ഇശലുകള്‍ കഥ പറയുന്നു – ഐഷാബീഗം (ഭാഗം 8)

ഫൈസല്‍ എളേറ്റില്‍-

ഐഷാ ബീഗം:- കഥാപ്രസംഗ രംഗത്ത് സജീവമായി ആ വഴിയിലൂടെ മാപ്പിളപ്പാട്ടിൽ തൻ്റെ സാന്നിധ്യമുറപ്പിച്ച വലിയ കലാകാരിയാണ് ഐഷാബീഗം .തെക്കൻ കേരളത്തിൻ്റെ ഇശൽവഴിയിൽ വലിയ ചലനങ്ങളുണ്ടാക്കാൻ അവർക്കു കഴിഞ്ഞു. ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സിൽ എപ്പോഴുമുള്ള പല പാട്ടുകളും ഐഷാബീഗത്തിൻ്റേതാവുന്നതും സ്വാഭാവികം മാത്രമാണ്. തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചതെങ്കിലും കലാജീവിതം പുഷ്കലമായത് ആലപ്പുഴയിലേക്കു താമസം മാറ്റിയതോടെയാണ്. അതുകൊണ്ട് തന്നെ ആലപ്പുഴയോട് തൻ്റെ പേര് ചേർത്ത് വെച്ചാണ് പിന്നീട് അറിയപ്പെട്ടത്‌.1943-ൽ ആണ് ജനനം.തൻ്റെ പതിനാറാം വയസ്സിൽ ‘ധീരവനിത അഥവാ ബീവി അസൂറ ‘ എന്ന കഥയാണ് ആദ്യം അവതരിപ്പിച്ചത്.അക്കാലത്ത് അത് വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു.കഥാപ്രസംഗരംഗത്ത് ആദ്യത്തെ മുസ്ലിം പെൺകുട്ടിയായി ഐ ഷാ ബീഗം കടന്നു വന്നത് വലിയ വിഷയമായി, സമുദായത്തിലും മറ്റും വലിയ എതിർപ്പുകളും ഉണ്ടായെങ്കിലും സംഗീതജ്ഞനും ഹാർമോണിസ്റ്റുമായിരുന്ന ഭർത്താവ് എ എം ഷരീഫും കുടുംബവും വലിയ പിന്തുണ നൽകി. ഇ രുപത്തിയഞ്ചോളം കഥകൾ അയ്യായിരത്തിലധികം വേദികളിലായി നാട്ടിലും മറ്റു നാടുകളിലുമായി അവതരിപ്പിക്കാൻ ഇവർക്കു സാധിച്ചു.മലയാള സിനിമാ രംഗത്തെ പ്രഗത്ഭനായ തിരക്കഥാകൃത്ത്‌ ആലപ്പുഴ ഷരീഫ്, വട്ടപ്പള്ളി ഗഫൂർ, എ എം കോയ എന്നിവരായിരുന്നു ഐഷാ ബീഗം അവതരിപ്പിച്ച പല കഥകളുടെയും രചയിതാക്കൾ.

