അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അന്തര്‍സംസ്ഥാനയാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനഗതാഗതവകുപ്പ് പുറത്തുവിട്ടു. അതിര്‍ത്തി കടന്നെത്താന്‍ എന്തെല്ലാം രേഖകള്‍ വേണം, എങ്ങനെ വരാം, അതിര്‍ത്തിയില്‍ എന്തെല്ലാം സജ്ജീകരണങ്ങള്‍ നടത്തണമെന്ന് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്ന് മുതല്‍ വരാനാകും എന്നതില്‍ അന്തിമതീരുമാനം ലോക്ക്ഡൗണ്‍ നീട്ടുന്നതിലെ കേന്ദ്രതീരുമാനം അനുസരിച്ചാകും.

അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. എവിടെ നിന്നാണോ വരുന്നത്, അവിടെ നിന്ന് കൊവിഡ് ബാധയില്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് മാത്രമേ വരാവൂ.

ഒരു ദിവസം നിശ്ചിത ആളുകളെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ പേരെ ഒരു കാരണവശാലും കടത്തിവിടില്ല.

ചെക്ക്പോസ്റ്റുകള്‍ വഴി മാത്രമേ പ്രവേശനമുണ്ടാകൂ. മഞ്ചേശ്വരം, മുത്തങ്ങ, വാളയാര്‍, അമരവിള എന്നീ നാല് ചെക്ക്പോസ്റ്റുകള്‍ വഴി മാത്രമേ ആളുകളെ കടത്തിവിടൂ. ആളുകളെ പ്രവേശിപ്പിക്കുന്നതിന് കൃത്യം സമയപരിധിയുമുണ്ടാകും. രാവിലെ എട്ട് മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മാത്രമേ ആളുകളെ കടത്തിവിടൂ. 15 മണിക്കൂര്‍ നേരത്തേക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകൂ എന്നര്‍ത്ഥം. രാത്രി 11 മണി മുതല്‍, രാവിലെ എട്ട് മണി വരെ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ അടച്ചിടും. ഊടുവഴികളിലൂടെയോ, ചെറുറോഡുകളിലൂടെയോ ഒരു കാരണവശാലും സംസ്ഥാനത്തേക്ക് എത്താന്‍ കഴിയില്ല. കര്‍ശനമായ പരിശോധന ഇത്തരം ചെറുറോഡുകളിലുണ്ടാകും.

അതി‍ര്‍ത്തി കടന്നെത്താന്‍ സ്വന്തം വാഹനത്തിലും വരാം, എന്നാല്‍ കൂടുതല്‍ ആളെ കുത്തിനിറച്ച്‌ കൊണ്ടുവരാന്‍ പാടില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ അന്തര്‍സംസ്ഥാനബസ് സര്‍വീസ് അനുവദിക്കും. എന്നാല്‍ ബസ്സുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. എസി പാടില്ല, മാസ്ക് നിര്‍ബന്ധമാണ്.

വരുന്നവരെയെല്ലാം പരിശോധിക്കാനും, അണുനശീകരണം ഉറപ്പാക്കാനും അതിര്‍ത്തിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ വേണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. പൊലീസിനെയും മെഡിക്കല്‍ സംഘത്തെയും അഗ്നിശമനസേനാംഗങ്ങളെയും കൃത്യമായി അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ നിയോഗിക്കണം. അതിര്‍ത്തി കടന്ന് വരുന്നവര്‍ക്കെല്ലാം കര്‍ശനമായി പരിശോധന നടത്തും. വാഹനങ്ങള്‍ ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കും. എന്നിട്ട് മാത്രമേ കടത്തിവിടൂ എന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു.

ഇതിനെല്ലാം പുറമേ, അന്തര്‍സംസ്ഥാനയാത്രകള്‍ കഴിഞ്ഞ് വരുന്നവര്‍ കൃത്യമായി ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും കാലം ക്വാറന്‍റീനില്‍ കഴിയേണ്ടി വരും. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെങ്കില്‍ സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറ്റും. അതല്ലാത്തവരെ വീടുകളിലേക്ക് അയച്ച്‌ നിരീക്ഷണത്തിലാക്കും. അവരെല്ലാവരെയും വ്യക്തമായി നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനും ജില്ലാ തലത്തില്‍ പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്യുമെന്ന് സംസ്ഥാനസര്‍ക്കാര്‍ മാര്‍ഗരേഖ വ്യക്തമാക്കുന്നു

Next Post

വളണ്ടിയര്‍ കൊയ്ത്തുകാര്‍ ഒരുങ്ങിയിറങ്ങി; ബ്രിട്ടീഷ് കൃഷിയിടങ്ങളില്‍ കൊയ്തുത്സവം !

Tue Apr 28 , 2020
ലണ്ടന്‍: ലോക്ക് ഡൌണ്‍ കാരണം പഴങ്ങളും പച്ചക്കറികളും പറിച്ചെടുക്കാനും മറ്റു കാര്‍ഷിക ജോലികള്‍ക്കും ജോലിക്കാരെ കിട്ടാനില്ലെന്ന കര്‍ഷകരുടെ പരാതികള്‍ക്ക് അവസാനം വിരാമമാകുന്നു. തിങ്കളാഴ്ച നൂറുകണക്കിന് വളണ്ടിയര്‍മാരാണ്ഏകദേശം 6 ടണ് വെജിറ്റബള്‍ ഇനങ്ങള്‍ കെന്റിലെ കൃഷിയിടങ്ങളില്‍ നിന്നും കൊയ്തെടുത്തത്. ഓരോ വര്‍ഷവും 70,000 ത്തോളം റുമാനിയന്‍ കാര്‍ഷിക ജോലിക്കാരാണ് ഓരോ യു.കെ. യില്‍ കൃഷിയിടങ്ങളിലും വന്‍ ഫാമുകളിലും ജോലിക്കെതുന്നത്.എന്നാല്‍ ലോക്ക് ഡൌണ്‍ കാരണം ഈ തൊഴിലാളികള്‍ എത്താത്തതിനാല്‍ വന്‍ പ്രതിസന്ധിയാണ് കാര്‍ഷിക […]

You May Like

Breaking News

error: Content is protected !!