“പാപ്പീ അപ്പച്ചാ…”

Illustrated by Eva Aswathi https://bit.ly/37JFoof


“പാപ്പീ…..അപ്പച്ചാ.. അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്ക് സ്നേഹം?” ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലെ ഒരു അച്ഛനും മകനും പാടുന്ന പാട്ടായിട്ടാണ് ഈ വരികൾ മലയാളികൾ ആദ്യമായിട്ട് കേൾക്കുന്നത്.  തെളിച്ചു പറഞ്ഞാൽ എഴുപതുകളിൽ (1972) പുറത്തിറങ്ങിയ മയിലാടും കുന്ന്‌ എന്ന ചിത്രത്തിൽ ശ്രീ അടൂർഭാസി പാടി അഭിനയിച്ച ഒരു ഗാന രംഗം. പിന്നീട് ഇതിന്റെ കളർ വേർഷൻ 2010ൽ ദിലീപും ഇന്നസെന്റും പാപ്പിയും അപ്പച്ചനുമായി നമ്മുടെ മുന്നിൽ എത്തി. ഈ പാപ്പിയെയും അപ്പച്ചനെയും ഇപ്പോ തൂക്കി പിടിച്ചോണ്ട് വരാൻ ഒരു കാരണമേയുള്ളൂ. ഈ വരുന്ന ജൂൺ 21 ന് ആണ് നമ്മൾ ഫാതെർസ് ഡേ ആഘോഷിക്കുന്നത്!  

വിശുദ്ധ ജോസഫിന്റെ ഓർമ്മക്കായി ആദ്യ കാലങ്ങളിൽ യൂറോപ്പിലും മറ്റും ആഘോഷിക്കപ്പെട്ടിരുന്ന ഈ ദിവസം 1910ൽ ആണ് ആദ്യമായിട്ട് അച്ചന്മാർക്കു വേണ്ടിയുള്ള ദിവസമായിട്ട് അംഗീകരിക്കപ്പെട്ടത്.  അമ്മമാരുടെ ദിനം പോലെ അത്രക്കങ്ങോട്ടു പ്രചാരം ലഭിച്ചിട്ടില്ല നമ്മുടെ നാട്ടിൽ എങ്കിലും ഇപ്പോൾ തരക്കേടില്ലാതെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.  അമ്മമാർക്കും ടീച്ചർമാർക്കും ഫ്രണ്ട്സിനും പ്രണയിക്കുന്നവർക്കും ഒക്കെ ഓരോ ദിവസങ്ങൾ ഉള്ളതല്ലേ! സമത്വം, എല്ലാവര്ക്കും തുല്യത എന്നൊക്കെ ഘോരം ഘോരം പറയുമ്പോൾ അപ്പൊ ഈ ദിവസവും സാവധാനം ഉൾപെടുത്തണമല്ലോ? വേണ്ടേ? 

അമ്മ കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ വിളിക്കുന്നതും നമ്മുടെ ആവശ്യങ്ങൾ അറിയിക്കുന്നതും അച്ഛനോടാണ്. കുട്ടിക്കാലത്തു നമ്മുടെ മിഠായി, പേന, പെൻസിൽ, പമ്പരം, കാർ, എന്നിവയിൽ തുടങ്ങി പിന്നെ കാലക്രമേണ സ്കൂൾ, കോളേജ് ഫീസ്, അടിച്ചുപൊളിക്കുള്ള പോക്കറ്റ് മണി, വഴിച്ചിലവിനു വേറെ, എന്നിങ്ങനെയായി പിന്നെ കല്യാണ സമയത്തു പൊന്നും, പണവുമായി വേറെയും ഒക്കെ എങ്ങനെയൊക്കെയോ ഒപ്പിച്ചു തരുന്ന ഒരു വ്യക്തി. അപേക്ഷ ഫോമുകൾ പൂരിപ്പിക്കാൻ തുടങ്ങുന്ന കാലം തൊട്ടു നമ്മുടെ പേരിനു കൂടെ ചേർത്ത് വായിക്കുന്ന പേരാണ് അച്ഛന്റേതു. ആ പേരിൽ നമ്മൾ അഭിമാനം കൊണ്ടിട്ടുമുണ്ടാവും പല സാഹചര്യങ്ങളിൽ ; മംഗലശ്ശേരി നീലകണ്ഠനെ ഒക്കെ  പോലെ. അച്ഛന്റെ പേര്, അല്ലെങ്കിൽ കുടുംബപ്പേര് അതും അല്ലെങ്കിൽ അച്ഛന്റെ ജോലി, അച്ഛന്റെ അച്ഛന്റെ മാഹാത്മ്യം അതിലൊക്കെയാണ് നമ്മൾ ആദ്യം ഗമ കാണിക്കാൻ തുടങ്ങുക. “ന്റെ ഉപ്പുപ്പാക്കൊരു ആനയിണ്ടാർന്നു” എന്ന് ബഷീർ സാഹിബ് പറഞ്ഞ പോലെ!

