ജോര്‍ജ്‌ ഫ്‌ളോയിഡിന്‍റെ സംസ്‌കാരം ഇന്ന്; ലോകമെമ്പാടും പ്രതിഷേധം

മിനിയാപൊളിസ്‌ പൊലീസിന്റെ വര്‍ണവെറിക്ക്‌ ഇരയായ ജോര്‍ജ്‌ ഫ്‌ളോയിഡിന്റെ സംസ്‌കാരം ഇന്ന് നടക്കും. ശനിയാഴ്ചയാണ്‌ ഫ്‌ളോയിഡിന്റെ മൃതദേഹം ഹൂസ്‌റ്റണിലെത്തിച്ചത്‌.അമ്മയെ അടക്കിയതിനു സമീപമായാണ്‌ ഫ്‌ളോയിഡിനെയും അടക്കുന്നതെന്ന്‌ കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഡെമൊക്രാറ്റിക്ക്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഹൂസ്റ്റണിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശം കൈമാറും. തിങ്കളാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ചിരുന്നു. ഒരേസമയം 15 പേരെയാണ് പള്ളിയില്‍ കയറാന്‍ അനുവദിച്ചത്‌.

വര്‍ണവെറിക്കെതിരെ ഞായറാഴ്ചയും ലോകമെമ്ബാടും പ്രതിഷേധ റാലികള്‍ നടന്നു.ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണില്‍ ട്രംപ്‌ ഇന്റര്‍നാഷണലിനു മുന്നില്‍ പ്രതിഷേധക്കാര്‍ സമാധാനപരമായി റാലി നടത്തി.

സ്ഥിതിഗതികള്‍ ശാന്തമായതിനെത്തുടര്‍ന്ന്‌ ന്യൂയോര്‍ക്കില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മേയര്‍ ബില്‍ ഡി ബ്ലാസിയോ പിന്‍വലിച്ചു. ബ്രൂക്ക്‌ലിനിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. കര്‍ഫ്യൂ നീട്ടിക്കൊണ്ടുപോയാല്‍ ഹര്‍ജി കൊടുക്കുമെന്ന്‌ പൗരാവകാശ സംഘടനകള്‍ പറഞ്ഞിരുന്നു.

അതേസമയം, മിനിയപൊളിസിലെ പൊലീസിനെ പിരിച്ചുവിടണമെന്ന്‌ സിറ്റി കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. ജോര്‍ജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്നാണ്‌ ഇത്തരത്തില്‍ കടുത്ത തീരുമാനം എടുക്കാന്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചത്‌. നേരത്തേ ന്യൂ ജേഴ്‌സിയിലെ കാംപഡനിലും കാലിഫോര്‍ണിയയിലെ കോംപ്‌ടണിലും സമാനമായ തീരുമാനമുണ്ടായിട്ടുണ്ട്‌.

യൂറോപ്പില്‍ വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. ബ്രിസ്റ്റളില്‍ അടിമക്കച്ചവടക്കാരനായ എഡ്വാര്‍ഡ്‌ കോള്‍സ്റ്റണിന്റെ പ്രതിമ സമരക്കാര്‍ തകര്‍ത്തു. തലകീഴായി കെട്ടിത്തൂക്കിയശേഷം സമരക്കാര്‍ പ്രതിമയുടെ കഴുത്തില്‍ ചവിട്ടി നിന്നു. സെന്‍ട്രല്‍ ലണ്ടനില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഹോങ്കോങ്ങിലെ യുഎസ്‌ കോണ്‍സുലേറ്റിന്‌ മുമ്ബിലും പ്രതിഷേധം സംഘടിപ്പിച്ചു. റോമിലും മിലാനികളും പ്രതിഷേധ റാലികളുണ്ടായി.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ആയിരക്കണക്കിന്‌ ആളുകള്‍ തെരുവിലിറങ്ങി. നിശ്ശബ്‌ദത വംശീയതയെ അനൂകൂലിക്കുന്നതിന്‌ തുല്യമാണെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ്‌ ജനങ്ങള്‍ തെരുവിലിറങ്ങിയത്‌. ജര്‍മനിയില്‍ വീണ്ടും ഫുട്‌ബോള്‍ ടീമംഗങ്ങള്‍ മുട്ടുകുത്തിനിന്ന്‌ ജോര്‍ജ്‌ ഫ്‌ളോയിഡിന്‌ ആദരമര്‍പ്പിച്ചു

Next Post

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന് കോവിഡ്; മീഡിയ സെന്‍റര്‍ അടച്ചു

Tue Jun 9 , 2020
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ.എസ് ദത്ത് വാലിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍ കുടിയായ ദത്ത് വാലിയ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാന വക്താവ് കൂടിയാണ്. കോവിഡ് ബാധിച്ച ദത്ത് വാലിയയെ എയിംസ് ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചതായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എയിംസ് ട്രോമ സെന്‍റര്‍ സമ്ബൂര്‍ണമായും കോവിഡ് ചികിത്സക്കായി മാറ്റിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ […]

You May Like

Breaking News

error: Content is protected !!