മസ്കത്ത്: മഞ്ഞപ്പട ഒമാൻ വിങ് സംഘടിപ്പിച്ച സൂപ്പർ കപ്പ് ഫുട്ബാള്‍ ടൂർണമെന്റില്‍ മഞ്ഞപ്പട ഒമാൻ എഫ്.സി ജേതാക്കളായി.
ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുനൈറ്റഡ് കാർഗോ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. ഫൈനലിലെ രണ്ടു ഗോളുകളും മഞ്ഞപ്പടക്കുവേണ്ടി നേടിയ മഹദ് ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം സ്ഥാനം ജി.എഫ്.സിയും, നാലാം സ്ഥാനം യുനൈറ്റഡ് കേരള എഫസ്.സിയും സ്വന്തമാക്കി. ടൂർണമെന്റിലെ ടോപ് സ്കോറർ ആയി ജി.എഫ്.സിയുടെ ഹഫ്‌സലും ഗോള്‍ കീപ്പറായി മഞ്ഞപ്പടയുടെ അക്ഷയും മികച്ച ഡിഫൻഡറായി യുനൈറ്റഡ് കാർഗോ എഫ്.സിയുടെ സർജാസിനെയും തിരഞ്ഞെടുത്തു. വ്യക്തിഗത മികവ് പുലർത്തിയവർക്ക് ട്രോഫികള്‍ക്കൊപ്പം സമ്മാനങ്ങളും നല്‍കി ആദരിച്ചു.
മബേല മാള്‍ ഓഫ് മസ്കത്തിനടുത്തുള്ള അല്‍ഷാദി ഗ്രൗണ്ടില്‍ 16 പ്രവാസി ടീമുകളെ പങ്കെടുപ്പിച്ചു നടന്ന ഫുട്ബാള്‍ ടൂർണമെന്റിലും അതിനോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം കാണികളായി നിരവധിപേർ എത്തിയിരുന്നു.
ചിത്രകലയിലെ കഴിവുകളില്‍ ഗിന്നസ്സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോർഡില്‍ ഇടം നേടിയ സുനില്‍ മോഹൻ, അലിയാ സിയാദ്, കോഴിക്കോട് നടന്ന ഗ്ലോബല്‍ മാസ്റ്റേഴ്സ് ഫുട്ബാള്‍ ടൂർണമെന്റില്‍ ജേതാക്കളായ ടീമിലെ ഒമാനില്‍നിന്നുള്ള കളിക്കാരായ ഷാനവാസ് മജീദ്, സുജേഷ്, സന്ദീപ് എന്നീ വെറ്ററൻ കളിക്കാരെയും ചടങ്ങില്‍ ആദരിച്ചു.
മുഖ്യ സ്പോണ്‍സർമാരായ ഫ്രണ്ടി മൊബൈല്‍, യൂണിമോണി എക്സ്ചേഞ്ച്, കൂള്‍പ്ലക്സ് ഒമാൻ, കെ.വി ഗ്രൂപ് മുതലായവരുടെ പ്രതിനിധികളും സമ്മാനദാനച്ചടങ്ങില്‍ സംബന്ധിച്ചു. ടൂർണമെന്റില്‍ സഹകരിച്ച സ്പോണ്‍സർമാർക്കും പങ്കെടുത്ത ടീമിലെ കളിക്കാർക്കും മാനേജ്‌മെന്റ്റുകള്‍ക്കും മഞ്ഞപ്പട ഒമാൻ നന്ദി രേഖപ്പെടുത്തി.