ഉമ്മറത്ത് അച്ഛൻ ഇരിക്കുന്നുണ്ടേ, അച്ഛൻ കേട്ടാ ചീത്ത പറയുമേ, അച്ഛൻ ഒന്ന് വന്നോട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്, അച്ഛനെ ശല്യപ്പെടുത്തണ്ട, ഇതിനും അച്ഛനെ ബുദ്ധിമുട്ടിക്കണോ … ഇതൊക്കെ  പലപ്പോഴെങ്കിലും നമ്മടെ വീടുകളിൽ കേട്ടിട്ടുള്ള ഡയലോഗുകൾ ആയിരിക്കും. മനുഷ്യ ബന്ധങ്ങൾ സങ്കീർണമാണ്, ഓരോ കുഞ്ഞിനും അവന്റെ/അവളുടെ അച്ഛനോടുള്ള ബന്ധവും വ്യത്യസ്തമാണ്. നമ്മുടെ ബന്ധങ്ങളിൽ ഓരോ സമയത്തു  നമ്മളറിയാതെ തന്നെ പല ഭാവഭേദങ്ങളും വരും. അച്ഛനെ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ മാത്രം അനുവാദമുള്ള  ഒരു കാലഘട്ടം ഉണ്ടായിരുന്നു, ഇതിനർത്ഥം സ്നേഹം ഇല്ലായിരുന്നു എന്നല്ല. ഗൃഹനാഥൻ ആയതോണ്ട് തന്നെ ഒരു കുടുംബത്തിന്റെ മുഴുവൻ ചുമതലയും വഹിച്ചിരുന്ന അച്ഛനോട് ആവശ്യങ്ങൾ പറയുവാൻ മടിയും പ്രയാസവും, എന്തും അമ്മ വഴി മാത്രം അച്ഛൻ അറിഞ്ഞിരുന്നതും ഒക്കെ ആയ ഒരു കാലം. എന്നാൽ ഇപ്പോ കൂടുതലും സ്നേഹത്തിനും ബഹുമാനത്തിനും കൂടെ സൗഹൃദത്തിന് ആണ് മിക്ക കുടുംബങ്ങളിലും  ബന്ധങ്ങളിലും മുൻ‌തൂക്കം. എന്തും തുറന്നു പറയാൻ പറ്റുമ്പോഴുള്ള ഒരു സുഖം അത് വേറെ തന്നെയാ ല്ലേ ? 

