ബ്രേക്കിംഗ്: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ട് വിമാനം: ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി; അനുകൂല പ്രതികരണം പ്രതീക്ഷിച്ച് ബ്രിട്ടീഷ് മലയാളികള്‍ !

ലണ്ടന്‍ : വന്ദേഭാരത്‌ മിഷന്‍ വഴി ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ട് വിമാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. യുകെയിലെ സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. ഷൈമ അമ്മാള്‍, യുകെയിലെ മലയാളി വ്യവസായിയും KSU മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഷംജിത്ത് എറത്താലി എന്നിവര്‍ മുന്‍കൈ എടുത്ത് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ജൂണ്‍ 29ന് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധമായ തീരുമാനം കേരള ഹൈക്കോടതിയെ അറിയിക്കും. 29ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വന്ദേഭാരത്‌ മിഷന്‍റെ പുതിയ ലിസ്റ്റില്‍ ലണ്ടന്‍- കൊച്ചി റൂട്ട് കൂടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ മലയാളികള്‍.

ഇപ്പോള്‍ ലണ്ടനില്‍ നിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് മാത്രമാണ് നേരിട്ടുള്ള വിമാന സര്‍വീസ് ഉള്ളത്. കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവര്‍ ഡല്‍ഹിയില്‍ രണ്ടാഴ്ച സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലുകളില്‍ കോറന്‍റ്റയ്ന്‍ ചെയ്യണമെന്നാണ് നിര്‍ദേശം.ഈ ഹോട്ടലുകള്‍ വന്‍ തുകയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതെന്നു പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. അത് പോലെ ഡല്‍ഹിയില്‍ കൊറോണ ബാധ ഏറ്റവും മോശമായ രീതിയില്‍ ആണ് ഇപ്പോഴുള്ളത്. രോഗികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ഒന്നും ഇവിടെ ലഭ്യവുമല്ല. ഇക്കാരണങ്ങള്‍ കൊണ്ട് നൂറു കണക്കിന് മലയാളികള്‍ യാത്ര ഉപേക്ഷിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഫീഡിംഗ് ഫ്ലൈറ്റ് വഴി കൊച്ചിയില്‍ പോകുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കോരന്‍റ്റയ്ന്‍ ആവശ്യമില്ലാത്തത്. എന്നാല്‍ വളരെ ചുരുക്കം പേര്‍ക്കാണ് ഫീഡിംഗ് ഫ്ലൈറ്റില്‍ സീറ്റ് ലഭിക്കുകയെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.

രോഗികളും വൃദ്ധരും അടക്കം യുകെയില്‍ നിന്നും വരുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ അനാവശ്യമായി ഡല്‍ഹിയില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇപ്പോളുള്ളത്. അതെ സമയം വന്ദേഭാരത്‌ മിഷന്‍ വഴി വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുമുണ്ട്. ഈ മാതൃകയില്‍ ലണ്ടനില്‍ നിന്നും നേരിട്ട് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തണമെന്ന ആവശ്യമാണ്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യാത്രക്കാരോട് ഫ്ളൈ ദുബൈയിക്ക് പറയാനുള്ളത്

Fri Jun 26 , 2020
ദുബൈ| ദുബൈയുടെ ബജറ്റ് എയര്‍ലൈനര്‍, ഫ്ളൈ ദുബൈ യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പൗരന്മാര്‍ക്കും താമസവിസക്കാര്‍ക്കും ഒരേപോലെ ഇത് ബാധകം. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ദുബൈയിലേക്ക് കൊണ്ടുവരാന്‍ പ്രയാസമില്ലെന്നും മാര്‍ഗനിര്‍ദേശം ചൂണ്ടിക്കാട്ടി. ദുബൈയിലേക്ക് ഉറ്റവരെ കൊണ്ട് വരുമ്ബോള്‍ വിസ ആവശ്യകതകള്‍ ആദ്യം പരിശോധിക്കുക.അവ കൊവിഡ് -19 ന് മുമ്ബുള്ള അവസ്ഥക്ക് സമാനമാണ്. 47 രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സൗകര്യവും ഇതില്‍ ഉള്‍പ്പെടുന്നു.ആരോഗ്യ പരിരക്ഷക്കു അന്താരാഷ്ട്ര യാത്രാ ഇന്‍ഷുറന്‍സ് […]

Breaking News