൻ മനോജ് കുമാർ, സെക്രട്ടറി അരുൺ ജനാർദ്ദനൻ, ട്രഷറർ കൃഷ്പിള്ള എക്സിക്യൂട്ടീവ് മെമ്പർമാരായ ശിവദാസൻ ചിറക്കൽ, ജോഫി സെബാസ്റ്റ്യൻ, സുജിത് മടത്തിൽ പറമ്പത്ത്, മേലേടത് ഷൈനീഷ് നായർ എന്നിവർ നേതൃത്വം നൽകി.
കേരളത്തിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാനും പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കാനും പുതുതലമുറ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ നയിക്കുന്ന വിളക്ക് തെളിയിക്കൽ ചടങ്ങ് ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായി.
“കുട്ടികളാണ് നാളത്തെ പ്രതീക്ഷയും വാഗ്ദാനവും, നമ്മുടെ സംസ്‌കാരവും മൂല്യങ്ങളും ഓണാഘോഷങ്ങളിലൂടെ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും പകരുക എന്നതാണ് പ്രധാന ഉദ്ദേശം.” സഹൃദയ വേദി ചെയർമാൻ ശ്രീ മനോജ് കുമാർ പറഞ്ഞു.
ഡോ. അനിതാ സേതു ഭംഗിയാർന്ന മോഹിനിയാട്ടം അവതരിപ്പിച്ചു. നൃത്തത്തിന്റെ ലസ്യം, ഭാവഭിന്നനങ്ങൾ, സംഗീതം, ഗാനവും, അഭിനയം എന്നിവയുടെ സമന്വയം എന്നിവ മികവുറ്റ പ്രകടനത്തിലൂടെ പ്രകടമായി. യു.കെയിൽ ആദ്യമായി സജീവ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഓട്ടൻതുള്ളൽ ആചാര്യൻ ശ്രീ മണലൂർ ഗോപിനാഥ് ഹാസ്യ സമൃദ്ധമായ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. സമൃദ്ധമായ സദ്യയും മനോജ് ശിവ നേതൃത്വം നൽകിയ പഴമയുടെ അനുസ്മരണം വിളിച്ചോതിയ സംഗീത സായ്ഹാനവും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.
കേരളത്തിന്റെ കലാപാരമ്പര്യങ്ങളോടുള്ള ആഴത്തിലുള്ള ആത്മബോധവും അന്തർസംസ്‌കാരപരമായ പരസ്പരബോധവും പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങളുടെ സമാവിഷ്കൃത സമൂഹ പങ്കാളിത്ത സമീപനം വിജയകരമാകുമെന്ന് എന്നു സഹൃദയ വേദി സംഘാടകർ പറഞ്ഞു.