 മലയാള സിനിമയിലും ഒരുപാട് നല്ല കുടുംബചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്, അച്ഛൻ കഥാപാത്രങ്ങളിൽ നിറഞ്ഞു നിന്നവരാണ് തിലകൻ, നെടുമുടി വേണു, അങ്ങനെ ഒരുപാട് പേർ.  ജീവിതവിജയത്തിന് കണക്കു അത്യന്താപേക്ഷിതമായി കണ്ട സ്ഫടികത്തിലെ ചാക്കോ  മാഷും, എന്നാൽ മകൻ തന്നെക്കാൾ മിടുക്കനാണെന്നു മനസ്സിലായിട്ടും ഒടുവിൽ ഇല്ലാതാക്കേണ്ടി വന്ന പെരുംതച്ചനെയും അദ്ദേഹം മലയാളിക്ക് കാണിച്ചു തന്നു. “കത്തി താഴെ ഇടെടാ, നിന്റെയച്ഛനാടാ പറയുന്നേ’ എന്ന് പറയുന്ന  അച്ഛനെയും (തിലകൻ)  സേതുമാധവനെയും (മോഹൻലാൽ)  ഇന്നും കണ്ടാൽ കണ്ണിൽ ഈറനണിയാത്തവർ ചുരുക്കമാണ്. മകളെ അംഗീകരിക്കാൻ പാടുപെടുന്ന ജസ്റ്റിസ് പിള്ളയായി ചിരിയുടെ കിലുക്കവുമായി അദ്ദേഹം വേറെയും വന്നു. ഒരു ഇത്തിരി കയ്യിലിരിപ്പും ഒരുപാട് തമാശയും ഒക്കെ പറയുന്ന ചില ചില്ലറ വേലകൾ ഒപ്പിക്കുന്ന അച്ഛൻ വേഷങ്ങളിൽ നെടുമുടി വേണുവിനെയും മലയാളികൾ കണ്ടിട്ടുണ്ട്. സൗഹൃദം ഇണക്കി ചേർത്ത ഇഷ്ടത്തിലെ കൃഷ്ണൻ കുട്ടി മേനോനും (നെടുമുടി വേണു) പവിയും (ദിലീപ്) പോലെ. പറയാൻ ഒരുപാട് ഉണ്ട് , എങ്കിലും ചില വേഷങ്ങളെ പറയാതിരിക്കാൻ വയ്യ, ലേലത്തിലെ ഈപ്പൻ (സോമൻ), പാഥേയത്തിലെ ചന്ദ്രകാന്ത്, ദി ഗ്രേറ്റ് ഫാദർ  (മമ്മൂട്ടി), തന്മാത്രയിലെ രമേശൻ നായർ, ദൃശ്യത്തിലെ ജോർജ് കുട്ടി (മോഹൻലാൽ), ഇരട്ടക്കുട്ടികളുടെ അച്ഛൻ, എന്റെ വീട് അപ്പൂന്റേം (ജയറാം)..അങ്ങനെ അങ്ങനെ ലിസ്റ്റ് ഇനിം നീളും, തത്കാലം കോളംത്തിൽ കൊള്ളുന്നത് മാത്രം കുറിക്കുന്നുവെന്നു മാത്രം.  തട്ടത്തിൻ മറയത്തിലെ അബ്ദു റഹിമാനെ (ശ്രീനിവാസൻ) പോലെയും, ഓം ശാന്തി ഓശാനയിലെ ഡോ. മാത്യൂ ദേവസ്യയെ (രഞ്ജി പണിക്കർ)  പോലെയും, ഇഷ്ടങ്ങളൊക്കെ സാധിച്ചു കൊടുത്തും, അല്ലെങ്കിൽ നിസ്സഹായത്തോടെയും, ഒക്കെ  മക്കളെ വളർത്തുന്ന അച്ചന്മാർ നമുക്ക് ചുറ്റുമില്ലേ ?    

