ബ്രിട്ടനിൽ മലയാളി സന്നദ്ധ പ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം….

ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിക്കുമ്പോൾ അവിടെങ്ങളിലെ പല ഇന്ത്യാക്കാരുടേയും വിശേഷിച്ചും മലയാളി സമൂഹത്തത്തിൻ്റെ ജീവിതം വളരെ ദു:സ്സഹമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രയാസമനുഭവിക്കുന്ന വിഭാഗം വിദ്യാർത്ഥികളും വിസിറ്റ് വിസയിൽ വന്നവരുമാണ്. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പാർട്ട് ടൈം തൊഴിലിലൂടെയാണ് ജീവിതോപാധി കണ്ടത്തുന്നത്. കോവിഡ് ലോക്ക് ഡൗൺ വന്നതിനു ശേഷം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇപ്പോൾ തൊഴിൽ ചെയ്യാൻ കഴിയാതെ വരുമാനമാർഗഗമില്ലാത്തതിനാൽ വാടക നൽകാൻ കഴിയാതെയും ഭക്ഷണത്തിനും നിത്യ ചിലവുകൾക്കും വകയില്ലാതെയും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ സന്ദർശന വിസയിൽ രാജ്യം കാണാനെത്തിയവരും തൊഴിൽത്തേടിയെത്തിയവരും മടക്കയാത്രക്ക് സൗകര്യമില്ലാതെ പ്രയാസപ്പെടുകയാണ്.

എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വേണ്ടി കാരുണ്യത്തിൻ്റെ ജീവസ്പർശവുമായി ഓടി നടക്കുന്ന മലയാളി ജീവകാരുണ്യ പ്രവർത്തകരെ ലണ്ടനിലും സമീപ പ്രദേശങ്ങളിലും നമുക്ക് കാണാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റുകൾ നൽകിയും താമസ സൗകര്യമേർപ്പെടുത്തിയും വാടക നൽകിയും മതിയായ ആരോഗ്യ സുരക്ഷ ഏർപ്പെടുത്തിയും മരണപ്പെട്ടവരുടെ മയ്യിത്ത് ഖബറടക്കാനാവശ്യമായ സൗകര്യങ്ങൾ ചെയ്തും ഭക്ഷണവും മരുന്നും ആവശ്യമായ വർക്ക് എത്തിച്ചു നൽകിയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവെക്കുന്നത്. MMCWA, KMCC, KAMP, SAMASTHA, AL IHSAN, STRIVE, LUMMA, EMMA,SAMEEKSHA തുടങ്ങിയ സന്നദ്ധ സംഘടനകളാണ് ഒറ്റക്കും കൂട്ടായുമുളള ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. രാഷ്ട്രീയ മത സാമുദായിക വിത്യാസമില്ലാതെ ചെയ്യുന്ന പ്രവർത്തികൾക്ക് വലിയ തോതിൽ പബ്ളിസിറ്റി നൽകാതെയുമാണ് ഇവരുടെ പ്രവർത്തനങ്ങൾ. കോവിഡ് കാലത്ത് മാത്രമല്ല ബ്രിട്ടനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമറിയാൻ തുടങ്ങിയത്.

കാരുണ്യത്തിൻ്റെ ചിറകുവിരിച്ച് മലയാളികളുൾപ്പെടെ ലോകത്തെ വിവിധ സ്ഥലങ്ങളിലെ ആളുകൾക്ക് വീടൊരുക്കുന്നതിലും വിവാഹ ധനസഹായം നൽകുന്നതിലും ഭക്ഷണ കിറ്റുകൾ നൽകുന്നതിലും മെഡിക്കൽ എയിഡ് എത്തിച്ചു നൽകുന്നതിലും വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകിയും ഇത്തരം ജീവകാരുണ്യ സംഘടനകൾ സജീവമായിരുന്നു. തങ്ങളുടെ ജിവിത യാത്രയിൽ ലണ്ടനിൽ വെച്ച് മരണപ്പെട്ട ഏതാനും വ്യക്തികളുടെ കുടുംബങ്ങളുടെ ഭാവി ഉത്തരവാദിത്തം നിറവേറ്റുന്നതിനായി ചുരുങ്ങിയ ദിനങ്ങളിൽ വലിയൊരു സംഖ്യ സ്വരൂപിച്ച് MMCWA നടത്തിയ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പലപ്പോഴും ഗൾഫ് രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹൈലൈറ്റ് ചെയ്യപ്പെടുമ്പോൾ ബ്രിട്ടൻ ഉൾപ്പെടെ പാശ്ചാത്യ ലോകത്തെ സന്നദ്ധ സംഘടനകളും മലയാളി അസോസിയേഷനുകളും ചെയ്യുന്ന ജീവകാരുണ്യ പ്രവൃത്തികൾ വേണ്ട രീതിയിൽ ലോകം അറിയാതെ പോവുകയാണ്.

Next Post

ഇറച്ചി കേക്ക് ഓവൺ ഇല്ലാതെ എളുപ്പത്തിൽ ഉണ്ടാക്കാം - Ramadan Snack

Fri May 15 , 2020

Breaking News

error: Content is protected !!