ലണ്ടന്‍: പലതരം കള്ളന്മാരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, ഇങ്ങനെ ഒരു കള്ളനോ എന്ന് അന്തംവിട്ടു പോകും. വെയില്‍സിലെ മോണ്‍മൗത്ത്‌ഷെയറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഡാമിയന്‍ വോജ്നിലോവിക്സ് എന്ന 36 -കാരന്‍ മോഷ്ടിക്കാനായി ഒരു സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. വീട്ടില്‍ നിന്നും മോഷണം നടത്തിയെങ്കിലും അതിന് മുമ്പായി അവിടം വൃത്തിയാക്കുകയും ഭക്ഷണം പാകം ചെയ്യുകയും അലക്കിവച്ചിരുന്ന തുണികള്‍ വിരിച്ചിടുകയും ഒക്കെ ചെയ്തുവത്രെ. എന്തായാലും, ജൂലൈ മാസത്തിലാണ് ഈ മോഷണം നടന്നത്. പിന്നീട്, കുറ്റസമ്മതം നടത്തിയതിന് പിന്നാലെ രണ്ട് മോഷണക്കേസുകളിലായി 22 മാസത്തേക്ക് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, വീട്ടുടമയായ സ്ത്രീ മടങ്ങിയെത്തിയപ്പോള്‍, വീട്ടിലാകപ്പാടെ ഒരു മാറ്റം കാണുകയായിരുന്നു. സാധനങ്ങള്‍ പലതും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ചിരിക്കുന്നു. കവറിലുണ്ടായിരുന്ന സാധനങ്ങളെല്ലാം മാറ്റി ഫ്രിഡ്ജില്‍ വച്ചിരിക്കുന്നു, തറയും തുടച്ചിരുന്നു, എന്തിന് പക്ഷികള്‍ക്കുള്ള തീറ്റ നിറയ്ക്കുക വരെ ചെയ്തിരുന്നു. ‘ഒന്നുകൊണ്ടും ആകുലപ്പെടേണ്ട, സന്തോഷമായിരിക്കൂ’ എന്നൊരു നോട്ടും ഈ കള്ളന്‍ എഴുതിവച്ചിരുന്നുവത്രെ.
എന്തായാലും, ഇതെല്ലാം കണ്ടതോടെ യുവതി ഭയപ്പെട്ടു. തന്റെ സ്വന്തം വീട്ടില്‍ കഴിയാന്‍ പിന്നീട് തനിക്ക് ഭയം തോന്നിയെന്നും ഒരാഴ്ചക്കാലം സുഹൃത്തുക്കളുടെ കൂടെയാണ് താമസിച്ചത് എന്നും യുവതി കോടതിയില്‍ പറഞ്ഞു. രണ്ടാമത്തെ മോഷണക്കേസില്‍ ഡാമിയന്‍ വോജ്നിലോവിക്സ് ഒരാളുടെ വീട്ടില്‍ കയറുകയും ഭക്ഷണവും മദ്യവും കഴിക്കുകയും ബാത്ത് ടബ്ബ് ഉപയോ?ഗിച്ച് വൃത്തികേടാക്കിയിടുകയും ചെയ്തു എന്നാണ് പരാതി. വീട്ടുടമയുടെ മരുമകന്‍ ഇയാളെ കാണുകയും ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ലത്രെ.