നട്ടപ്പാതിരയ്ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാം തുറന്നുവിട്ടു ; 100 ഓളം വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: നട്ടപ്പാതിരയ്ക്ക് അരുവിക്കര ഡാം തുറന്നുവിട്ട് അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടാക്കിയതില്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിനെതിരേ ശക്തമായ പ്രതിഷേധം. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പുലര്‍ച്ചെ രണ്ടുമണിക്ക് ഡാം തുറന്നുവിട്ടത് എന്നും അല്‍പ്പം കൂടി നേരത്തേ ആയിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാക്കുമായിരുന്നു എന്നുമാണ് വിലയിരുത്തല്‍.

പുലര്‍ച്ചെ രണ്ടുമണി മുതല്‍ നാലു മണി വരെ അഞ്ചു ഷട്ടറുകളാണ് തുറന്നു വിട്ടത്. ഭൂരിഭാഗം ജനങ്ങളും നല്ല ഉറക്കമായിരുന്ന സമയത്തായിരുന്നു ഷട്ടറുകള്‍ തുറന്നത്. പുലര്‍ച്ചെയാണ് കരമന കിള്ളിയാറിന്റെ വശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്.

ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയില്ല എന്നാണ് ആരോപണം. ജാഗ്രതാ നിര്‍ദേശവുമായി ഉണ്ടാകേണ്ടിയിരുന്ന മൈക്ക് അനൗണസ്‌മെന്റും ഉണ്ടായില്ല. അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെ ആയിരുന്നെന്ന് ആരോപിച്ച്‌ ജില്ലാ ഭരണകൂടത്തിനെതിരേ മേയര്‍ രംഗത്ത് വന്നിട്ടുണ്ട്.

നാട്ടുകാരുടെ ജീവനിട്ടാണ് ഭരണകൂടം കളിക്കുന്നതെന്നും നഗരത്തില്‍ ആളപായം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നുമാണ് നാട്ടുകാര്‍ പറയുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ നഗരത്തിലെ വെള്ളം ഒഴുകിപ്പോകേണ്ട കിള്ളിയാറിലും കരമനയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. കരമനയാറിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സൂചന പോലും നല്‍കിയിരുന്നില്ല.

അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ മഴയും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വെള്ളം വന്നതും ജലനിരപ്പ് ഉയര്‍ന്നതുമാണ് ഡാം തുറക്കാന്‍ കാരണമായതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. രണ്ടുമണിക്കും നാലുമണിക്കും നടപടിക്രമം അനുസരിച്ചാണ് ഷട്ടറുകള്‍ തുറന്നതെന്നും ജില്ലാ ഭരണകൂടം പറയുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് കിള്ളിയാറും കരമനയാറും കരകവിഞ്ഞ് ഒഴുകിയതിനാല്‍ ആണെന്നും ഷട്ടര്‍ തുറന്നതുമായി ഇതിന് ബന്ധമില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

രണ്ട് ആറുകളിലെയും ജലം ഉള്‍ക്കൊള്ളാന്‍ കഴിയാതെ നഗരത്തിന്റെ വലിയൊരുഭാഗമാണ് മുങ്ങിയത്. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വ്യാഴാഴ്ച വൈകിട്ടു മുതല്‍ തുടങ്ങിയ ശക്തമായ മഴ അര്‍ധരാത്രിയോടെ വ്യാപകമായി. അരുവിക്കര ഡാം കവിഞ്ഞൊഴുകുന്നതൊഴിവാക്കാന്‍ ജല അതോറിറ്റി പുലര്‍ച്ചെ 2 മുതല്‍ മണി വരെ 5 ഷട്ടറുകളും ഒരുമിച്ച്‌ പൂര്‍ണമായി തുറക്കുകയായിരുന്നു.

Next Post

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഇരുട്ടടിയായി 5 % സെസ്സ്.

Sun May 24 , 2020
ലോക്ഡൗൺ തുടങ്ങി മാസങ്ങൾ പിന്നിട്ടിരിക്കുന്നു.എല്ലാ വിധ കച്ചവട സ്ഥാപനങ്ങളുടേയും നഷ്ടങ്ങളുടെ കണക്ക് വിവരണാധീതമാണ്.സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ചെറിയ ആശ്വാസ പ്രവർത്തനം പോലും വ്യാപാരി സമൂഹത്തിന് ലഭിച്ചിട്ടില്ല.കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യാപാരി സമൂഹത്തിന് സമ്പൂർണ നിരാശയാണ് നൽകിയത്.എന്നാലും വ്യാപാരികളെ ആരും സഹായിച്ചില്ലെങ്കിലും ദ്രോഹിക്കില്ലെന്ന പ്രതീക്ഷ യുണ്ടായിരുന്നു.കേന്ദ്ര ഗവർൺമെന്റ്GST യിൽ 5% സെസ്സ് ഏർപ്പെടുത്തുവാനുള്ള നീക്കം വളരെ ആശങ്ക ഉളവാക്കുന്നതാണ്.ഈ ദുരിത സന്ദർഭത്തിലുംകോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതി തള്ളിയ കേന്ദ്ര സർക്കാർ ആർക്ക് […]

Breaking News