
കുവൈത്ത് സിറ്റി: വിവിധ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് കനത്ത സുരക്ഷ പരിശോധനകള്‍ തുടരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പരിശോധനകള്‍.
ആഭ്യന്തര മന്ത്രാലയത്തിനൊപ്പം ജനറല്‍ ട്രാഫിക് ഡിപ്പാർട്മെന്‍റ്, ജനറല്‍ ഡിപ്പാർട്മെന്‍റ് ഓഫ് എമർജൻസി പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകളുടെ സംയുക്ത സംഘം പരിശോധനക്കുണ്ട്. പ്രത്യേക സുരക്ഷ സേനയും വനിത പൊലീസ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍, നിയമലംഘകരെ കണ്ടെത്തല്‍ എന്നിവയുടെ ഭാഗമായാണ് പരിശോധനകള്‍.
റോഡുകളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനങ്ങളും യാത്രക്കാരുടെ രേഖകളും വിശദമായി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കാല്‍ നടയാത്രക്കാരുടെയും രേഖകള്‍ പരിശോധിക്കുന്നുണ്ട്. താമസ നിയമ ലംഘനം, വിവിധ കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടവർ എന്നിവർ അടക്കം നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഫർവാനിയയില്‍ നടന്ന പരിശോധനയില്‍ 2,833 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 16 ഒളിവിലുള്ളവരെയും അറസ്റ്റ് വാറന്‍റുള്ള 26 പേരെയും മതിയായ രേഖകളില്ലാത്ത ഒമ്ബതു പേരെയും താമസ നിയമം ലംഘിച്ചതിന് 23 പേരെയും അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. തൊട്ടു മുമ്ബുള്ള ദിവസം ഖൈത്താനിലും വലിയ തോതിലുള്ള പരിശോധന നടത്തിയിരുന്നു.