പൊതുപ്രവർത്തകർ ചോദ്യം ചെയ്യപ്പെടുമ്പോൾ…

-അഡ്വ. ടി.പി.എ.നസീർ-

ഒരു പൊതുപ്രവർത്തകന്റെ വ്യക്തിത്വം രൂപപ്പെടുന്നത് അയാളുടെ പെരുമാറ്റവും പ്രവർത്തിയും ആശ്രയിച്ചു മാത്രമല്ല, മറിച്ച് സമൂഹത്തിൽ അയാൾ ഉണ്ടാക്കിയിട്ടുള്ള വിശ്വാസ്യതയും അഭിപ്രായങ്ങളും കൂടി പരിഗണിച്ചുകൊണ്ടാണ്. സാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക, പൊതു രംഗത്ത് ധാർമികതയും, മിതത്വവും സത്യസന്ധതയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്ന് പൊതുപ്രവർത്തകർ ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെടുന്ന കാലം കൂടിയാണ്. മൂല്യാധിഷ്ഠിത ജീവിതശൈലി കൈവെടിയുകയും കിടമൽസരവും അധികാരത്വരയും സ്വജനപക്ഷപാതവും സ്വാർത്ഥതയും വ്യക്തിജീവിതത്തിലും പൊതു പ്രവർത്തനങ്ങളിലും ഏറെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുംസഹ മനുഷ്യന്റെ വേദന തിരിച്ചറിഞ്ഞും ഒരു പൊതു പ്രവർത്തകന് പ്രവർത്തിക്കാൻ കഴിഞ്ഞാൽ അത്
അദ്ഹത്തിലുള്ള സാമൂഹ്യ , ആത്മീയ പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്.

ഏതു പ്രവൃത്തി ചെയ്യുമ്പോഴും എനിക്കെന്ത് ലാഭമെന്ന് ചിന്തിക്കുന്ന സ്വാർത്ഥ മനോഭാവം പൊതുപ്രവർത്തകരിൽ ഇന്ന് ശക്തമാണ്. എല്ലാ പ്രവർത്തനങ്ങൾക്കും വിലയിടുകയും മൂല്യങ്ങളും ലക്ഷ്യങ്ങളും മറന്നു പോവുകയും ചെയ്യുന്ന കമ്പോള വൽകൃത മനസ്സുമായാണ് നമ്മളിൽ പലരും പൊതുരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഭൂമിയിലുള്ളവരുടെ കണ്ണീരൊപ്പിയാൽ ആകാശത്തുനിന്ന് സഹായം ലഭിക്കുമെന്ന ‘ ആത്മീയ സന്ദേശം’ എവിടെയോ കൈമോശം വന്നു പോയിരിക്കുന്നു. ‘മാനവസേവയാണ് മാധവസേവ’ എന്ന വിശ്വാസം നഷ്ടപ്പെടുകയും വാണിജ്യ നേട്ടങ്ങളും നിക്ഷിപ്ത താൽപര്യങ്ങളും തങ്ങളുടെ പൊതു പ്രവർത്തനത്തിൽ നിഴലിക്കുകയും ചെയ്യുമ്പോൾ ജനം അവരെ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്. തന്റേതല്ലാത്ത ഒന്നിനോടും പ്രതിബദ്ധതയോ ആത്മാർഥതയോടെ കാണിക്കാതെ തന്നിലേക്കും തന്റെ കുടുംബത്തിലേക്കും അല്ലെങ്കിൽ തന്റെ ഇഷ്ടപ്പെട്ടവരിലേക്കും മാത്രം ലക്ഷ്യം വെച്ചുകൊണ്ട് പൊതുപ്രവർത്തനത്തിലൂടെ നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കുന്നത് ജനഹൃദയങ്ങളിൽ മാത്രമല്ല ദൈവസന്നിദ്ധിയിലും ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്.അധികാരങ്ങൾക്കും സ്വാർത്ഥ നേട്ടങ്ങൾക്കും വേണ്ടി പൊതുപ്രവർത്തനത്തിലിറങ്ങുന്നത് ഇസ്ലാം ശക്തമായി വിലക്കിയിട്ടുള്ള കാര്യമാണ് . എന്നാൽ സഹജീവികളുടെ ഇടയിൽ ദൈവപ്രീതി കാംക്ഷിച്ചു കൊണ്ട് കാരുണ്യ മനസ്സോടെ അവരുടെ കണ്ണീരൊപ്പാൻ ഏതെങ്കിലും ഒരു പൊതുപ്രവർത്തകൻ മുന്നിട്ടിറങ്ങുന്നുവെങ്കിൽ അയാൾക്കുള്ള പ്രതിഫലം സ്വർഗ്ഗം തന്നെയാണ്.

