മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ചതുപ്പില്‍ വലിച്ചെറിഞ്ഞു; പ്രതികള്‍ അറസ്റ്റില്‍

കൊല്ലം: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ചതുപ്പില്‍ വലിച്ചെറിഞ്ഞ പ്രതികള്‍ അറസ്റ്റില്‍. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചേരിക്കോണം കോളനിയിലെ വീട്ടില്‍ നിന്ന് ജൂണ്‍ 4ന് പുലര്‍ച്ചെ 2 ഓടെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയ കൊറ്റങ്കര റാണി നിവാസില്‍ വിജയകുമാര്‍ (പൊടിമോന്‍), സുഹൃത്തും ബന്ധുവുമായ ആലുംമൂട് തുരുത്തില്‍ പടിഞ്ഞാറ്റതില്‍ മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്.

ചേരികോണം കോളനി, നല്ലില, കണ്ണനല്ലൂര്‍, തൃക്കോവില്‍ വട്ടം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയ പൊടിമോന്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് അരകിലോമീറ്ററോളം അകലെ പോയ ശേഷമാണ് സ്വര്‍ണാഭരണങ്ങളെടുത്തത്.

കുഞ്ഞിനെ ഉപേക്ഷിക്കാന്‍ സ്ഥലം നോക്കി നടക്കുമ്ബോള്‍ ഒരു പ്രദേശവാസിയെ കണ്ടതോടെ കുഞ്ഞിനെ ചതുപ്പിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ചതുപ്പില്‍ വീണതെന്താണെന്ന് നോക്കിയെത്തിയ പരിസരവാസികള്‍ കുഞ്ഞിന്റെ നിലവിളികേട്ട് എത്തുകയായിരുന്നു. ഇവര്‍ കുഞ്ഞുമായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്. കണ്ണനല്ലൂര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

മരപ്പണിക്കാരനായ വിജയകുമാറാണ് ആദ്യം അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ മണികണ്ഠനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചതെന്ന് വിജയകുമാര്‍ പറഞ്ഞതോടെയാണ് ഇയാളും പിടിയിലായത്. കുണ്ടറ, കിളികൊല്ലൂര്‍ സ്റ്റേഷനുകളില്‍ നിരവധി അടിപിടി കേസുകളില്‍ പ്രതികളായ ഇവര്‍ ആദ്യമായാണ് മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്. തെളിവുകള്‍ അവശേഷിപ്പിക്കാതെ ബുദ്ധിപൂര്‍വമായിരുന്നു മോഷണം. പതിവായി മദ്യപിക്കുന്ന വിജയകുമാര്‍ ബൈക്കിലും കാറിലും ചുറ്റിനടന്ന് വീടുകളുടെ പിന്‍വാതില്‍ പൊളിച്ച്‌ അകത്ത് കടന്നാണ് മോഷണം നടത്തുന്നത്. പല സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണനല്ലൂര്‍ സി.ഐ യു.പി.വിപിന്‍കുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

Next Post

11 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍,​ ചുരുളഴിയാന്‍ ദുരൂഹതകള്‍; ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് പൊലീസ്

Sun Jun 14 , 2020
അഞ്ചാലുംമൂട് (കൊല്ലം): അമ്മയ്ക്കൊപ്പം വീട്ടുപരിസരത്തുണ്ടായിരുന്ന പതിനൊന്നുകാരിയെ 15 മിനിട്ടിനകം കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രാക്കുളം കരുവാവിള വടക്കതില്‍ കൂലിപ്പണിക്കാരനായ മുഹമ്മദ് കുഞ്ഞിന്റെയും അനീഷയുടെയും മകള്‍ അമീനയാണ് വെള്ളിയാഴ്ച സന്ധ്യയോടെ മരിച്ചത്. പ്രാക്കുളം എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന കുട്ടിയുടെ രക്ഷിതാക്കളും അയല്‍ക്കാരും അന്വേഷണം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ, ഉമ്മ അനീഷയ്ക്കൊപ്പം മുറ്രത്ത് മരപ്പൊടി വാരിക്കൊണ്ടിരിക്കെ വീട്ടില്‍ […]

Breaking News