ഓ, പിന്നെ!  സിനിമയാണോ ജീവിതം എന്ന് ചോദിച്ചേക്കാം,  അല്ല പക്ഷെ ജീവിതങ്ങളാണ് പലപ്പോഴും സിനിമയാവാറുള്ളത്. സംവിധായകരും അഭിനേതാക്കളും കഥ എഴുതുന്നവരും ഒക്കെ  കണ്ടോ അറിഞ്ഞോ അല്ലെങ്കിൽ കേട്ടോ ഒക്കെ മനസിലാക്കിയ പല അനുഭവങ്ങളാണ് വെള്ളിത്തിരയിൽ നമുക്ക് മുന്നിൽ എത്തിയിട്ടുള്ളത്. സിനിമയിൽ പോലും ഇത്രേം ക്രൂരത കാണുമോ എന്ന് ഈ ഇടയ്ക്കു കൂടി ഉത്രയുടെ കാര്യത്തിൽ നമ്മൾ ചിന്തിച്ചു പോയതാണ്.  പ്രായമേതായാലും പെൺകുട്ടികൾ ഉള്ള വീട്ടിൽ മിക്കതും ഇന്നും  അച്ഛനുറങ്ങാത്ത വീടുകളാണ് എന്ന കാര്യത്തിൽ സംശയമില്ല. കടലോളം വാത്സല്യം താരാട്ടായ് തന്നും, ഉള്ളിന്നുള്ളിൽ അക്ഷര പൂട്ടുകൾ തുറന്നു തന്നും, കുഞ്ഞിക്കാലടി തെറ്റുമ്പോ കൈതന്നു കൂടെ നിന്നും, കണ്ണായിരമായി കരളായിരമായി, ഋതുക്കൾ പണിഞ്ഞു തന്ന ഈ ഭൂമിയിലെ സ്വർഗത്തിൽ നമ്മുടെ അച്ചന്മാർ നമുക്കു ചുറ്റുമുണ്ട് ഇന്നും.     

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ട് എന്ന് പറയുന്നവരാണ് നമ്മൾ മലയാളികൾ. അച്ഛനേം അമ്മയേം ഒന്നും ഓർക്കാൻ നമുക്കൊരു ദിവസം ആവശ്യമില്ല എന്ന് വാദിക്കാം. ശരി, സമ്മതിക്കുന്നു , പക്ഷെ അങ്ങനെ എന്നും ഓർക്കാനോ വിളിക്കാനോ പറ്റാത്തവർ ഇനി തൊട്ട് അതിനു വേണ്ടി കുറച്ചു സമയം  മാറ്റി വക്കാൻ  ശ്രമിക്കുവാൻ തുടങ്ങുന്ന ഒരു ദിവസമാക്കികൂടെ ഈ വരുന്ന ദിവസം തൊട്ടു? അർത്ഥമില്ലാത്ത ഫേസ്ബുക് പോസ്റ്റിൽ ഒതുങ്ങാതെ നമ്മുടെ മനസാക്ഷിയെ മാത്രം ബോധിപ്പിക്കാൻ ഉള്ള നല്ല ഒരു ഓർമപ്പെടുത്തലാവട്ടെ ഇങ്ങനെയുള്ള ഓരോ ദിവസങ്ങളും.  എത്രയൊക്കെ ഡിഷ്യും ഡിഷ്യും ആയാലും ഒടുക്കം “കേറി വാടാ മക്കളെ” എന്ന് പറയാനേ സ്നേഹമുള്ള ഏതു അഞ്ഞൂറാനും പറ്റൂ. നമുക്കും മനസ്സറിഞ്ഞു പറയാം  “സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം!”  

റോഷ്‌നിഅജീഷ് 

https://bit.ly/2BlzlKe

Next Post

സഫാരി 'വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്' സമ്മാന പദ്ധതി; മൂന്ന് നറുക്കെടുപ്പുകളിലെ വിജയികളെ തെരഞ്ഞെടുത്തു

Sat Jun 20 , 2020
ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ സഫാരിയുടെ ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ് പൊമോഷന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നറുക്കെടുപ്പുകള്‍ ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ വെച്ച്‌ ബുധനാഴ്ച നടന്നു. ഏപ്രില്‍ 15ന് നടക്കേണ്ടിയിരുന്ന ഒന്നാമത്തെ നറുക്കെടുപ്പും മെയ് 27ന് നടക്കേണ്ടിയിരുന്ന രണ്ടാമത്തെ നറുക്കെടുപ്പും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഷാര്‍ജ ഇക്കണോമിക് ഡിപ്പാര്‍ട്മെന്റിന്റെ നിര്‍ദേശ പ്രകാരം മാറ്റിവെയ്ക്കുകയായിരുന്നു. ജൂണ്‍ 17ന് നടക്കേണ്ടിയിരുന്ന മൂന്നാമത്തെ നറുക്കെടുപ്പിനൊപ്പം മാറ്റിവെച്ച രണ്ട് നറുക്കെടുപ്പുകളും […]

You May Like

Breaking News