മനം കവർന്ന ഇശലുകൾ:-
കഥാപ്രസംഗരംഗത്തോടൊപ്പം മാപ്പിളപ്പാട്ട് രംഗത്തും ഐഷാബീഗം സജീവമായിരുന്നു. എക്കാലത്തും നിലനിൽക്കുന്ന തരത്തിൽ ഈണങ്ങളുടെ മായാപ്രപഞ്ചം തന്നെ അവർ ഈ രംഗത്ത് സൃഷ്ടിച്ചു.അതിന് അവർക്കു പിന്തുണയായതും കുടുംബം തന്നെ. ഭർത്താവിൻ്റെ സഹോദരനായ എ എം കോയ രചന നിർവ്വഹിച്ചു ഭർത്താവ് എ എം ഷരീഫ് ഈണമിട്ട പാട്ടുകളാണ് ഐഷാ ബീഗം കൂടുതലും പാടിയത്.മാപ്പിള പ്പാട്ടിലെ എക്കാലത്തെയും ഹിറ്റുകൾ പിറന്നത് ഈ കൂട്ടുകെട്ടിലൂടെയാണ്. ‘മലക്കുൽ മൗത്ത സ്റാഈൽ അണഞ്ഞിടും മുന്നേ, ചലനമെൻ തടിയിൽ നിലച്ചിടും മുമ്പേ ‘ എന്ന ഭക്തിഗാനം കേൾക്കാത്തവരുണ്ടാവില്ല. ഇന്നും ഗാനമേളകളിലും മൽസരവേദികളിലും ഈ പാട്ട് നിറഞ്ഞു നിൽക്കുന്നു.’ ഗുണമേറും മാസമല്ലോ റമളാനതതെന്നതോർക്ക്, റമളാനിൽ നോമ്പ് നോൽക്കൽ ഫർളാണ് മുസൽമാന് ‘ പരിശുദ്ധ റമദാൻ്റെ ആത്മീയ വിശുദ്ധി മനോഹരമായി ആവിഷ്കരിച്ച ഈ ഗാനവും സൂപ്പർ ഹിറ്റാണ്.

‘ബേദാമ്പർ നബി തൻ്റെ പൂമകൾ ഫാത്തിമ, ബീവി ഖദീ ജാതൻ കൺമണി ഫാത്തിമ ‘ ‘ബിരിയാണി വെക്കലല്ല പെരുന്നാള്, വിരുന്നു നടത്തലല്ല പെരുന്നാള്’ “അഹദായവനേ സമദായവനേ അഖിലവും പോറ്റുന്ന യാ സുബ്ഹാനേ ‘ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ ഇവരുടേതായി ഉണ്ട്. അൻപതിലധികം ഹിറ്റു ഗാനങ്ങൾ പാടിയ ഐഷാബീഗം പാട്ടുരംഗത്ത് നിന്നും പെട്ടെന്ന് വിരമിച്ചത് കലാരംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചത് പതിനഞ്ച് വർഷം മുമ്പ് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിൽ രോഗിയായി മാറിയ അവർ 2015 ആഗസ്ത് 11 നു ഈ ലോകത്തോട് വിട പറഞ്ഞു.

ഏക മകൻ അൻസറിനൊപ്പം പുന്നപ്രയിലായിരുന്നു അവസാന കാലത്ത് അവർ താമസിച്ചിരുന്നത്. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ്. ഫോക് ലോർ അക്കാദമി അവർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പാടിയ പാട്ടുകളെല്ലാം ആസ്വാദകർ നെഞ്ചിലേറ്റിയ ഐഷാബീഗം എന്ന ഗായിക ഇശലുകളുടെ റാണിയായി മാപ്പിളപ്പാട്ടു ലോകത്ത് നിലനിൽക്കുമെന്നതിൽ സംശയമില്ല.

Next Post

ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് അടുത്ത വിമാനം ജൂണ്‍ 27ന്; ബുക്കിംഗ് ജൂണ്‍ 19ന് വൈകീട്ട് 3 മണിക്ക് ആരംഭിക്കും !

Fri Jun 19 , 2020
ലണ്ടന്‍: കേന്ദ്ര സര്‍ക്കാര്‍ ഇവാക്വെഷന്‍ സ്കീം ആയ ‘വന്ദേഭാരത്‌’ വഴിയുള്ള അടുത്ത വിമാനം ജൂണ്‍ 27ന്. ലണ്ടന്‍ ഹീത്രു എയപോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് ബോംബെ/ഡല്‍ഹി വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷം, കൊച്ചിയിലേക്ക് ഫീഡര്‍ ഫ്ലൈറ്റ് വഴിയാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ഫീഡര്‍ ഫ്ലൈറ്റ്കളില്‍ ഡോമെസ്ട്റ്റിക്ക് യാത്രക്കാര്‍ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിയുടെ വാര്‍ത്ത‍കുറിപ്പ് പ്രകാരം, ജൂണ്‍ 19ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് എയര്‍ ഇന്ത്യ ബുക്കിംഗ് തുടങ്ങും എന്നാണ് അറിയിച്ചിരുന്നത്. […]

Breaking News