മസ്കത്ത്: സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം തരംതിരിച്ച ‘സെമി സ്‌കില്‍ഡ്'(അർധ നൈപുണ്യമുള്ള) ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് ലൈസൻസ് നല്‍കില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം അറിയിച്ചു.
ഇത്തരക്കാർക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കും. ഇവര്‍ക്ക് നിക്ഷേപമിറക്കി കമ്ബനികള്‍ സ്ഥാപിക്കുന്നതിനുള്ള അവസരമാണ് എടുത്തുകളയുന്നത്.
വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. തൊഴില്‍ മന്ത്രാലയം തരംതിരിച്ച ‘അർധ നൈപുണ്യമുള്ള’ തൊഴിലുകള്‍ക്ക് ലൈസൻസ് കൈവശം വച്ചിരിക്കുന്ന താമസക്കാരെയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, നിലവില്‍ കമ്ബനികളില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ പ്രഫഷണലുകള്‍ക്ക് അവരുടെ തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കില്‍ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.
വ്യക്തിഗത തൊഴിലുകള്‍ക്കായി പ്രത്യേക ലൈസൻസുള്ള താമസക്കാരില്‍നിന്നുള്ള അപേക്ഷകള്‍ നിർത്തുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ അധികൃതർ എടുത്തിരുന്നു.
ഈ നടപടികളുടെ തുടർച്ചയാണ് ഈ നീക്കം. സാമ്ബത്തിക പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഒമാനിലെ മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷവും ബിസിനസ് അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നടപടിയെന്ന് നിക്ഷേപ സേവന കേന്ദ്രം ഊന്നിപ്പറഞ്ഞു.
വിദേശ നിക്ഷേപ ലൈസൻസുകളുമായി ബന്ധപ്പെട്ട് ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇൻവെസ്റ്റ്‌മെന്‍റ് സർവിസസ് സെന്‍ററിന്‍റെ ഔദ്യോഗിക ചാനലുകള്‍ വഴിയോ ടോള്‍ ഫ്രീ നമ്ബറായ 80000070 എന്ന നമ്ബറില്‍ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.