കോവിഡ് സ്ഥിരീകരിച്ചവരില്‍ സിനിമ ഷൂട്ടിങ്ങിനായി ജോര്‍ദ്ദാനില്‍ പോയി തിരിച്ചെത്തിയ ആളും; നടന്‍ പൃഥ്വിരാജ് അടക്കമുള്ള സിനിമാപ്രവര്‍ത്തകരില്‍ ആശങ്ക

മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍. കൊച്ചി വഴി മെയ്‌ 22ന് പ്രത്യേക വിമാനത്തില്‍ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായി പോയ ആള്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.

കേരളത്തില്‍ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേ സമയം ക്വാറന്റീനില്‍ കഴിയുന്ന നടന്‍ പ്രിഥ്വിരാജിന് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതു കാണിച്ച്‌ അദ്ദേഹം തന്നെ പരിശോധനാ ഫലം രാവിലെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ പോകാതെ തന്നെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചിയിലാണ് താരം ക്വാറന്റീനിലുള്ളത്.

മെയ്‌ 29ന് സംഘത്തിന്റെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായിരുന്നു. ഇതോടെ പലരും വീടുകളില്‍ ക്വാറന്റൈന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സംഘത്തിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷമാണ് നാട്ടിലെത്താനായത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ജോര്‍ദ്ദാനില്‍ ചിത്രീകരിച്ചിരുന്നു. ജോര്‍ദ്ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം

Next Post

മനേക ഗാന്ധിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടി പാര്‍വതി!

Fri Jun 5 , 2020
സൈലന്റ് വാലിയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെയും മുസ്ലീങ്ങളെയും പഴിച്ച്‌ മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് പറഞ്ഞ് കേരളത്തില്‍ വ്യാപകമായി ആനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് മനേക ഗാന്ധി പറഞ്ഞു. കൂടല്‍മാണിക്യം അടക്കമുള്ള ക്ഷേത്രങ്ങളില്‍ ആനകളെ പീഡിപ്പിച്ച സംഭവം നേരത്തെ താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ മനേകയ്ക്ക് എതിരെ രൂക്ഷ പ്രതികരണം ഉയരുന്നുണ്ട്. നടി പാര്‍വതിയും പ്രതികരണവുമായി രംഗത്തെത്തി. വിഷയത്തില്‍ ഒരു […]

Breaking News