പൊതു പ്രവർത്തകർ തങ്ങളുടെ പ്രവർത്തനത്തെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും ആത്മവിചിന്തനം നടത്തേണ്ട കാലം കൂടിയാണിത്. സമൂഹത്തെ ഏറ്റവുമധികം ഗ്രസിച്ചു കൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ എന്ത് നിലപാടാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്? എന്റെ സഹപ്രവർത്തകരെ ഒരുമയോടെയും സ്നേഹത്തോടെയും കൂട്ടിപ്പിടിക്കാൻ എനിക്ക് കഴിയുന്നുണ്ടോ? എന്റെ ഏതെങ്കിലും പ്രവർത്തനങ്ങളിൽ സ്വാർത്ഥതയും അധികാരമോഹവും കടന്നുകൂടിയിട്ടുണ്ടോ? ധാർമിക നിലപാടുകളിലും കൃത്യനിഷ്ഠയിലും പരസ്പര സഹകരണമനോഭാവത്തിലും എന്റെ നിലപാടുകൾ എന്താണ്?
സാമൂഹ്യ, പൊതുപ്രവർത്തനങ്ങളിൽ അത്യാഗ്രഹമോ, മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കവർന്നെടുക്കാനുള്ള ശ്രമമോ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ? സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന അശരണരേയും നിരാലംബരേയും മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ നാളിതുവരെ ഞാൻ എന്ത് പ്രവർത്തിയാണ് നടത്തിയിട്ടുള്ളത്? ആളുകളുടെ മുന്നിൽ കേമത്തം നടിക്കുക എന്നതിനപ്പുറം എന്റെ പ്രവർത്തികൾ നാളെ ദൈവസന്നിദ്ധിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഞാൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വന്തം മനസാക്ഷിയോട് ഒരു പൊതുപ്രവർത്തകൻ നിരന്തരം ചോദിക്കേണ്ട ചോദ്യങ്ങളാണിത്.

ഒരുപക്ഷേ ദൈവ വിചാരണക്കു മുമ്പെ ഒരു പൊതുപ്രവർത്തകൻ സ്വയംവിചാരണ ചെയ്യപ്പെടുന്ന ചോദ്യങ്ങൾ ! എല്ലാ ചോദ്യങ്ങൾക്കും മനസ്സിൽ ഉൾഭയമില്ലാതെ നമുക്ക് മറുപടി പറയാൻ കഴിയുന്നുവെങ്കിൽ പൊതുപ്രവർത്തകനെന്ന നിലയിൽ നമ്മൾ വിജയിച്ചിരിക്കുന്നു.ഒരു പൊതുപ്രവർത്തകന്റെ പുണ്യമെന്നത് അയാളുടെ നന്മയാണ്. ആ നന്മയിൽ അയാളെ പിടിച്ചിരുത്തുന്നത് അയാളിലെ സത്യസന്ധതയും അർപ്പണബോധവുമാണ്. പരസ്പര ബഹുമാനം, വിട്ടുവീഴ്ച, സഹായമനസ്കത, ദൈവഭയം, നീതിന്യായം, മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കൽ, ഉറച്ച നിലപാടുകൾ, ആദർശനിഷ്ഠ, എളിമ, അനുസരണം, അച്ചടക്കം, പ്രീണനമില്ലായ്മ , വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ തോന്നാതിരിക്കുക എന്നിവയൊക്കെ ഒരു പൊതുപ്രവർത്തകൻ നിത്യജീവിതത്തിലും തന്റെ കർമ്മമണ്ഡലങ്ങളിലും സൂക്ഷിക്കേണ്ട ഉന്നത ഗുണങ്ങളാണ്. എല്ലാ തെറ്റുകളോടും അനീതിയോടും ഒത്തുതീർപ്പാവുന്ന അപകടകരമായ മാനസികാവസ്ഥ പൊതുപ്രവർത്തകരെ ബാധിച്ചിരിക്കുന്ന കാലം കൂടിയായിണിത്. ആളുകളുടെ മുന്നിൽ കേമനാവാനും പബ്ളിസിറ്റിക്കു വേണ്ടിയും ‘ഫോട്ടോജനിക് ‘ ആവുന്ന പൊതുപ്രവർത്തകരും നമ്മുടെ ഇടയിൽ വിരളമല്ല. മനസ്സിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാലിന്യങ്ങൾ കഴുകി കളയുമ്പോൾ മാത്രമാണ് നിസ്വാർത്ഥമായി ഒരു പൊതു പ്രവർത്തകന് പ്രവർത്തിക്കാൻ കഴിയുക.

മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരോടും സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും വിനയത്തോടെയും പെരുമാറാൻ ഒരു പൊതുപ്രവർത്തകനു കഴിയണം. നിഷേധാത്മക നിലപാടുകളും മുൻവിധികളും, അഹങ്കാരവും മനസ്സിനെ കൂടുതൽ മലീമസപ്പെടുത്താനേ സഹായിക്കുകയുള്ളൂ. പൊതുപ്രവർത്തകർ ഇന്ന് നേരിടുന്ന മറ്റൊരു പോരായ്മ കാര്യങ്ങൾ ശരിയായ വിധത്തിൽ മനസ്സിലാക്കുകയോ വിഷയങ്ങളെക്കുറിച്ച് ആധികാരിക അറിവ് സമ്പാദിക്കുകയോ ചെയ്യാതെ ചടുലമായ വാക്ചാതുര്യം കൊണ്ട് മാത്രം ആളുകളെയും പ്രശ്നങ്ങളെയും സമീപിക്കുന്നു എന്നതാണ്.ഇത്തരത്തിലുള്ള സമീപനങ്ങൾ പൊതുപ്രവർത്തകർക്ക് താൽക്കാലിക വിജയം മാത്രമേ നൽകുകയുള്ളൂ. ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം വായനയും പൊതുഅവബോധവും പ്രവർത്തന മേഖലയിലുഉള്ള അറിവും നിർബന്ധമാണ് അല്ലാത്തപക്ഷം അവർ സമൂഹമദ്ധ്യേ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യമുറപ്പാണ്.

Next Post

ലണ്ടനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു !

Thu Jun 18 , 2020
ലണ്ടന്‍: ലണ്ടനടുത്തുള്ള ക്രോളിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. 44കാരനായ ജോസ് ആണ് മരിച്ചത് . ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു. ഭാര്യ സരിത NHSല്‍ നഴ്സ് ആയി ജോലി ചെയ്യുന്നു. ഫോര്‍ട്ട്‌ കൊച്ചി സ്വദേശിയായ ജോസിന് മൂന്ന് കുട്ടികളുണ്ട്. ജോസിന്റെ ആകസ്മിക മരണം ക്രോളിയിലെ മലയാളി സമൂഹത്തില്‍ വലിയ ആഘാതമുണ്ടാക്കി. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ സംസ്കാരം യു.കെയില്‍ തന്നെ നടത്തും. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ‘ബ്രിട്ടീഷ് […]

Breaking News